“16 ദിവസമായി, എന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കുകയാണ്”: ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യ

രാഷ്ട്രീയ നേതൃത്വം പ്രതികളെ രക്ഷിക്കുകയാണ് എന്ന് സുബോധ് കുമാര്‍ സിംഗിന്റെ മകന്‍ അഭിഷേക് സിംഗും ആരോപിച്ചു. യോഗേഷ് രാജിന്റെ അറസ്റ്റ് വൈകുന്നതിന് കാരണമിതാണ് എന്ന് അഭിഷേക് സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടിട്ട് 16 ദിവസമായിട്ടും കുറ്റവാളികളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ സ്വതന്ത്രരായി നടക്കുകയാണെന്നും ഭാര്യ രജിനി സിംഗ്. പ്രധാന പ്രതിയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തെ അപകടമരണമാക്കാന്‍ നോക്കുകയാണ് സര്‍ക്കാര്‍. ഹൃദയാഘാതം മൂലമാണ് മരിച്ചത് അവര്‍ പ്രചരിപ്പിക്കുന്നു. രജിനി സിംഗ് എന്‍ഡിടിവിയോട് പറഞ്ഞു.

ഒരു ആര്‍മി ജവാന്‍ അടക്കം 18 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജ് ആണ് കേസിലെ മുഖ്യപ്രതി. പശുവധം ആരോപിച്ചാണ് ബുലന്ദ്ഷഹറില്‍ ബജ്രംഗ്ദളിന്റെ നേതൃത്വത്തില്‍ അക്രമമഴിച്ചുവിട്ടതും പൊലീസുകാരനേയും മറ്റൊരു യുവാവിനേയും കൊലപ്പെടുത്തിയതും. ബിജെപി – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ ദാദ്രിയിലെ ആള്‍ക്കൂട്ട കൊല കേസ് അന്വേഷിച്ചതിന്റെ പേരിലാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടതെന്ന് സഹോദരി സുനിത സിംഗ് നേരത്തെ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ഗോവധ പരാതിയിലെ അന്വേഷണത്തിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചിരുന്നത്. ഇന്‍സ്‌പെക്ടറുടെ മരണം അപകടമാണെന്ന യോഗിയുടെ പ്രസ്താവന വിവാദമായിരുന്നു. യോഗിജിയെ കണ്ട് ഞാന്‍ എന്റെ വിഷമവും വേദനയും അറിയിച്ചു. എന്റെ ഭര്‍ത്താവിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ കൊലയാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്. എന്തുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്യാത്തത് എന്നാണ് എനിക്ക് യോഗിജിയോട് ചോദിക്കാനുള്ളത് – രജിനി സിംഗ് പറയുന്നു.

യോഗേഷ് രാജ് താന്‍ നിരപരാധിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇപ്പോളും സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കേസിലെ മറ്റൊരു പ്രതിയായ പ്രാദേശിക ബിജെപി നേതാവ് ശിഖര്‍ അഗര്‍വാളും സമാനമായ തരത്തില്‍ വീഡിയോകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പൊലീസ് ഇവരെ പിടിച്ചിട്ടില്ല. സത്യം പറയാന്‍ ആരുമില്ല. കേസിലെ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും രജിനി ആരോപിച്ചു. രാഷ്ട്രീയ നേതൃത്വം പ്രതികളെ രക്ഷിക്കുകയാണ് എന്ന് സുബോധ് കുമാര്‍ സിംഗിന്റെ മകന്‍ അഭിഷേക് സിംഗും ആരോപിച്ചു. യോഗേഷ് രാജിന്റെ അറസ്റ്റ് വൈകുന്നതിന് കാരണമിതാണ് എന്ന് അഭിഷേക് സിംഗ് പറഞ്ഞു.

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

യുപിയിലെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ മുഖ്യപത്രിയായ യോഗേഷ് രാജ് ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍