ന്യൂസ് അപ്ഡേറ്റ്സ്

ജസ്ന എവിടെ? ദുരൂഹത തുടരുന്നു; അന്വേഷണ സംഘം ബംഗലൂരുവില്‍ നിന്നും മടങ്ങി

സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ ആശ്വാസഭവനില്‍ എത്തിയത് ജസ്‌ന അല്ല എന്ന നിഗമനത്തിലാണ് പോലീസ്

ജസ്‌നയെ കണ്ടെത്താനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ആറ് ദിവസങ്ങളായി അന്വേഷണം തുടരുകയാണ്. ജസ്‌ന എവിടെയാണ് എന്നത് സംബന്ധിച്ച് ഇതേവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. ഇതിനിടെ ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള പോലീസ്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. ജസ്‌നയെ അന്വേഷിച്ച് കര്‍ണാടകയിലേക്ക് പോയ പോലീസ് സംഘം അന്വേഷണം അവസാനിപ്പിച്ച് മടങ്ങി.

ബംഗലൂരുവിലെ ആശ്വാസ ഭവനില്‍ ജസ്‌ന ഒരു സുഹൃത്തിനൊപ്പം ചെന്നതായും പിന്നീട് മൈസൂരിലേക്ക് പോയതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് സംഘങ്ങള്‍ കര്‍ണാടകയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ ആശ്വാസഭവനില്‍ എത്തിയത് ജസ്‌ന അല്ല എന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. ദൃശ്യങ്ങളിലുള്ളത് ജസ്‌നയല്ല എന്നത് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു. മടവാള എന്ന സ്ഥലത്തു നിന്ന് ജസ്‌നയുടെ സഹോദരി ജെസ്സിക്ക് രണ്ട് തവണ ഫോണ്‍ വന്നിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തിയെങ്കിലും അതില്‍ നിന്ന് കേസിനെ സഹായിക്കുന്ന തരത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ബംഗലുരുവിലും മൈസൂരിലും അന്വേഷണവും വിവരശേഖരണവും നടത്തിയെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല. ജസ്‌ന കര്‍ണാടകയില്‍ എത്തിയതിന് യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങിയത്.

അതെയസമയം അന്വേഷണം പോസിറ്റീവ് ആയി തന്നെ മുന്നോട്ട് പോവുകയാണെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ‘എല്ലാ സാധ്യതകളും ഉപയോഗിച്ച് അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്ന് പോലീസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള അന്വേഷണം നടത്തും. കേരളത്തിലും കുട്ടിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെല്ലാം നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.’

എന്നാല്‍ സുഹൃത്തുക്കള്‍ക്കിടയിലും കോളേജിലും മറ്റുമായി നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണറിയുന്നത്.

ജസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ അക്കാര്യം 9497990035 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

കഴിഞ്ഞ മാസം 22നാണ് ജസ്‌നയെ കാണാതാവുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ജസ്‌ന. പരീക്ഷക്ക് പഠിക്കാനായി അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് കാണാതാവുന്നത്. എരുമേലി ബസ് സ്റ്റാന്‍ഡില്‍ ജസ്‌നയെ കണ്ടവരുണ്ട്. മുണ്ടക്കയത്തേക്കുള്ള 9.30ന്റെ ബസ്സിലും ഇവരെ പലരും കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് ജസ്‌ന എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍