ന്യൂസ് അപ്ഡേറ്റ്സ്

വിപ്ലവ കവി ഗദ്ദര്‍ രാഹുല്‍ ഗാന്ധിയെ കണ്ടു; ഇനി ‘ഖദര്‍’?

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗദ്ദര്‍ നടത്തിയത്. ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണം സംസ്ഥാനത്ത് ഫ്യൂഡലിസം തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് എന്ന് ഗദ്ദര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തെലുങ്ക് വിപ്ലവ കവി ഗദ്ദര്‍ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. എഐസിസി സെക്രട്ടറി മധു യഷ്‌കിയോടൊപ്പമാണ് ഗദ്ദര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാഹുലിനെ കണ്ടത്. മകന്‍ സൂര്യകിരണിന് വേണ്ടി തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് ചോദിക്കാനാണ് ഗദ്ദര്‍ രാഹുലിനെ കണ്ടത് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗദ്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. ഭാര്യയും മകനും ഗദ്ദറിനൊപ്പമുണ്ട്. ബെല്ലാംപള്ളി സീറ്റാണ് സൂര്യകിരണ്‍ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. തന്റെ മറ്റ് രണ്ട് അനുയായികള്‍ക്കും ഗദ്ദര്‍ സീറ്റ് തേടുന്നുണ്ട്. നേരത്തെ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഗദ്ദര്‍ പറഞ്ഞിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥി ഗുണ്ട മല്ലേഷിനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയേയും ഗദ്ദര്‍ കാണും.

തെലങ്കാനയിലെ മഹാകുടമി, സിന്‍ഗനേരി മേഖലകളില്‍ ഗദ്ദര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തെരുവില്‍ ആവേശം നിറച്ചിരുന്ന തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന വിപ്ലവ കവിയുടെ പ്രചാരണം കോണ്‍ഗ്രസിന് ഏത് തരത്തിലായിരിക്കും ഗുണം ചെയ്യുക എന്ന കൗതുകം രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. 11ന് ഫല പ്രഖ്യാപനം. ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേത്തും. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതിയും (ടിആര്‍എസ്) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗദ്ദര്‍ നടത്തിയത്. ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണം സംസ്ഥാനത്ത് ഫ്യൂഡലിസം തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് എന്ന് ഗദ്ദര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിതനെ മുഖ്യമന്ത്രിയാക്കും എന്നതുള്‍പ്പടെ 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളൊന്നും ടിആര്‍എസ് പാലിച്ചില്ലെന്ന് ഗദ്ദര്‍ കുറ്റപ്പെടുത്തി. അതേസമയം താന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഗദ്ദര്‍ പറയുന്നത്. ആദ്യം നക്‌സല്‍ അനുഭാവിയും പിന്നീട് സിപിഐ മാവോയിസ്റ്റ് അനുഭാവിയും നിരീശ്വരവാദിയുമായിരുന്ന ഗദ്ദര്‍, ക്ഷേത്രത്തില്‍ പൂജ നടത്തിയത് ശ്രദ്ധേയമായിരുന്നു.

വിപ്ലവഗായകന്റെ ആത്മീയ വെളിപാടുകള്‍: ഗദ്ദറിന്റെ പരിവര്‍ത്തനം

സായുധ വിപ്ലവം ഉപേക്ഷിച്ചു, ഗദ്ദറിന് ഇനി വേണ്ടത് ആത്മീയ വിപ്ലവം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍