TopTop
Begin typing your search above and press return to search.

കനയ്യ കുമാര്‍ ബെഗുസാരായില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കും; ആര്‍ജെഡിയുടെ പിന്തുണ

കനയ്യ കുമാര്‍ ബെഗുസാരായില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കും; ആര്‍ജെഡിയുടെ പിന്തുണ
ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ പിന്തുണയോടെ സിപിഐ ടിക്കറ്റില്‍ കനയ്യ കുമാര്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കും. തന്റെ സ്വദേശം ഉള്‍പ്പെടുന്ന ബെഗുസാരായില്‍ നിന്നായിരിക്കും കനയ്യ ജനവിധി തേടുക. കോണ്‍ഗ്രസ്, മുന്‍ മുഖ്യമന്ത്രിയും ദലിത് നേതാവുമായ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം (എസ്), ജെഡിയു വിട്ട മുതിര്‍ന്ന നേതാവ് ശരദ് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, എന്‍സിപി എന്നിവ ഉള്‍പ്പെട്ടതാണ് സഖ്യം. ഇടതുപാര്‍ട്ടികള്‍ ഇവര്‍ക്കൊപ്പമാണ്. ലാലുപ്രസാദ് യാദവ് കനയ്യ മത്സരിക്കുന്നതിലുള്ള താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ പൊതുസ്ഥാനാര്‍ഥിയായി പിന്തുണക്കാന്‍ തയ്യാറാണ് എങ്കില്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കനയ്യ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബെഗുസാരായ് ജില്ലയിലെ ബറൂണി ബ്ലോക്കിലുള്ള ബിഹാത് ഗ്രാമത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും രാജ്യത്തെ ശ്രദ്ധേയനായ യുവ പൊതുപ്രവര്‍ത്തകനുമായ കനയ്യയുടെ വീട്. കനയ്യയുടെ അമ്മ മീന ദേവി അംഗന്‍വാടി ജീവനക്കാരിയാണ്. അച്ഛന്‍ ജയശങ്കര്‍ സിംഗ് ഒരു ചെറുകിട കര്‍ഷകനാണ്. നിലവില്‍ ബിജെപിയുടെ ഭോല സിംഗാണ് ഇവിടുത്തെ എംപി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഇവിടെ ആദ്യമായി ബിജെപി ജയിച്ചത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടിനാണ് ഭോല സിംഗ് തോല്‍പ്പിച്ചത്. മൂന്നാം സ്ഥാനത്ത് സിപിഐയുടെ രാജേന്ദ്ര പ്രസാദ് സിംഗ് ആയിരുന്നു.

Next Story

Related Stories