ന്യൂസ് അപ്ഡേറ്റ്സ്

കെഎം മാണി വഞ്ചകനും അവസരവാദിയുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബന്ധം വേര്‍പെടുത്താന്‍ മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ല.

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോണ്‍ഗ്രസ് (എം) പിടിച്ചതിന് പിന്നാലെ, കെഎം മാണി രാഷ്ട്രീയ വഞ്ചകനും അവസരവാദിയുമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. തിരഞ്ഞെടുപ്പില്‍ മാണി കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചനയാണ്. ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ക്ക് എങ്ങനെ ഇപ്പോഴത്തെ തീരുമാനം കൊണ്ട് ന്യായീകരിക്കാനാകുമെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചോദിച്ചു.

വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബന്ധം വേര്‍പെടുത്താന്‍ മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ല. മുഴുവന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ തീരുമാനത്തിന് എതിരാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടിനെക്കുറിച്ച് പറയാന്‍ വിഎസ് അച്യുതാനന്ദന്റെ നിലപാട് എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍

മാണി നെറികേടിന്റെ പര്യായം: കെ.മുരളീധരന്‍

കെഎം മാണി നെറികേടിന്റെ പര്യായമാണെന്ന് കെ മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഇന്ന് സിപിഎം പിന്തുണ തേടിയവര്‍ നാളെ നരേന്ദ്ര മോദിയുടെ പിന്തുണ തേടുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം. തോന്നുമ്പോള്‍ വന്നുപോകാനുള്ള വഴിയമ്പലമല്ല യുഡിഎഫ്. കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ് കെ മാണിയും ഇനി യുഡിഎഫിലുണ്ടാകില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മാണിയുടെ അറിവോടെ മകന്‍ നടത്തിയ കൊടുംചതി: ഹസന്‍

കെഎം മാണിയുടെ അറിവോടെ മകന്‍ ജോസ് കെ മാണി നടത്തിയ കൊടുംചതിയാണ് ഇതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അഭിപ്രായപ്പെട്ടു. ചതിയന്മാര്‍ ഞങ്ങളല്ല, ചതിക്കാനായിരുന്നുവെങ്കില്‍ ഇതിന് മുന്‍പേ ആകാമായിരുന്നു. നിരവധി അവസരങ്ങളുണ്ടായിരുന്നു.

സിപിഎമ്മിന്റേത് അവസരവാദമെന്ന് സിപിഐ ജില്ലാ നേതൃത്വം; പ്രാദേശിക നീക്കുപോക്കാകുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

സിപിഎം കാണിച്ചത് അവസരവാദമാണെന്ന് സിപിഐ ജില്ലാ നേതൃത്വം വിലയിരുത്തി. തീരുമാനം ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. അതേസമയം, കോട്ടയത്തേത് പ്രാദേശിക നീക്കുപോക്ക് മാത്രമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്യും. എല്‍ഡിഎഫിലേക്ക് ആളെകൂട്ടാനുള്ള ദല്ലാള്‍ പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കാസര്‍കോട് പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന നിലപാടാണ് സിപിഎം എടുത്തിരുന്നത്. സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍