ന്യൂസ് അപ്ഡേറ്റ്സ്

മിഠായിത്തെരുവില്‍ കടകള്‍ തകര്‍ത്ത അക്രമികളെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിയും; നഷ്ടപരിഹാരം ഈടാക്കും; അടപ്പിച്ച കടകള്‍ തുറന്നു

പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

ഹര്‍ത്താല്‍ വിരുദ്ധ നിലപാടിന്റെ ഭാഗമായി കടകള്‍ തുറന്നു പ്രവര്‍ത്തിച്ച മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന തീരുമാനത്തെത്തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ള സംഘടനകളുടെ ഭാരവാഹികള്‍ ഇന്ന് രാവിലെ പത്തു മണിയോടെ കടകള്‍ തുറന്നിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സുക്ഷയൊരുക്കിയ സാഹചര്യത്തിലായിരുന്നു മിഠായിത്തെരുവിലെ മുന്നൂറോളം കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

എന്നാല്‍ അല്പസമയത്തിനകം സ്ഥലത്തെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ തുറന്ന കടകള്‍ അടിച്ചുതകര്‍ക്കുകയും ഭീഷണിപ്പെടുത്തി അടപ്പിക്കുകയുമായിരുന്നു. നിരവധി കടകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടകള്‍ അടപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മിഠായിത്തെരുവ് ജില്ലാ കലക്ടര്‍ സന്ദര്‍ശിക്കുകയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തതായി വ്യാപാരികള്‍ പറഞ്ഞു. അക്രമി സംഘത്തെ പൊലീസ് സ്ഥലത്തു നിന്നും നീക്കുകയും തുടര്‍ന്ന് അടപ്പിച്ച കടകള്‍ വീണ്ടും തുറക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളെല്ലാം മിഠായിത്തെരുവില്‍ത്തന്നെയുണ്ടെന്നും എല്ലാവും കടകള്‍ വീണ്ടും തുറക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.

കടകള്‍ക്ക് വരുത്തിയ നാശനഷ്ടത്തിന്റെ കണക്കുകള്‍ എടുത്ത ശേഷം നഷ്ടപരിഹാരം അക്രമികളില്‍ നിന്നും ഈടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കലക്ടറടക്കമുള്ള അധികൃതര്‍ വാക്കു തന്നിട്ടുള്ളതായും ഇവര്‍ പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ തിരിച്ചറിയും. കൊയന്‍കോ ബസാര്‍ അടക്കമുള്ളയിടങ്ങളില്‍ കടകള്‍ വീണ്ടും തുറന്നു തുടങ്ങുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യത്തിന് പൊലീസും സ്ഥലത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്.

96 സംഘടനകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഹര്‍ത്താല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബസ്സ് ഓണേഴ്‌സ് അസോസിയേഷനും ഈ നീക്കത്തില്‍ പങ്കുചേര്‍ന്ന് ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ജില്ലയിലൊരിടത്തും സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ജില്ലയില്‍ പലയിടത്തും സംഘര്‍ഷങ്ങളും അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമത്തെത്തുടര്‍ന്ന് മിഠായിത്തെരുവൊഴികെ നഗരത്തിലെ മറ്റിടങ്ങളിലൊന്നും കടകള്‍ വ്യാപകമായി തുറന്നിട്ടുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍