ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഭരണഘടനാവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ വാദവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നും ആവശ്യമെങ്കില്‍ സുപ്രീം കോടതി മേല്‍നോട്ട സമിതിയെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.
ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി നാളെ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം എന്നാണ് പറയുന്നത്. നിരോധനാജ്ഞ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മിറ്റി ഇടപെടില്ല. ജസ്റ്റിസ് പിആര്‍ രാമന്, ജസ്റ്റിസ് എസ് സിരിജഗന്, ഡിജിപി എ ഹേമചന്ദ്രന് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.