TopTop

ലോക്‌സഭയില്‍ റാഫേല്‍ യുദ്ധം, പേപ്പര്‍ പ്ലെയിനുകള്‍: ഏറ്റുമുട്ടി രാഹുലും ജയ്റ്റ്‌ലിയും

ലോക്‌സഭയില്‍ റാഫേല്‍ യുദ്ധം, പേപ്പര്‍ പ്ലെയിനുകള്‍: ഏറ്റുമുട്ടി രാഹുലും ജയ്റ്റ്‌ലിയും
ലോക്‌സഭയില്‍ റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ എംപിമാരും ബഹളം വച്ചു. രണ്ട് തവണ സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. രാഹുലാണ് പ്രതിപക്ഷത്ത് നിന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രിയോട് റാഫേലുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച രാഹുല്‍, മറുപടി പറയാനുള്ള ഗട്ട്‌സ് മോദിക്കില്ലെന്ന് പരിഹസിച്ചു. എന്നാല്‍ രാഹുലിന് മറുപടി പറഞ്ഞത് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ്. രാഹുല്‍ നുണ പറയുകയാണെന്ന് മോദി ആരോപിച്ചു. അഗസ്റ്റവെസ്റ്റ്‌ലാന്റ് കേസും നാഷണല്‍ ഹെറാള്‍ഡ് കേസും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും ജയ്റ്റ്‌ലിയുടെ പ്രത്യാക്രമണം. യുദ്ധ വിമാനം എന്താണ് എന്ന് അറിയാത്തയാളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് എന്നത് ദുരന്തമാണ് എന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിക്ക് മുന്‍കൂട്ടി തയ്യാറാക്കി നല്‍കിയ 95 മിനുട്ട് ദൈര്‍ഘ്യമുള്ള ഫിക്‌സ്ഡ് ഇന്റര്‍വ്യൂ കൊടുക്കാന്‍ കഴിയും. എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള ധൈര്യമില്ല. ഇന്നലെ അഭിമുഖത്തിലും പ്രധാനമന്ത്രി ഭയപ്പെട്ടിരിക്കുന്നത് പോലെയും ക്ഷീണിതനായും കാണപ്പെട്ടു. റാഫേലില്‍ ആരും തന്നെ ചോദ്യം ചെയ്യുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ രാജ്യം മുഴുവന്‍ താങ്കളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ തമിഴ്‌നാട് പാര്‍ട്ടിയുടെ ബഹളത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഉറക്കെ വിളിച്ചുപറഞ്ഞു. എഐഎഡിഎംകെ എംപിമാരുടെ ബഹളം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എട്ട് വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ക്ക് ശേഷമാണ് വ്യോമസേന റാഫേല്‍ തിരഞ്ഞെടത്തത്. 126 വിമാനങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. ഇതാരാണ് 36 എണ്ണമാക്കി കുറച്ചത്. ഞങ്ങള്‍ക്ക് 126 വിമാനങ്ങള്‍ ആവശ്യമില്ല എന്ന് വ്യോമസേന സര്‍ക്കാരിനോട് പറഞ്ഞിരുന്നോ. അടിയന്തരമായി വിമാനങ്ങള്‍ വേണ്ടിയിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിന്നെ എന്തുകൊണ്ട് ഒരു വിമാനം പോലും ഇതുവരെ എത്തിയില്ല - രാഹുല്‍ ഗാന്ധി ചോദിച്ചു. റാഫേല്‍ കരാര്‍ രേഖകള്‍ തന്റെ ബെഡ്‌റൂമിലുണ്ടെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞതായി ഗോവ മന്ത്രി പറയുന്നതിന്റെ ഓഡിയോ റെക്കോഡിംഗ് സഭയില്‍ പ്ലേ ചെയ്ത് കേള്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് രാഹുല്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. റെക്കോഡിംഗിന് ആധികാരികതയുണ്ടോ എന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ എനിക്കറിയാം നിങ്ങള്‍ക്ക് പേടിയാണെന്ന്. ഞാന്‍ അത് പ്ലേ ചെയ്യുന്നില്ല, താങ്കള്‍ക്ക് സന്തോഷമാകുമെങ്കില്‍ - രാഹുല്‍ പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഗാന്ധി നുണ പറയല്‍ ശീലമാക്കിയ ആളാണെന്നായിരുന്നു അരുണ്‍ ജയ്റ്റ്‌ലിയുടെ പരിഹാസം. ചിലര്‍ക്ക് സത്യം ഇഷ്ടമല്ല. രാഹുല്‍ ഗാന്ധി പ്ലേ ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഓഡിയോ ടേപ്പ് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ നിര്‍മ്മിച്ചതാണെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. യുപിഎ സര്‍ക്കാര്‍ രാജ്യസുരക്ഷ അപകടത്തിലാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദുമായി ചേര്‍ന്നിറക്കിയ പ്രസ്താവനയിലും നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്നുണ്ട്. കരറിന് അന്തിമരൂപം നല്‍കുന്നതിന് മുമ്പായി 74 യോഗങ്ങള്‍ ചേര്‍ന്നു. ഇതിന് ശേഷമാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ കരാര്‍ അംഗീകരിച്ചത് - ജയ്റ്റ്‌ലി പറഞ്ഞു. ഡിഎസിയുടെ അംഗീകാരത്തിനും കാബിനറ്റ് അംഗീകാരത്തിനും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. നടപടിക്രമങ്ങളെല്ലാം കൃത്യമായി പാലിക്കപ്പെട്ടതായി സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിലവിവരങ്ങള്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതിക്ക് കാര്യം ബോധ്യമായി. എന്നാല്‍ കോഗ്രസിന് തൃപ്തിയായില്ലെന്നും ജയ്റ്റ്‌ലി പരിഹസിച്ചു.

Next Story

Related Stories