TopTop

ഒഖി: ഇനി കരയെത്തേണ്ടത് 92 പേര്‍; കടലില്‍ പോകുന്നത് തടയണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ല

ഒഖി: ഇനി കരയെത്തേണ്ടത് 92 പേര്‍; കടലില്‍ പോകുന്നത് തടയണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ല
ഒഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരും. കൂടുതല്‍ കപ്പലുകളും വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം യോഗത്തില്‍ അറിയിച്ചു.

റവന്യൂ-മത്സ്യബന്ധന വകുപ്പുകളുടെ കണക്കുകള്‍ പ്രകാരം 92 മത്സ്യത്തൊഴിലാളികളെയാണ് കാണാനില്ലാത്തത്. ഇവരില്‍ ചിലര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 

യോഗത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, മത്സ്യബന്ധന വകുപ്പു മന്ത്രി മേഴ്സിക്കുട്ടിയമ്മ, സഹകരണ ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കോസ്റ്റ് ഗാര്‍ഡിന്‍റെ കേരള ചുമതലയുളള കമാണ്ടര്‍ എന്‍. തിവാരി, സതേണ്‍ നേവല്‍ കമാണ്ടന്‍റിന്‍റെ ക്യാപ്റ്റന്‍ സുദീപ് മാലിഹ്, അഡീഷണല്‍ ഡയറക്ടര്‍ ആര്‍.ജെ. ദുക്ക് വര്‍ത്ത്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനവുമായി സഹകരിച്ച് പ്രതിരോധ വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രി യോഗത്തില്‍ പറഞ്ഞു. ഈ ഏജന്‍സികള്‍ മാത്രം 183 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈനിക വിഭാഗങ്ങളെയും കോസ്റ്റ്ഗാര്‍ഡിനെയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും യോഗത്തില്‍ അഭിനന്ദിച്ചു.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നവംബര്‍ 30-ന് ഉച്ചയ്ക്ക് 12 മണിക്ക് മാത്രമാണ് ലഭിച്ചതെന്ന് ഇതു സംബന്ധിച്ച രേഖകളും വിശദീകരണങ്ങളും വിലയിരുത്തിയ ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ മിക്കവരും തലേ ദിവസമോ അതിനു മുമ്പോ കടലില്‍ പോയിരുന്നു. ഗതി മാറി മാറിയാണ് മണിക്കൂറുകള്‍ക്കകം ചുഴലി കേരള തീരത്ത് അടിച്ചത്. ഇതു പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിലയിരുത്തി.

കടുത്ത ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പ് 30-ന് രാവിലെ 8.30-നാണ്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അയച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അഭ്യര്‍ത്ഥിക്കണമെന്ന് മാത്രമേ ഈ അറിയിപ്പില്‍ പോലും ഉണ്ടായിരുന്നുളളു. അടിയന്തര സാഹചര്യമുണ്ടെന്നോ തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണമെന്നോ ആ അറിയിപ്പില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വിലയിരുത്തി.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പുകളും അതേ തുടര്‍ന്ന് സ്വീകരിച്ച നടപടികളും ചീഫ് സെക്രട്ടറി കെ.എം. അബ്രഹാം വിശദീകരിച്ചു. കടുത്ത ന്യൂനമര്‍ദമുണ്ടാകുമെന്ന അറിയിപ്പ് 30-ന് രാവിലെ 8.30-നാണ് ലഭിച്ചത്. ഈ അറിയിപ്പിനൊപ്പം നല്‍കിയ ഭൂപടത്തിലും ന്യൂനമര്‍ദ പാതയും ദിശയും കന്യാകുമാരിക്ക്  170 കി.മീ. കിഴക്ക്-തെക്ക് കേരളതീരത്തുനിന്ന് വളരെ അകലെയായിരുന്നു. മാത്രമല്ല, ഈ അറിയിപ്പിലും ചുഴലി പ്രവചിച്ചിരുന്നില്ല. അത് കഴിഞ്ഞ്  മൂന്നര മണിക്കൂറായപ്പോഴാണ് (ഉച്ചയ്ക്ക് 12 മണിക്ക)് ചുഴലി സാധ്യതയ്ക്കുളള അറിയിപ്പ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചുരുങ്ങിയ സമയത്തിനുളളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡും നാവികസേനയും വായുസേനയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ്. കടുത്ത ന്യൂനമര്‍ദം, ചുഴലി സാധ്യത എന്നിവ സംബന്ധിച്ച അറിയിപ്പ് 30-നാണ് ലഭിച്ചതെങ്കില്‍ 28-നും 29-നും കടലില്‍ പോയവരാണ് കൂടുതലും ചുഴലിയില്‍ പെട്ടുപോയതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. 

http://www.azhimukham.com/newswrap-ockhi-reveals-failure-of-disaster-management-authority/

കോസ്റ്റ്ഗാര്‍ഡിന്‍റെ 8 കപ്പലുകള്‍, ഒരു ഹെലികോപ്റ്റര്‍, നാവികസേനയുടെ 7 കപ്പലുകള്‍, 2 വിമാനങ്ങള്‍, 4 ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ ഒരു വിമാനം, 2 ഹെലികോപ്റ്ററുകള്‍ എന്നിവ തിരച്ചിലിന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ണന്താനം പറഞ്ഞു. ഇനിയും ആളുകളെ കണ്ടെത്താനുളളതുകൊണ്ട് കൂടുതല്‍ കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കും.

ഒറ്റ ദിവസം കൊണ്ട് 400-ഓളം പേരെയാണ് കടലില്‍നിന്ന് രക്ഷപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൈനിക വിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും സംസ്ഥാന സര്‍ക്കാരും ഏകോപിച്ച്  പ്രവര്‍ത്തിച്ചു. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിയെത്തുടര്‍ന്ന് കേരളത്തിന്‍റെ തീരക്കടലില്‍ നടത്തിയത്. ഇതേ ജാഗ്രതയില്‍ തെരച്ചില്‍ തുടരണം. തീരത്തെ മത്സ്യത്തൊഴിലാളികളുടെ സഹായവും തെരച്ചിലിന് ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പ്രൊഫഷണലായ രീതിയിലാണ് തെരച്ചില്‍ നടത്തിയതെന്ന് കേപ്റ്റന്‍ സുദീപ് മാലിഹ് (നേവി) വിശദീകരിച്ചു. കേരള തീരത്തുനിന്ന് 100 മൈല്‍ അകലെ വരെ തെരച്ചില്‍ നടക്കുന്നുണ്ട്. ലക്ഷദ്വീപിന് അപ്പുറത്തേക്കും തെരച്ചില്‍ നീണ്ടു. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്ന വിവരം കണക്കിലെടുക്കുന്നുണ്ട്.

ബോട്ട് ഉപേക്ഷിച്ച് തിരിച്ചുവരാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ധനവും വെളളവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ടെന്നും നാവികസേനയുടെയും വ്യോമസേനയുടെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്ന കേരളീയരെ വിമാനത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണ്. പോയ ബോട്ടില്‍തന്നെ തിരിച്ചുവരണമെന്നാണ് പലരും പറയുന്നത്. അങ്ങനെയാണെങ്കില്‍ അവരുടെ ബോട്ടുകള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് അകമ്പടി നല്‍കുമെന്ന് കമാണ്ടര്‍ എന്‍. തിവാരി അറിയിച്ചു.

http://www.azhimukham.com/newsupdate-ockhi-cyclone-not-national-disaster-alphonsekannanthanam/

Next Story

Related Stories