UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയത്ത് സംഘർഷത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയ കാരള്‍ സംഘം വീട്ടിലേക്ക് മടങ്ങും; കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഏതാണ്ട് പത്ത് ദിവസങ്ങളായി പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അഞ്ച് കുടുംബങ്ങള്‍ ആണ് പള്ളിയിൽ താമസിച്ചു വരുന്നത്.

കോട്ടയം പാത്താമുട്ടത്തെ സംഘർഷം പരിഹരിക്കാൻ ധാരണയായി. ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്നു വീടുകളിലേക്കു മടങ്ങും. അതെ സമയം സംഘർഷത്തെ കുറിച്ചുള്ള അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിൽ തീരുമാനമായി.

ഏതാണ്ട് പത്ത് ദിവസങ്ങളായി പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ അഞ്ച് കുടുംബങ്ങള്‍ ആണ് പള്ളിയിൽ താമസിച്ചു വരുന്നത്. ഡിസംബര്‍ 23ന് കരോളിനിടെ അക്രമമുണ്ടായതിനെ തുടര്‍ന്ന് പള്ളിയില്‍ അഭയം തേടിയവരാണ് അഞ്ച് കുടുംബങ്ങള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ എട്ട് ദിവസമായിട്ടും ഇവര്‍ക്ക് പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.ഡിസംബര്‍ 23നാണ് സംഭവങ്ങളുടെ തുടക്കം. 23ന് രാത്രി കരോളിനിടെ ഒരു കൂട്ടം ആളുകള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ അതിക്രമങ്ങള്‍ നടത്തി. ശാരീരികമായും, ലൈംഗികമായും അതിക്രമമുണ്ടായെന്ന് സംഘത്തിലുള്‍പ്പെട്ട പെണ്‍കുട്ടികള്‍ പറയുന്നു.

നേരത്തെ കോട്ടയത്ത് കരോള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘർഷത്തില്‍ കലാശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേതൃത്വം കൊടുത്ത മാര്‍ച്ചിലാണ് സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തി വീശി.ആക്രമണത്തില്‍ പരിക്കേറ്റ പെൺകുട്ടികളും മാര്‍ച്ചില്‍ പങ്കെടുത്തു. സുരക്ഷ ഉറപ്പാക്കിയാല്‍ വീടുകളിലേക്ക് മടങ്ങാമെന്നാണ് കരോള്‍ സംഘം നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം പാത്താമുട്ടം പള്ളി സംഭവം സ്പോൺസർ ചെയ്തത് കോൺഗ്രസാണെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ.ആരോപിച്ചു. തികച്ചും പ്രദേശികമായ തർക്കങ്ങളുടെ പേരിലാണ് അക്രമം നടന്നത്. വിഷയം പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതാണ്. എന്നാൽ സ്ഥലം എംഎൽഎ കുടുംബങ്ങളെ സന്ദർശിച്ച ശേഷമാണ് ഡിവൈഎഫ്ഐ ഊരുവിലക്ക് എന്ന രീതിയിൽ പ്രചാരണം നടന്നതെന്നും വാസവൻ പറഞ്ഞു..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍