UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അണുബോംബ് പരീക്ഷണവുമായി ഉത്തര കൊറിയ മുന്നോട്ട്: യുദ്ധ സാധ്യതയെന്ന് ചൈന

യുഎന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടില്‍ ഉത്തര കൊറിയ ഉറച്ചുനില്‍ക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്ത്. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എത് നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മുന്നറിയിപ്പ് നല്‍കി. പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ഉത്തരകൊറിയയുടെ ഏക സഖ്യകക്ഷിയായ ചൈന ആവശ്യപ്പെട്ടു. രാഷ്ട്രശില്‍പി കിം ഇല്‍ സുങിന്റെ നൂറ്റിയഞ്ചാം ജന്മദിനമായ ശനിയാഴ്ച ഉത്തര കൊറിയ ആറാം ആണവപരീക്ഷണം നടത്തുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ പ്യോങ് യാങില്‍ നിന്ന് ആറ് ലക്ഷത്തോളം ആളുകളെ ഭരണകൂടം ഒഴിപ്പിച്ചിരുന്നു.

അതേസമയം, ഏത് തരത്തിലുള്ള സാഹചര്യവും നേരിടാനുറച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുഎന്‍ ഉപരോധങ്ങള്‍ക്കും പാശ്ചാത്യ ലോകത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാതെ നില്‍ക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടി പരിഗണിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കിയിരുന്നു. ക്ഷമയുടെ നയതന്ത്രം അവസാനിച്ചെന്നും അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, സൈനിക നീക്കം ആര്‍ക്കും ഗുണത്തിനാവില്ലെന്ന നിലപാടിലാണ് ചൈന. ഉത്തര കൊറിയയ്ക്കു മേലുള്ള ഏത് നീക്കവും യുദ്ധത്തില്‍ കലാശിക്കുമെന്നും അതിനു കനത്തവില നല്‍കേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി

സിറിയയില്‍ ബാഷര്‍ അല്‍ അസദിനെതിരെ യുഎസ് നടത്തിയ നീക്കവും, അഫ്ഗാനിസ്ഥാനിലെ കനത്ത ബോംബിംഗുമാണ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഉത്തര കൊറിയയെ തൊട്ടാല്‍ യുഎസിനെ തകര്‍ത്ത് കളയുമെന്ന് വ്യക്തമാക്കി ഏകാധിപതി കിം ജോങ് ഉന്‍ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലുള്ള 28,000 യുഎസ് സൈനികരെയും ജപ്പാനിലുള്ള യുഎസ് സൈനികതാവളങ്ങളും ദക്ഷിണ കൊറിയന്‍ തലസ്ഥാനവുമെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈല്‍ ഉത്തരകൊറിയ നേരത്തെ പരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും രംഗം ശാന്തമാക്കാനാണ് ലോകരാജ്യങ്ങളുടെ ശ്രമം. വലിയ പ്രഹര ശേഷിയുള്ള ആണവേതര ബോംബ്‌ അമേരിക്ക കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ പരീക്ഷിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍