Top

യാദവ സമുദായ ജാതിഭ്രഷ്ടിനെതിരെ മാനന്തവാടിയില്‍ ഇന്ന് ജനാധിപത്യ കൂട്ടായ്മ

യാദവ സമുദായ ജാതിഭ്രഷ്ടിനെതിരെ മാനന്തവാടിയില്‍ ഇന്ന് ജനാധിപത്യ കൂട്ടായ്മ
ജാതിഭ്രഷ്ടിനും അനാചാരങ്ങൾക്കുമെതിരെ ശക്തമായ പ്രതിരോധവുമായി മാനന്തവാടിയിലെ പൊതുസമൂഹം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ഏപ്രിൽ ഏഴിനാണ് ജാതിഭ്രഷ്ട്ടിനും അനാചാരങ്ങൾക്കുമെതിരെ ജനാധിപത്യ കൂട്ടായ്മയും പൊതുസമ്മേളനവും സംഘടിപ്പിക്കാനൊരുങ്ങുന്നത്. വയനാട് മാനന്തവാടി ഗാന്ധി പാർക്കിൽ വൈകീട്ട് അഞ്ചു മണി മുതൽ ഒൻപതുവരെ നടക്കുന്ന സമ്മേളനത്തിൽ സിപിഎം, കോണ്‍ഗ്രസ്സ്, എൻസിപി, സിപിഐ, സിപിഐഎംഎൽ റെഡ് ഫ്‌ളാഗ് തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പൊതുപ്രവർത്തകരും കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനും പങ്കെടുക്കും.

യാദവ വംശജരായ അരുണിനും ഭാര്യ സുകന്യയ്ക്കും ജാതിഭ്രഷ്ട്ടും ഊരുവിലക്കും സമുദായം ഏർപ്പെടുത്തിയതും, അരുണിനും സുഹൃത്തുക്കള്‍ക്കും സുകന്യയുടെ പിതാവ് ഗോവിന്ദരാജിനും തുടർച്ചയായി സാമുദായിക നേതാക്കളുടെ മർദ്ദനമേൽക്കുന്നതുമെല്ലാം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഒരേ സമുദായമാണെങ്കിലും വ്യത്യസ്ഥ ഗോത്രങ്ങളില്‍ പെട്ടവരാണ് സുകന്യയും അരുണും എന്നാരോപിച്ചാണ് സമുദായ ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. കുടുംശ്രീയില്‍ അടക്കം ഇവര്‍ ജാതി വിവേചനം നേരിട്ടു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് പൊതു സമൂഹം കേട്ടത്.

അതേസമയം സമാന വിലക്കുകള്‍ നേരിടുന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ടെന്ന് സമുദായത്തിലെ ചിലർ വ്യക്തമാക്കുന്നു. ജാതിഭ്രഷ്ട്ടിന് വിധേയരായവർക്ക് പൊതു ചടങ്ങുകളിലോ വിവാഹങ്ങൾക്കോ മരണാനന്തര ചടങ്ങുകൾക്കോ പങ്കെടുക്കാൻ അനുവാദമില്ല. സ്വന്തം മാതാവിന്റെ മരണക്രിയകൾ ചെയ്യാൻ സമുദായത്തിന്റെ അനുമതിക്കായി പോലീസിന്റെ സഹായം തേടേണ്ടി വന്ന മകനും യാദവ വംശത്തിലുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

http://www.azhimukham.com/keralam-caste-ostracism-in-kudumbashree-reports-dheeshna/

പലതവണയായി നിയമ സഹായം തേടിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നാണ് ഭ്രഷ്ട്ടിനു വിധേയരായവർ പരാതിപ്പെടുന്നത്. തുടർച്ചയായി സാമുദായിക വിലക്കുകളും മർദ്ദനങ്ങളും അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിലാണ് അനാചാരങ്ങൾക്കും ഭ്രഷ്ട്ടിനുമെതിരെ ജനാധിപത്യ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

http://www.azhimukham.com/newswrap-not-religion-humans-are-great-writes-sukanya-outcasted-by-yadava-community-writes-sajukomban/

ഒരു സമുദായം കെട്ടിപ്പടുക്കുന്ന നിയമാവലികൾ എന്തെല്ലാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും, ഒപ്പം എത്ര കുടുംബങ്ങൾ ഏതെല്ലാം സാഹചര്യങ്ങളിൽ ഭ്രഷ്ട്ടിനു വിധേയരായെന്ന് കണ്ടെത്തി സമൂഹത്തിനു മുൻപിൽ കൊണ്ടുവരികയുമാണ് സമ്മേളനത്തിന്റെ ഒരു ലക്ഷ്യം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് വഴി ഓരോ പാർട്ടിയുടെയും ഭ്രഷ്ട്ടിനു വിധേയരായവരോടുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുകയും ഒപ്പം, പ്രസ്തുത വിഷയത്തിൽ ഓരോ പാർട്ടിയുടെയും നിലപാട് വ്യക്തമാക്കപ്പെടുകയും ചെയ്യുമെന്ന് പ്രോഗ്രം കോർഡിനേറ്ററും പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകനുമായ സലീംകുമാർ പറഞ്ഞു. വിലക്കേർപ്പെടുത്തിയവരെ സമുദായത്തിലേക്ക്, എല്ലാ സ്വാതന്ത്ര്യത്തോടെയും തിരിച്ചു പ്രവേശിപ്പിക്കുകയാണ് ഇത്തരമൊരു പൊതുസമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, സമുദായത്തിലെ പലരുടെയും മൗനസമ്മതം തങ്ങൾക്കൊപ്പമുണ്ടെന്നും സലീംകുമാർ കൂട്ടിച്ചേർത്തു.

http://www.azhimukham.com/keralam-caste-ban-against-couples-in-yadava-community-mananthavady-safiya/

Next Story

Related Stories