സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം. ഉപതിരഞ്ഞെടുപ്പ് നടന്ന 20ൽ 13 വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചു. ഇതില്‍ നാല് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. കണ്ണൂര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരമ്പരാഗത കോണ്‍ഗ്രസ് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി അട്ടിമറി വിജയം നേടി. ആറിടത്താണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാര്‍ഡ് ഇത്തവണ ബിജെപി നേടി.
കണ്ണൂര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നിലവിൽ യുഡിഎഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എല്‍ഡിഎഫ് 35 വോട്ടിനാണ് വിജയിച്ചത്. സിപിഎം മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ.അനിൽ കുമാറാണ് വിജയിച്ചത്. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ രാമകൃഷ്ണൻ 213 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തൃശ്ശൂര്‍ കയ്പമംഗലത്തെ തായ്നഗര്‍ വാര്‍ഡില്‍ യുഡിഎഫിലെ ജാന്‍സി 65 വോട്ടിന് ജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കകയായിരുന്നു. ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ അഞ്ചാം വാർഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ച വാര്‍ഡ് ആണിത്. 20 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ ബിജെപി ജയിച്ചു. കഴിഞ്ഞതവണ വിജയിച്ച യുഡിഎഫ് അംഗം ലൈല (കോണ്‍ഗ്രസ്) നേതൃത്വത്തോട് തെറ്റി രാജി വച്ചതോടെയാണ് ഉപതിരെഞ്ഞെടുപ്പ് ഉണ്ടായത്. 34 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.