തിരുവനന്തപുരത്ത് തങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛന് അശോകനും. കോടികള്‍ മുടക്കി പരസ്യം നല്‍കിയത് ഇത്തരത്തില്‍ തങ്ങളെ അപമാനിക്കുന്ന പോലെയാണെന്ന് മഹിജ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നിലപാടില്‍ ദുഖമുണ്ട്. സര്‍ക്കാര്‍ തങ്ങള്‍ക്കെതിരാണ് എന്ന തോന്നലുണ്ടാക്കുന്നതാണ് ഇത്തരം നടപടികളെന്ന് അശോകന് പ്രതികരിച്ചു. നീതി കിട്ടും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞു. മഹിജയുടേയും അവിഷ്ണയുടേയും അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.
ഇതിനിടെ പുറത്ത് നിന്ന് ആരെയും സമരത്തിലേയ്ക്ക് വിളിച്ചിട്ടില്ലെന്നും ബന്ധുക്കളായ 16 പേര് ഡിജിപിയെ കാണാനാണ് തീരുമാനിച്ചതെന്നും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് പറഞ്ഞു. ഷാജര്‍ ഖാനും ഭാര്യയും നേരത്തെ ഞങ്ങളെ ആശ്വസിപ്പിക്കാനായി വീട്ടില്‍ വന്നിട്ടുണ്ട്്. തിരുവനന്തപുരത്ത് വരുന്നതറിഞ്ഞ് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചിരുന്നു. ഡിജിപി ഓഫീസിനടുത്ത് താമസിക്കാന്‍ റൂം കിട്ടുമോ എന്ന് മാത്രമാണ് ചോദിച്ചത്. കെഎം ഷാജഹാനേയോ തോക്ക് സാമിയേയോ ഞങ്ങള്‍ക്ക് പരിചയമില്ല. ഞങ്ങള്‍ക്കെതിരെ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ശ്രീജിത്ത് ചോദിച്ചു.