TopTop

1984ലെ സിഖ് കൂട്ടക്കൊല കേസുകളില്‍ ആദ്യത്തെ വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം

1984ലെ സിഖ് കൂട്ടക്കൊല കേസുകളില്‍ ആദ്യത്തെ വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം
1984ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ ആദ്യത്തെ വധശിക്ഷ. ഡല്‍ഹി കോടതിയാണ് 55കാരനായ യശ്പാല്‍ സിംഗിന് വധ ശിക്ഷ വിധിച്ചത്. 68കാരനായ നരേഷ് ഷെരാവത്തിന് ജീവപര്യന്തം തടവ് ശിക്ഷയും കോടതി വിധിച്ചു. ദക്ഷിണ ഡല്‍ഹിയിലെ മഹിപാല്‍പൂരില്‍ നടത്തിയ കൂട്ടക്കാലയുമായി ബന്ധപ്പെട്ടാണ് കോടതി ഇരുവരേയും ശിക്ഷിച്ചത്. ഇരുവര്‍ക്കും 35 ലക്ഷം രൂപ വീതം പിഴയും ഇട്ടിട്ടുണ്ട്. യശ്പാല്‍ സിംഗ് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനും നരേഷ് രാവത്ത് മഹിപാല്‍പൂരിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരനുമായിരുന്നു.

സിഖുകാര്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് കോടതി നല്‍കിയിരിക്കുന്നത് എന്ന് കേന്ദ്ര മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമഫലമായാണ് രണ്ട് പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഹര്‍സിമ്രത് കൗര്‍ അവകാശപ്പെട്ടു. 2015ല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹര്‍സിമ്രത് നന്ദി പറഞ്ഞു. 1994ല്‍ ഡല്‍ഹി പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണം നടത്തുകയായിരുന്നു. അവസാനത്തെ കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നത് വരെ തങ്ങള്‍ക്ക് (അകാലി ദളിന്) വിശ്രമമില്ലെന്നും ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
ഡല്‍ഹി കോടതി വിധിയെ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും സ്വാഗതം ചെയ്തു. മനുഷ്യത്വരഹിതമായ പൈശാചികതയ്ക്ക് ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.
1984 നവംബര്‍ ഒന്നിന് മഹിപാല്‍പൂരിലെ പലചരക്ക് കടിയിലിരിക്കെയാണ് ഹര്‍ദേവ് സിംഗിനേയും മറ്റ് രണ്ട് പേരേയും ഇരുമ്പ് വടികളും ഹോക്കി സ്റ്റിക്കുകളും കല്ലുകളും മണ്ണെണ്ണയുമായി എത്തിയ സംഘം ആക്രമിച്ചത്. അക്രമി സംഘത്തില്‍ 800നും ആയിരത്തിനുമിടയ്ക്ക് ആളുകളുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇവര്‍ കടകള്‍ക്ക് തീ വച്ചു. രക്ഷപ്പെടാനായി സുഹൃത്ത് സുര്‍ജീത് സിംഗിന്റെ വീട്ടിലേയ്ക്ക് പോയ ഇവര്‍ അകത്ത് കയറി വാതിലടച്ചു. അവതാര്‍ സിംഗ് എന്നയാളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരെ പിന്തുടര്‍ന്ന അക്രമി സംഘം വീടിനകത്തേയ്ക്ക് ഇടിച്ചുകയറി. ഹര്‍ദേവിനെ കുത്തുകയും എല്ലാവരേയും ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിയുകയും ചെയ്തു. ഹര്‍ദേവും അവതാര്‍ സിംഗും മരിച്ചു. കൊലപാതകം, വധശ്രമം, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

1994ല്‍ തെളിവില്ലെന്ന് പറഞ്ഞ് ഡല്‍ഹി പൊലീസ് കേസ് തള്ളുകയായിരുന്നു. 2015ല്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആകെയുണ്ടായിരുന്ന 293 കേസില്‍ 60 കേസുകളിലാണ് പുനരന്വേഷണം നടത്തിയത്. 52 കേസുകളില്‍ അണ്‍ട്രേസ്ഡ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ബാക്കി എട്ട് കേസുകളില്‍ അന്വേഷണം നടത്തിവരുകയാണ്. അഞ്ച് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പ്രതിയായത് അടക്കമുള്ള ബാക്കി മൂന്ന് കേസുകളില്‍ അന്വേഷണം തുടരുകയാണ്. 2800ലധികം സിഖുകരാണ് ഇന്ദിര വധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

Next Story

Related Stories