TopTop
Begin typing your search above and press return to search.

തെറ്റ് സമ്മതിക്കാന്‍ മോദി തയ്യാറല്ല; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു: ഗാര്‍ഡിയന്റെ മുഖപ്രസംഗം

തെറ്റ് സമ്മതിക്കാന്‍ മോദി തയ്യാറല്ല; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു: ഗാര്‍ഡിയന്റെ മുഖപ്രസംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം അടക്കമുള്ള തെറ്റായ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ദ ഗാര്‍ഡിയന്‍ പത്രത്തിന്‍റെ മുഖപ്രസംഗം. ഇന്ത്യ നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്നാല്‍ തെറ്റ് സമ്മതിക്കാന്‍ തയ്യാറല്ലാത്ത മോദി, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത് എന്നും ഇതിന്‍റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റ് എന്നും ഗാര്‍ഡിയന്‍ പറയുന്നു.

ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ നിന്ന്:

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് അതിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ബലൂണ്‍ ഊതിവീര്‍പ്പിക്കുകയായിരുന്നു എന്ന് നമുക്ക് ഇപ്പോളറിയാം. ദ്രുതഗതിയില്‍ തെറ്റായ നയം നടപ്പാക്കുകയാണ് മോദി ചെയ്തത്. ഇതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും അദ്ദേഹത്തിന് തന്നെയാണ്. ഈ ബുദ്ധിശൂന്യത സമ്മതിച്ചുതരാന്‍ മോദി തയ്യാറല്ല. നൂറോളം പേരുടെ ജീവനാണ് നോട്ട് നിരോധനം നഷ്ടപ്പെടുത്തിയത്. പത്തര ലക്ഷത്തോളം തൊഴിലുകള്‍ നഷ്ടപ്പെടുത്തി. 15 കോടിയോളം പേരെ തൊഴിലവസരങ്ങളില്ലാതാക്കി.

മോദിക്ക് ഇക്കാര്യത്തില്‍ മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അതേ 2016 നവംബറില്‍ മോദിയാണ് 500, 1000 നോട്ടുകള്‍ പെട്ടെന്ന് ഒരു ദിവസം വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. വിനിമയത്തിലുള്ള 86 ശതമാനം കറന്‍സി നോട്ടുകളേയും ഇന്ത്യന്‍ പ്രധാനമന്ത്രി അസാധുവാക്കി. കള്ളപ്പണക്കാര്‍ക്കെതിരായെന്ന് പറഞ്ഞും പാവപ്പെട്ടവര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞു അവതരിപ്പിക്കപ്പെട്ട ഒരു നടപടിയാണിത്. കുറേപേരെ ഇത് വിശ്വസിപ്പിക്കാന്‍ മോദിയുടെ വാചകമടികള്‍ക്ക് കഴിഞ്ഞു. പണം സമാഹരിക്കാനുള്ള സര്‍ക്കാരിന്റെ മികവ് എന്ന അസംബന്ധമാണ് മിക്കവാറും കറന്‍സി നോട്ടുകള്‍ ബാങ്കില്‍ തന്നെ തിരിച്ചെത്തിയതിനെ മോദി സര്‍ക്കാര്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കെട്ടിടത്തില്‍ നിന്ന് ചാടി, നിലത്തിന്റെ കരുത്തിനെ പുകഴ്ത്തുന്ന പോലെയാണിത്.

ചെയ്തത് തെറ്റാണ് എന്ന് തെളിഞ്ഞാല്‍ എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ തെറ്റ് സമ്മതിക്കാന്‍ പോലും മോദി തയ്യാറല്ല. ഇക്കാര്യത്തില്‍ സംവാദങ്ങള്‍ ഇല്ലാതാകാനാണ് മോദി താല്‍പര്യപ്പെടുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ധനകാര്യ കമ്മിറ്റിക്ക് നോട്ട് നിരോധനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത്. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. ഇതാണ് ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ മോദി സര്‍ക്കാരിനെതിരെ വലിയ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മോദിയുടെ പാര്‍ട്ടിയായ ഭാരതീയ ജനത പാര്‍ട്ടി ഭരിക്കുന്ന മൂന്ന് വലിയ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ മൂന്ന് സംസ്ഥാനങ്ങളിലും അധികാരം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയസഭ തിരഞ്ഞെടും സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ലജ്ജമായ സങ്കുചിത രാഷ്ട്രീയ തന്ത്രങ്ങളൊക്കെയാണ് മോദി പയറ്റുന്നത്. തെറ്റുകള്‍ അംഗീകരിച്ച് അത് തിരുത്തി മുന്നോട്ടുപോകുന്നതിന് പകരം അമിതമായ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ജനങ്ങളെ അംഗീകരിച്ചില്ലെങ്കില്‍ മോദിയെ ശിക്ഷിക്കാനുള്ള അവസരമായി ഇത് അവര്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം.

വായനയ്ക്ക്: https://goo.gl/8ya5Y1


Next Story

Related Stories