UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല; ശ്രദ്ധയില്‍ പെടുത്തുന്നതില്‍ നിന്ന് അഭിഭാഷകര്‍ പിന്മാറി

ഇത് മൂലം കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും തന്നെ ഡിജിപിയായി പുനര്‍നിയമനം നടത്താതിരിക്കുന്ന സര്‍ക്കാരിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ല. ഇക്കാര്യത്തില്‍ നിന്ന് അഭിഭാഷകര്‍ പിന്മാറുകയായിരുന്നു. ഇത് മൂലം കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല.

ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടും സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടും സുപ്രീംകോടതി വിധി വന്നത്. സെന്‍കുമാറിന് വേണ്ടി ഹാജരാവാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതി മുറിയില്‍ എത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം കേസ് പരാമര്‍ശിക്കുന്നതില്‍ നിന്ന് അപ്രതീക്ഷിതമായി അദ്ദേഹം പിന്മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്.

ഹർജിയിൽ സെൻകുമാർ ഉന്നയിക്കുന്നത്:

∙ തന്നെ സംസ്‌ഥാന പൊലീസ് മേധാവിയായി തിരികെ നിയമിക്കാൻ കഴിഞ്ഞ 24ന് നൽകിയ ഉത്തരവ് അന്നേദിവസം രാവിലെ 11.30നു സുപ്രീം കോടതിയുടെ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടും നിയമന ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല.

∙ താൻ ജൂൺ 30ന് വിരമിക്കുമെന്നതുകൂടി കണക്കിലെടുത്താണു സുപ്രീം കോടതി കേസ് വേഗത്തിൽ തീർപ്പാക്കിയത്. കേസിൽ വിജയിച്ചാൽ പ്രശ്‌നപരിഹാരം നേടാത്ത സ്‌ഥിതിയുണ്ടാവരുതെന്ന്‍ വാദത്തിനിടെ കോടതി വ്യക്‌തമാക്കിയതുമാണ്.

∙ താൻ 2015 മേയ് 22നാണ് പൊലീസ് മേധാവിയായി രണ്ട് വർഷത്തേക്ക് നിയമിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂൺ ഒന്നിന് തന്നെ നിയമവിരുദ്ധമായി പദവിയിൽ നിന്ന്‍ നീക്കി. പ്രകാശ് സിംഗ് കേസിൽ സുപ്രീം കോടതി നിർദേശിച്ച തത്വങ്ങളനുസരിച്ചാണെങ്കിൽ, വിരമിച്ച ശേഷവും നഷ്‌ടപ്പെട്ട കാലാവധിക്ക് അർഹതയുണ്ട്.

∙ കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ കാണിക്കുന്ന ബോധപൂർവമായ നടപടിയുടെ പേരിൽ കർശന നടപടിയെടുക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍