UPDATES

പോസിറ്റീവ് സ്റ്റോറീസ്

‘ഇത് ഹൃദയത്തിലെഴുതിയ മുംബൈ ഓണം’ : ആഘോഷങ്ങൾ ഒഴിവാക്കി പ്രളയബാധിതർക്കു വേണ്ടി ഒത്തൊരുമിച്ചു മുംബൈ മലയാളി കൂട്ടായ്മകൾ

ഓരോ മേഖലയിലും സമാജങ്ങളുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയോട് മുംബൈ ജനതയാകെ ഐക്യപ്പെടുന്നതിനാണ് ഇന്നലെ നഗരം സാക്ഷ്യം വഹിച്ചത്.

“പൂക്കളും സദ്യയുമല്ലോണം അത് ഹൃദയത്തിലെഴുതിയൊരാശയമാണ് ” (Onam is not just flowers and a feast, it is an idea we cherish) എന്ന ബാനറും പിടിച്ചു ഓണ ദിവസം മുംബൈയിലെ റയിൽവെ സ്റ്റേഷനുകളിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിച്ച  മലയാളികളും ഇതര ഭാഷക്കാരും  ഓർമയിൽ സൂക്ഷിക്കാൻ പ്രവാസി സമൂഹത്തിനാകെ വ്യത്യസ്‍തമായ ഒരോണം നൽകിയിരിക്കുകയാണ്. ആഘോഷങ്ങൾ ഒഴിവാക്കി പ്രളയബാധിതർക്കു വേണ്ടി ഒത്തൊരുമിച്ചു മുംബൈ മലയാളി കൂട്ടായ്മകൾ ശ്രദ്ധേയമായി.

മുംബൈയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളുടെ അവലോകനത്തിനായി ലോക കേരള സഭാംഗങ്ങൾ വിളിച്ചു ചേർത്ത യോഗത്തിൽ #MumbaiStandsWithKerala എന്നൊരറ്റ ബാനറിൽ മുംബൈയിലെ പൊതുജനങ്ങളിൽ നിന്നും പരമാവധി തുക പിരിച്ചെടുക്കണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ്  ഓണ ദിവസം #OnamWithoutFestivities ക്യാമ്പയിൻ നിരവധി കേന്ദ്രങ്ങളിൽ നടത്തിയത്.  പത്തുലക്ഷത്തിലധികം മലയാളികൾ ഓണമാഘോഷിക്കാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.

ഓരോ മേഖലയിലും സമാജങ്ങളുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയോട് മുംബൈ ജനതയാകെ ഐക്യപ്പെടുന്നതിനാണ് ഇന്നലെ നഗരം സാക്ഷ്യം വഹിച്ചത്. ആരവങ്ങളില്ലാതെ റീബിൽഡ് കേരള എന്ന പ്രമേയത്തോടെ വലിയ പൂക്കളമൊരുക്കുയാണ് സീവുഡ് സമാജം പ്രവർത്തകർ പരിപാടി സംഘടിപ്പിച്ചത്.  രാവിലെയും വൈകുന്നേരവുമായി ബോയ്സർ, വസായ് ഈസ്റ്  , വസായ്  വെസ്റ്റ് , അന്ധേരി വെസ്റ്റ്, ഡി.എൻ നഗർ നെരൂൾ ഈസ്റ്, നെരൂൾ വെസ്റ്റ്, സീവുഡ് , ബേലാപ്പൂർ, ഖാർഘർ, മാനസസരോവർ, പൻവേൽ, ദാദർ, താനെ, ഡോംബിവിലി, ഉല്ലാസ് നഗർ  എന്നീ  റയിൽവേ സ്റ്റേഷൻ പരിസരങ്ങളിലാണ്  പ്രധാനമായും നടന്നത്. സാക്കിനാക്കയിലെയും പവായിലെയും  മലയാളികളുടെ നേതൃത്വത്തിൽ  ചന്ദിവേലി ഡി-മാർട്ട് പരിസരത്തും  സമാനമായ പരിപാടി ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.

മുംബൈയിൽ നിന്നുള്ള ലോക കേരള സഭാംഗങ്ങളെയും സമാജം നേതാക്കളെയും കൂടാതെ, പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർദ്ധൻ , സി.ഐ.ടി.യു നേതാവ് മഹേന്ദ്ര സിങ്, കേരള പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.ടി ജയരാമൻ, എഴുത്തുകാരി മാനസി തുടങ്ങി നിരവധി പ്രമുഖരാണ് വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യമായെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍