UPDATES

രാജസ്ഥാനിലും തെലങ്കാനയിലും ജനവിധി ഇന്ന്; അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ട്‌

രാജസ്ഥാനില്‍ 200 സീറ്റുകളിലേയ്ക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേയ്ക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ 200 സീറ്റുകളിലേയ്ക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേയ്ക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും ഏറ്റുമുട്ടുമ്പോള്‍ തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും (ടിആര്‍എസ്), കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ടിഡിപി അടക്കമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മഹാസഖ്യവും തമ്മിലാണ്. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ (രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം) എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ട്‌ വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവരും.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന സര്‍വേകളെല്ലാം പറയുന്നത്. 1993 മുതലുള്ള എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും അഞ്ച് വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ ഭരണം മാറുന്നതാണ് രാജസ്ഥാന്റെ ജനവിധി. 2013ല്‍ ബിജെപി 161ഉം കോണ്‍ 21ഉം സീറ്റുകളാണ് നേടിയത്. ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണ് എന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപിയെ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ നയിക്കുമ്പോള്‍ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടുമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.

തെലങ്കാനയില്‍ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസമുണ്ടായിരുന്നപ്പോളാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ സഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. അഭിപ്രായ സര്‍വേകള്‍ തെലങ്കാനയെ സംബന്ധിച്ച സമ്മിശ്ര പ്രവചനങ്ങളാണ് പുറത്തുവിട്ടിരുന്നത്. 2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് 63 സീറ്റും കോണ്‍ഗ്രസ് 21 സീറ്റും ടിഡിപി 15 സീറ്റുമാണ് നേടിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍