UPDATES

എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു, ഇതാണോ നമ്മളാഗ്രഹിച്ച ഇന്ത്യ?: നസീറുദ്ദീന്‍ ഷാ

2018ല്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വല്ലാതെ അടിച്ചമര്‍ത്തപ്പെട്ടു. ഈ അടിച്ചമര്‍ത്തല്‍ ഇന്ന് അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് പറയണം.

രാജ്യത്ത് എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ് എന്ന് നസീറുദ്ദീന്‍ ഷാ. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കലാപവും പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അസഹിഷ്ണുതാ പരാമര്‍ശത്തെ തുടര്‍ന്ന് ഷായ്‌ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും രൂക്ഷ വിമര്‍ശനവുമായി നസീറുദ്ദീന്‍ ഷാ രംഗത്തെത്തിയിരിക്കുന്നത്. ആംനസ്റ്റി ഇന്ത്യയുടെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അഭിനേതാക്കള്‍ അടക്കമുള്ള കലാകാരന്മാര്‍ ഒതുക്കപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദരാക്കപ്പെടുന്നു – രണ്ട് മിനുട്ട് 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നസീറുദ്ദീന്‍ ഷാ പറയുന്നു.

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നാണ് ഷാ പറഞ്ഞുതുടങ്ങുന്നത്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായി നീതി എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുമെന്നാണ് ഭരണഘടന പറയുന്നത്. എല്ലാവര്‍ക്കും ചിന്താസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമുണ്ട്. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. 2018ല്‍ ആവിഷ്‌കാര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും വല്ലാതെ അടിച്ചമര്‍ത്തപ്പെട്ടു. ഈ പുതുവര്‍ഷം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാം. ഈ അടിച്ചമര്‍ത്തല്‍ ഇന്ന് അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് പറയണം. അബ് കി ബാര്‍ മാനവ് അധികാര്‍ (അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നതിനെ പരിഹസിച്ച്) എന്ന പേരില്‍ ഒരു ഹാഷ് ടാഗും ഷാ ഇട്ടു.

എതിര്‍ ശബ്ദമുയര്‍ത്തുന്നര്‍ നിശബ്ദരാക്കപ്പെടുകയാണ്. മതത്തിന്റെ പേരില്‍ വെറുപ്പിന്റെ മതിലുകളുയരുന്നു. വെറും ക്രൂരതയും രാജ്യത്താകെ പടര്‍ന്നിരിക്കുന്നു. അനിതീക്കെതിരെ നിലകൊള്ളുന്നവരുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നു, ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. സത്യം പറയുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു – നസീറുദ്ദീന്‍ ഷാ പറഞ്ഞു. നമ്മുടെ ഭരണഘടന എങ്ങോട്ടാണ് പോകുന്നത്. എതിര്‍പ്പുകള്‍ക്ക് ഇടമില്ലാത്ത ഒരു രാജ്യമാണോ നമ്മള്‍ സ്വപനം കണ്ടത്. സമ്പന്നനും അധികാരമുള്ളവനും മാത്രമേ ശബ്ദമുള്ളൂ. പാവപ്പെട്ടവര്‍ എല്ലാകാലത്തും അടിച്ചമര്‍ത്തപ്പെടുകയാണോ. ഒരിക്കല്‍ നിയമമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇരുട്ട് മാത്രമേയുള്ളൂ – നസീറുദ്ദീന്‍ ഷാ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍