ന്യൂസ് അപ്ഡേറ്റ്സ്

“ഞാന്‍ തന്ത്രിയെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അത് ശരിയാണ്”: മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

തന്ത്രിയെന്ന വിളിച്ചെന്നല്ല, തന്ത്രി കുടുംബത്തിലെ ആരെയെങ്കിലും വിളിച്ചു എന്നായിരിക്കാം താന്‍ പറഞ്ഞത് എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല തന്ത്രിക്ക് ക്ഷേത്രനട അടച്ചിടാനുള്ള ഉപദേശം നല്‍കിയത് താനാണെന്നും തന്ത്രിയുമായി സംസാരിച്ചെന്നും പറഞ്ഞതില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. താന്‍ തന്ത്രിയെ വിളിച്ചിട്ടില്ലെന്നാണ് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതെങ്കില്‍ അതാണ് ശരിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തന്ത്രിയെന്ന വിളിച്ചെന്നല്ല, തന്ത്രി കുടുംബത്തിലെ ആരെയെങ്കിലും വിളിച്ചു എന്നായിരിക്കാം താന്‍ പറഞ്ഞത് എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ച പരിപാടിയിലാണ് ശ്രീധരന്‍ പിള്ള താന്‍ ശബരിമല പ്രശ്‌നത്തില്‍ നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്.

ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധം ശക്തമാവുകയും സര്‍ക്കാര്‍ ഉറച്ച നിലപാടുമായി മുന്നോട്ട് പോവുകയും ചെയ്ത സാഹചര്യത്തിലാണ് നട അടച്ചിടുമെന്ന് തന്ത്രി ഭീഷണി മുന്നറിയിപ്പ് നല്‍കിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരുമായി ഇത് സംബന്ധിച്ച് വാദപ്രതിവാദമുണ്ടാവുകയും ചെയ്തു. തന്ത്രി തന്നെ വിളിച്ച് ഉപദേശം തേടിയിരുന്നതായും താനാണ് നട അടച്ചിടാന്‍ ഉപദേശിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

കോടതിയലക്ഷ്യം സംബന്ധിച്ച തന്ത്രിയുടെ ആശങ്ക താന്‍ പരിഹരിച്ചതായും ശ്രീധരന്‍ പിള്ള പ്രസംഗിച്ചിരുന്നു. “ഓരോരുത്തരായി നമ്മള്‍ വച്ച അജണ്ടയില്‍ വന്നുവീണു” എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും തന്ത്രിയുമായി സംസാരിച്ചതായി ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിള്ളയുമായി ഒരു കാര്യവും താന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട് ഉപദേശമൊന്നും തേടിയിട്ടില്ലെന്നുമാണ് കണ്ഠര് രാജീവര് പ്രതികരിച്ചത്. ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു.

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

“ഓരോരുത്തരായി നമ്മൾ വെച്ച അജണ്ടയിൽ വന്നു വീണു”: തന്ത്രി തന്നെ വിളിച്ചെന്ന് പറയുന്ന ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന്റെ ഓഡിയോ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍