TopTop
Begin typing your search above and press return to search.

യുപിയില്‍ ബിജെപിക്ക് 17 സീറ്റ് പോലും കിട്ടില്ല: മമത ബാനര്‍ജി

യുപിയില്‍ ബിജെപിക്ക് 17 സീറ്റ് പോലും കിട്ടില്ല: മമത ബാനര്‍ജി
ഉത്തര്‍പ്രദേശില്‍ ഇത്തവണ 17 സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്‍ഡിടിവിയുടെ പ്രണോയ് റോയിയോടാണ് മമത ബാനര്‍ജി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന് ഏഴ് മുതല്‍ എട്ട് വരെ സീറ്റ് കിട്ടാം. മായാവതിയും അഖിലേഷ് യാദവും വലിയ മുന്നേറ്റമുണ്ടാക്കുമെന്നും മമത ബാനര്‍ജി പ്രവചിച്ചു. 2014ല്‍ യുപിയില്‍ ആകെയുള്ള 80ല്‍ 73 സീറ്റും എന്‍ഡിഎ നേടിയിരുന്നു. ഇതില്‍ 71ഉം ബിജെപിയാണ് നേടിയത്. എന്‍ഡിഎയുടെ വന്‍ വിജയത്തില്‍ യുപി ഫലം നിര്‍ണായകമായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്.

വായില്‍ തോന്നിയത് വിളിച്ച് പറയുമ്പോള്‍ താന്‍ പ്രധാനമന്ത്രിയാണെന്ന് മോദി ഓര്‍ക്കുന്നത് നല്ലതാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഷ സംസാരിക്കാന്‍ നമുക്കാവില്ല. ഇത് സംസ്‌കാരത്തിന്റെ പ്രശ്‌നം കൂടിയാണ്. മോദിയെ റേറ്റ് ചെയ്താല്‍ ഒരു പോയിന്റ് പോലും നല്‍കാനാവില്ല. ഒരു ഫാഷിസ്റ്റിനേക്കാള്‍ മോശമായ തരത്തിലാണ് മോദി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ തരത്തിലാണ് അവര്‍ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നത്. അവരാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത്. ബിജെപി ഇവിടെ സമാന്തര സര്‍ക്കാരുണ്ടാക്കിയത് പോലെയാണ്. അവര്‍ നിര്‍ബാധം പണമൊഴുക്കുന്നു. മോദി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം നിയമാനുസൃതമായാണ് നടപടി എടുത്തത് എന്നും തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലം മാറ്റത്തിനുള്ള അധികാരം തങ്ങള്‍ക്കാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

ബംഗാളില്‍ ആകെയുള്ള 42ല്‍ 23 സീറ്റ് നേടുക എന്നാണ് ബിജെപി ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ രണ്ട് സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്. പ്രധാനമന്ത്രി മോദിയും മമത ബാനര്‍ജിയും തമ്മില്‍ ശക്തമായ വാക്‌പോരാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരുമെന്ന് ഇന്നലെ മമതയോടായി മോദി തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണ് എന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അതേസമയം മമത ഇതിനോട് പ്രതികരിച്ചില്ല. മുതിര്‍ന്ന നേതാവ് ഡെറിക് ഓബ്രിയനാണ് മോദിക്ക് മറുപടി നല്‍കിയത്. എക്‌സ്പയറി ബാബു പിഎം, കാര്യം വളച്ചൊടിക്കാതെ പറയാം. ഒരാളും നിങ്ങള്‍ക്കൊപ്പം വരാന്‍ പോകുന്നില്ല. ഒരു കൗണ്‍സിലര്‍ പോലും വരില്ല - ഡെറിക് ഓബ്രിയന്‍ പറഞ്ഞു.

Next Story

Related Stories