UPDATES

ട്രെന്‍ഡിങ്ങ്

മോഹൻലാലിനെ മത്സരിപ്പിക്കാൻ ആർഎസ്എസ്; ‘വിശ്വശാന്തി ഫൗണ്ടേഷൻ’ രാഷ്ട്രീയ അടിത്തറയാക്കാൻ തീരുമാനം

മോഹൻലാലിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിൽ ചർച്ചകൾ കൊഴുക്കുമ്പോഴും ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഇതിൽ നിന്നെല്ലാം മാറ്റി നിറുത്തപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

2019 ലോകസഭാ തെരഞ്ഞെടുപ്പിൽ മോഹൻലാലിനെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ആർഎസ്എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഡെക്കാൻ  ഹെറാള്‍ഡാണ്‌ ഡൽഹിയിൽ നിന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും മോഹൻലാലിനെ മത്സരിപ്പിക്കാനാണ് നീക്കം.

അതെസമയം, കേരളത്തില്‍ ബിജെപിയിലേക്ക് നാഗ്പൂരിൽ നിന്ന് ആളുകളെ നൂലിൽ കെട്ടിയിറക്കുന്നതായുള്ള ആരോപണം നിലനിൽക്കുന്നതിനാൽ ആർഎസ്എസ് വളരെ ശ്രദ്ധയോടെ മാത്രമേ ഇക്കാര്യത്തിൽ നീക്കം നടത്തുകയുള്ളൂ. മോഹൻലാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കുറെ നാളുകളായി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. ആർഎസ്എസ്സിന്റെ ശ്രമങ്ങളോട് നടൻ അനുകൂലമായി പ്രതികരിച്ചിരുന്നില്ലെന്നും വിവരമുണ്ടായിരുന്നു.

മോഹൻലാലിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആർഎസ്എസ്സിൽ ചർച്ചകൾ കൊഴുക്കുമ്പോഴും ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഇതിൽ നിന്നെല്ലാം മാറ്റി നിറുത്തപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

ഇക്കഴിഞ്ഞ ദിവസം മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോയിക്കണ്ട് ചർച്ച നടത്തിയ വാർത്തകളും വരുന്നുണ്ട്. മോഹൻലാലിന്റെ നേതൃത്വത്തിൽ വയനാട്ടില്‍ പ്രവർത്തിക്കുന്ന ‘വിശ്വശാന്തി ഫൗണ്ടേഷന്‍’ എന്ന സംഘടനയുടെ പരിപാടിയിലേക്ക് മോദിയെ ക്ഷണിക്കാനായിരുന്നു മോഹൻലാലിന്റെ സന്ദർശനം. ഈ സന്ദർശനത്തിൽ ലാലിന്റെ രാഷ്ട്രീയപ്രവേശനമൊന്നും ചർച്ചയായിട്ടില്ല.

ആർഎസ്എസ്സുമായി ബന്ധമുള്ള ഈ സംഘടനയിലൂടെ സാമൂഹ്യപ്രവർത്തകനെന്ന നിലയിലേക്ക് മോഹൻലാലിനെ ഉയർത്തിക്കൊണ്ടു വരികയും അതുവഴി രാഷ്ട്രീയപ്രവേശനത്തിനുള്ള വഴിയൊരുക്കുകയുമാണ് ലക്ഷ്യം. ‘ആദിവാസികളുടെ ഉന്നമനം’ ലക്ഷ്യം വെക്കുന്ന ഈ സംഘടന കുറച്ചുകാലമായി പ്രവർത്തിക്കുന്നുണ്ട്. സംഘപരിവാറിന്റെ നേതാക്കളാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെല്ലാം.

ഇത്തരം സംഘടനകളുടെ പരിപാടികളിൽ മോഹൻലാലിനെ സജീവ സാന്നിധ്യമാക്കിക്കൊണ്ടു വരാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. കേരളത്തിൽ വലിയ നടനാണെങ്കിലും അതു കൊണ്ടു മാത്രം തെരഞ്ഞെടുപ്പ് ജയിക്കില്ലെന്നതിനാലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഒരു ആർഎസ്എസ് നേതാവ് പറഞ്ഞതായി ഡെക്കാൻ ക്രോണിക്കിൾ വാർത്ത സൂചിപ്പിക്കുന്നു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ അദ്ദേഹം മിസോറമില്‍ ഗവർണറായി പോയതിനാൽ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. കുമ്മനം ഇനി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചുവരാനുള്ള സാധ്യതയും കുറവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍