UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹമ്മദാബാദ് ഐഐഎമ്മില്‍ സംവരണ തത്വങ്ങളുടെ ലംഘനം; പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി വിഭാഗങ്ങളുടെ അഭാവം കാമ്പസുകളിലെ നാനാത്വത്തെ ബാധിക്കുന്നു

ഗവേഷണ പരിപാടികള്‍ക്കുള്ള പ്രവേശനങ്ങളില്‍ അഹമ്മദാബാദ് ഐഐഎം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സംവരണ തത്വം പാലിക്കുന്നില്ലെന്ന് കാണിച്ച് ഇന്ത്യയിലെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ (ഐഐഎം) നിന്നും ബിരുദം നേടിയവരുടെ സംഘടനയായ ഗ്ലോബല്‍ ഐഐഎം അലൂമിനി നെറ്റ്വര്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കി. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി 16ന് പ്രാഥമിക വാദം കേട്ട കോടതി വിഷയത്തില്‍ ഫെബ്രുവരി ഏഴിനുള്ള മറുപടി നല്‍കാന്‍ ഐഐഎം അഹമ്മദാബാദിനോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവേശന പ്രക്രിയ സ്റ്റേ ചെയ്യണമെന്ന പരാതിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരുടെ അപേക്ഷ കോടതി തള്ളിയതെന്ന് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വക്താവ് അനില്‍ വാഗ്‌ഡെ ദിവയര്‍.ഇന്‍-നോട് പറഞ്ഞു. കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും ഇപ്പോഴത്തെ പ്രവേശനമെന്ന് ഐഐഎം അഹമ്മദാബാദിനും കേന്ദ്ര സര്‍ക്കാരിനും അയച്ച നോട്ടീസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പരാതി കോടതി അംഗീകരിക്കുന്നപക്ഷം ഈ വര്‍ഷം മുതല്‍ തന്നെ അഹമ്മദാബാദ് ഐഐഎം സംവരണ തത്വങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് വാഗ്‌ഡെ ചൂണ്ടിക്കാട്ടി.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനേജ്‌മെന്റ് ഫെല്ലോഷിപ്പ് പരിപാടികളുടെ പ്രവേശന രീതി മാറ്റണമെന്നും സംവരണ തത്വം നടപ്പിലാക്കണമെന്നും തങ്ങള്‍ അഹമ്മദാബാദ് ഐഐഎം ഡയറക്ടര്‍ക്കും ബോര്‍ഡിനും പല വട്ടം പരാതി നല്‍കിയെങ്കിലും നടപ്പിലാക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് സംഘടനയുടെ പത്രക്കുറിപ്പ് വിശദീകരിക്കുന്നു. ഐഐഎമ്മുകള്‍ സംവരണ നയം നടപ്പിലാക്കണമെന്നും കാമ്പസുകളിലെ ബഹുസ്വരതയുടെ അഭാവം പരിഹരിക്കണമെന്നും മാനവശേഷി വികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടും അതും നടപ്പിലാക്കാന്‍ ഐഐഎമ്മുകള്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

കാമ്പസുകളിലെ നാനാത്വത്തിന്റെ അഭാവത്തിന്റെ പ്രശ്‌നം ആദ്യം ചൂണ്ടിക്കാണിച്ചത് ബംഗളൂരു ഐഐഎമ്മിലെ ഫെലോ ആയ സിദ്ധാര്‍ത്ഥ് ജോഷിയും ഫാക്കല്‍ട്ടി അംഗമായ ദീപക് മല്‍ഘാനുമായിരുന്നു. വിവരാവകാശ രേഖ പ്രകാരം തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ ഐഐഎമ്മുകളിലെ ഫാക്കല്‍റ്റികളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലെ പിന്നോക്കാവസ്ഥ അവര്‍ ചൂണ്ടിക്കാട്ടിയത്. ഗവേഷണ പരിപാടികളില്‍ മുതല്‍ അദ്ധ്യാപകരുടെ അംഗസംഖ്യയില്‍ വരെ ഈ വിഭാഗങ്ങളുടെ അഭാവം പ്രകടമാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു.

ഈ കണക്കുകള്‍ മാല്‍ഘനും ജോഷിയും പുറത്തുവിട്ടത് മുതല്‍ തന്നെ ഐഐഎം അലൂമിനി നെറ്റുവര്‍ക്ക് വിഷയത്തിന്റെ ഗൗരവം സൂചിപ്പിച്ചുകൊണ്ട് വിവിധ ഐഐം ഡയറക്ടര്‍മാര്‍ക്കും ബോര്‍ഡുകള്‍ക്കും കത്തുകളയച്ചിരുന്നു. എന്നാല്‍ 2016 സെപ്തംബറില്‍ അഹമ്മദാബാദ് ഐഐഎം പുറത്തിറക്കിയ പ്രവേശന മാര്‍ഗ്ഗരേഖകളില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഗവേഷണ പരിപാടികള്‍ക്ക് സംവരണ തത്വം നടപ്പിലാക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കോടതിയില്‍ പോകാന്‍ സംഘടന തീരുമാനിച്ചതെന്നും അനില്‍ വാഗ്‌ഡെ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍