Top

അസം പൗരത്വം: 30 വര്‍ഷം രാജ്യത്തെ സേവിച്ച കരസേന ഉദ്യോഗസ്ഥനും പട്ടികയില്‍ നിന്ന് പുറത്ത്‌

അസം പൗരത്വം: 30 വര്‍ഷം രാജ്യത്തെ സേവിച്ച കരസേന ഉദ്യോഗസ്ഥനും പട്ടികയില്‍ നിന്ന് പുറത്ത്‌
അസമിൽ മൂന്ന് പതിറ്റാണ്ട് രാജ്യത്തിന്റെ അതിർത്തി കാത്ത സൈനികനും ഇന്നലെ പുറത്തിറക്കിയ പൗരത്വ പട്ടികയിൽനിന്നും പുറത്ത്. അസം സ്വദേശിയായ മുഹമ്മദ് അസ്മൽ ഹഖിനെയാണ് അനധികൃത കുടിയേറ്റ ട്രിബ്യൂണലിൽ ഉൾപ്പെടുത്തി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഔട്ടിലൂക് മാഗസിൻ ആണ് വാർത്ത പുറത്തു വിട്ടത്.

രേഖകൾ പ്രകാരം ഹഖ് ഇന്ത്യയിലെത്തുന്നത് 1972 മാർച്ച് 21നുശേഷമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോറിൻ ട്രിബ്യൂണൽ പൗരത്വം തെളിയിക്കാൻ സൈന്യത്തിൽ ജൂനിയർ കമീഷൻഡ് ഓഫിസറായ ഹഖിനോട് ആവശ്യപ്പെട്ടത്. രണ്ടാമത്തേതും അന്തിമവുമായ കരട് പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നായിരുന്നു ഇത്.

‘സംശയിക്കപ്പെടുന്ന വോട്ടർ’ എന്ന വിഭാഗത്തിലാണ് അസമിലെ അനധികൃത കുടിയേറ്റ ട്രിബ്യൂണൽ ഹഖിനെ ഉൾപ്പെടുത്തിയത്. സർക്കാരിന്റെ പൗരത്വ ലിസ്റ്റിനെതിരെ ഹഖ് രംഗത്തെത്തി. താൻ അസമീസ് വംശജനാണെന്നും തന്റെ പൗരത്വം പരിശോധിക്കപ്പെട്ടതാണെന്നും അദ്ദേഹം ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. 1966-ലെ വോട്ടർപട്ടികയിൽ തന്റെ പിതാവിന്റെ പേരുൾപ്പെട്ടതും 1951ലെ പൗരത്വപ്പട്ടികയിൽ മാതാവിന്റെ പേരുൾപ്പെട്ടതും ഹഖ് ചൂണ്ടിക്കാട്ടി. 2012-ൽ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് രേഖകൾ സമർപ്പിച്ചതും ഇന്ത്യൻ പൗരത്വം തെളിയിക്കപ്പെട്ടതുമായിരുന്നു. തന്നെ ഇത്തരത്തിൽ അപമാനിക്കുന്നതിനെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും ഹഖ് ആവശ്യപ്പെട്ടു.

നിരവധി മാസത്തെ പരിശീലനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ ഞാൻ കരസേന സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഈ തീരുമാനം വിഷമകരമാണെന്നും ഹഖ് പറഞ്ഞു. കരസേനയുടെ കമ്പ്യൂട്ടർ, നെറ്റ്‌വർക്കിങ് സംഘങ്ങളിലാണ് സർവീസിലുടനീളം ഹഖ് ജോലി ചെയ്തത്. ഇതിനുള്ള രേഖകളെല്ലാം ഓൺലൈനായിതന്നെ ലഭ്യമായിരിക്കെയാണ് ഹഖ് പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായത്.

40 ലക്ഷത്തോളം പേരെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (NRC) പുതുക്കലിന്റെ അവസാന കരട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ആകെ അപേക്ഷിച്ച 3.39 കോടി അപേക്ഷകളില്‍ നിന്ന് 2.90 കോടി ആളുകളെ മാത്രമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുറത്താക്കപ്പെട്ട 40 ലക്ഷത്തോളം പേര്‍ക്ക് സെപ്റ്റംബര്‍ 28 വരെ ഒരിക്കല്‍ കൂടി തങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഈ നാൽപതു ലക്ഷത്തിൽ ഒരു സൈനികൾ കൂടി ഉൾപ്പെട്ട എന്ന വാർത്ത വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കും.

ഇന്ത്യന്‍ പൗരന്മാരല്ലെന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇതിനകം തന്നെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുണ്ട്. ഇന്ത്യ അവരെ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കുകയും ബംഗ്ലാദേശ് അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോടെ വലിയ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവാന്‍ പോവുക. അതുകൊണ്ട് NRCയുടെ പിന്നാലെ വരുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളായിരിക്കും ഡിറ്റന്‍ഷന്‍ സെന്ററുകളിലെത്തുക. അവയ്‌ക്കൊക്കെ കുറച്ച് ആളുകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളൂ എന്നിരിക്കെ, ദീര്‍ഘകാലത്തേക്ക് ഇത് വലിയ പ്രശ്‌നമായി മാറും.

https://www.azhimukham.com/edit-assam-national-register-of-citizens-migrants-life-and-potential-targets/

Next Story

Related Stories