Top

അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരേയും വീട്ടുതടങ്കലില്‍ നിര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവ്

അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരേയും വീട്ടുതടങ്കലില്‍ നിര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവ്
ഇന്നലെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരേയും സെപ്റ്റംബര്‍ ആറ് വരെ അവരവരുടെ വീടുകളില്‍ തന്നെ തടവില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഇവരെ ജയിലില്‍ അടക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഇവരെ വിട്ടയയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.

മഹാരാഷ്ട്രയിലെ ഭീമ കോറിഗാവ് സംഘര്‍ഷത്തിന് പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ പൂനെ പൊലീസ് കേസെടുത്തതും അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തതും. ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമാണുള്ളതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട് വരുകയായിരുന്നുവെന്നും 35 കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായുമെല്ലാം പൊലീസ് ആരോപിക്കുന്നു. പൊലീസ് നടപടിക്കെതിരെ ചരിത്രകാരി റോമില ഥാപ്പര്‍, ഇടതുപക്ഷ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക് തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വാദം കേട്ടത്.

ഫരീദാബാദിലും ഡല്‍ഹിയിലും വീട്ടുതടങ്കലിലാക്കിയിരുന്ന സുധ ഭരധ്വാജിനേയും ഗൌതം നഖ്വലെയും അടക്കമുള്ളവരെ പൂനെയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് അനുമതി തേടിയെങ്കിലും കോടതി ഇത് അനുവദിച്ചില്ല. അറസ്റ്റിന് എതിരെ റൊമില ഥാപ്പർ അടക്കമുള്ളവർ നൽകിയ ഹർജിയിൽ സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു. സെപ്റ്റംബർ 5നകം മറുപടി നൽകാൻ കോടതി ഉത്തരവിട്ടു. വിയോജിപ്പ് എന്നത് ജനാധിപത്യത്തിന്റെ സേഫ്റ്റി വാൽവ് ആണ്. സേഫ്റ്റി വാൽവ് ഇല്ലെങ്കിൽ പ്രെഷർ കുക്കർ പൊട്ടിത്തെറിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

റൊമിലെ ഥാപ്പർ, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ, ദേവകി ജെയിൻ, മജ ദരുവാല എന്നിവർ ആണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. രാജീവ് ധവാന്‍, അഭിഷേക് മനു സിംഗ്‌വി, ഇന്ദിര ജയ്‌സിംഗ്, പ്രശാന്ത് ഭൂഷൺ എന്നിവർ ഹർജിക്കാർക്ക് വേണ്ടി ഹാജരായി. ഗൌതം നഖ്വാലയുടെ അറസ്റ്റും സാകേത് കോടതി നല്‍കിയ ട്രാന്‍സിറ്റ് വാറണ്ടും ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയമായിരുന്നു.

വരാവര റാവുവിനേയും വെര്‍ണന്‍ ഗോണ്‍സാല്‍വസിനേയും അരുണ്‍ ഫെരേരയേയും പൂനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ക്കെതിരെ വ്യാജ കേസ് കെട്ടിച്ചമച്ചിരിക്കുകയാണെന്ന് കോടതിക്ക് പുറത്ത് വെര്‍ണന്‍ ഗോണ്‍സാല്‍വസ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംഭാജി ഭിഡെയേയും മിലിന്ദ് ഏക്‌ബോതെയേയും രക്ഷിക്കാനുള്ള കേസാണ് (സംഘപരിവാര്‍ നേതാക്കളായ ഇരുവരും ആര്‍എസ്എസുമായി ബന്ധപ്പെട്ടവരും ഭീമ കോറിഗാവില്‍ മറാത്തകള്‍ ദലിതര്‍ക്കെതിരെ അഴിച്ചുവിട്ട അക്രമത്തിന്റെ സൂത്രധാരന്മാര്‍ എന്ന ആരോപണം നേരിടുന്നവരുമാണ്. ഏക്‌ബൊതെ ഇതിനിടെ അറസ്റ്റിലായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായടക്കം വ്യക്തിപരമായ അടുപ്പമുള്ള ഭിഡെയെ പൊലീസ് ഇതുവരെ തൊട്ടിട്ടില്ല). ജൂണില്‍ റോണ വില്‍സണ്‍ അടക്കം അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് യുഎപിഎ പ്രകാരം കേടുത്ത് ജയിലില്‍ അടച്ചെങ്കിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടിയും നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടും മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടതായും ഇതില്‍ ആക്ടിവിസ്റ്റുകള്‍ പങ്കാളികളാണെന്നും പൂനെ പൊലീസ് ആരോപിച്ചിരുന്നു.

Next Story

Related Stories