ട്രെന്‍ഡിങ്ങ്

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ബിജെപിയെന്ന് അഭിപ്രായ സര്‍വേ

രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇത്തവണ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് സീ വോട്ടര്‍ – ഐഇ ടെക് – ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഫലം കോണ്‍ഗ്രസിന് അനുകൂലം. മധ്യപ്രദേശില്‍ ബിജെപിയും തെലങ്കാനയില്‍ ടിആര്‍എസും അധികാരം നിലനിര്‍ത്തുമെന്നും നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭ നിലവില്‍ വരുമെന്നുമാണ് അഭിപ്രായ സര്‍വേ പറയുന്നത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ ഭരണം മാറുന്ന പതിവുള്ള രാജസ്ഥാനിലും 15 വര്‍ഷമായി ബിജെപി അധികാരത്തിലുള്ള ഛത്തീസ്ഗഡിലും ഇത്തവണ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് സീ വോട്ടര്‍ – ഐഇ ടെക് – ടൈംസ് നൗ സര്‍വേ പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കുമെങ്കിലും തുടര്‍ച്ചയായ നാലാം തവണയും ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു.

200 സീറ്റുകളുള്ള രാജസ്ഥാനില്‍ 129 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 101 സീറ്റ്. ബിജെപി 63 സീറ്റിലൊതുങ്ങും. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 163 സീറ്റാണ് ബിജെപി നേടിയിരുന്നത്. അതേസമയം സിഎന്‍എക്‌സ് – ഇന്ത്യ ടിവി സര്‍വേ കോണ്‍ഗ്രസിന് 115 സീറ്റും ബിജെപിക്ക് 75 സീറ്റും പ്രവചിക്കുന്നു. സിഎസ്ഡിഎസ് – എബിപി സര്‍വേ കോണ്‍ഗ്രസിന് 110ഉം ബിജെപിക്ക് 84ഉം ആണ് പ്രവചിക്കുന്നത്. ഏഷ്യാനെറ്റിന് വേണ്ടി സി ഫോര്‍ നടത്തിയ സര്‍വേ പറയുന്നത് രാജസ്ഥാനില്‍ കോണ്‍ഗ്രസ് 130 സീറ്റും ബിജെപി 65 സീറ്റും നേടുമെന്നാണ്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കുമെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 126 സീറ്റുകള്‍ ബിജെപി നേടും. കഴിഞ്ഞ തവണ 165 സീറ്റാണ് ബിജെപി നേടിയിരുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്. കഴിഞ്ഞ തവണ 58 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ അംഗബലം 97 ആയി വര്‍ദ്ധിപ്പിക്കും. ഇന്ത്യ ടിവി – സിഎന്‍എക്‌സ് സര്‍വേ മധ്യപ്രദേശില്‍ ബിജെപി 122 സീറ്റും കോണ്‍ഗ്രസ് 95 സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. അതേസമയം സിഎസ്ഡിഎസ് സര്‍വേയില്‍ ബിജെപി 116 സീറ്റും കോണ്‍ഗ്രസ് 105 സീറ്റും നേടുമെന്ന് പറയുന്നു.

ഛത്തീസ്ഗഡില്‍ ആകെയുള്ള 90 സീറ്റില്‍ 47 സീറ്റ് നേടി, നേരിയ മുന്‍തൂക്കത്തിന് കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റ്. 2013ല്‍ 39 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. കഴിഞ്ഞ തവണം 49 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപി ഇത്തവണ 39 സീറ്റിലേയ്ക്ക് ചുരുങ്ങും.

തെലങ്കാനയില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്താനും ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാനുമുള്ള മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ തീരുമാനം ടിആര്‍എസിന് ഗുണം ചെയ്യുമെന്ന സൂചനയാണ് അഭിപ്രായ സര്‍വേ പ്രവചനം. 117 സീറ്റുകളില്‍ 85 സീറ്റ് നേടി വ്യക്തമായ മേധാവിത്തത്തോടെ ടിആര്‍എസ് ഭരണത്തുടര്‍ച്ച നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59 സീറ്റുകള്‍. മഹാസഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് 18 സീറ്റിലൊതുങ്ങും. അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴ് സീറ്റും ബിജെപിക്ക് അഞ്ച് സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.

മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക് സഭയാണ് സര്‍വേ പ്രവചിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം അപ്രത്യക്ഷമാകും. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 12 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് സര്‍വേ പറയുന്നത്. ആകെ 40 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റ്.

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍