UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല സംഘര്‍ഷം ഇന്ത്യക്ക് അപമാനം: വാഷിംഗ്ടണ്‍ പോസ്റ്റില്‍ ബര്‍ഖ ദത്ത്‌

ആര്‍ത്തവ രക്തം അശുദ്ധമെന്ന് കരുതുന്നുണ്ടെങ്കില്‍ ഇന്ദിര ഗാന്ധിയേയോ ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനേയോ ആഘോഷിക്കുന്നതില്‍ ഒരു കാര്യവുമില്ല.

ശബരിമല പ്രതിഷേധവും സംഘര്‍ഷവും ഇന്ത്യയുടെ വനിതാവകാശ മുന്നേറ്റങ്ങള്‍ക്ക് അപമാനമാണ് എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് ബര്‍ഖ ദത്ത് ഇക്കാര്യം പറയുന്നത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് യുദ്ധ വിമാന പൈലറ്റ് ആകാം. കോര്‍പ്പറേറ്റ് സിഇഒ ആകാം, പാരാട്രൂപ്പറാകാം, അത്‌ലറ്റ് ആകാം, പ്രധാനമന്ത്രിയുമാകാം (യുഎസിന് ഇതുവരെ വനിത പ്രസിഡന്റ് ഉണ്ടായിട്ടില്ല). എന്നാല്‍ ഈ 2019ലും ആര്‍ത്തവം സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പോകുന്നതില്‍ നിന്ന് തടയാന്‍ കാരണമാകരുത് എന്ന് പറയേണ്ടി വരുന്നു. മാസമുറ സമയത്ത് സ്ത്രീകള്‍ സ്വയം മലിന ജീവികളായി കരുതി അകന്നുനില്‍ക്കേണ്ടി വരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഏത് തരത്തിലുള്ള ആഗോളശക്തിയാവാനാണ് കഴിയുക. ഇത് ആധുനികകാല അയിത്തമല്ലാതെ മറ്റെന്താണ് – ബര്‍ഖ ദത്ത് ചോദിക്കുന്നു.

വനിതാമതില്‍ സംബന്ധിച്ചും ബര്‍ഖ ദത്ത് പറയുന്നു. ലോകചരിത്രത്തില്‍ തന്നെ ഇത്രയധികം സ്ത്രീകള്‍ ഒരുമിച്ച് ചേര്‍ന്നുള്ള, സ്ത്രീകളുടേത് മാത്രമായ ഒരു പരിപാടി വേറെ നടന്നിട്ടുണ്ടാകാന്‍ ഇടയില്ലെന്ന് ബര്‍ഖ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു വിശ്വാസ പാരമ്പര്യങ്ങള്‍ക്കാണ് ഭരണഘടനയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് എന്ന നിലപാടാണ് മോദി സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നത്. ഇത് നിരുത്തരവാദപരവും അപകടകരവുമാണ്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഈ വിഷയത്തില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കേരളത്തില്‍ നിന്നുള്ള പണ്ഡിതനായ എംപിയും സ്വയംപ്രഖ്യാപിത ലിബറലുമായ ശശി തരൂര്‍ പോലും ശബരിമലയിലെ പ്രായഭേദമന്യേയും സ്ത്രീ പ്രവേശനം അംഗീകരിക്കുന്നില്ല. സുപ്രീം കോടതി വിധിക്ക് ശേഷം മാസങ്ങള്‍ക്കൊടുവില്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചപ്പോള്‍ ശശി തരൂര്‍ പറഞ്ഞത് ഇത് അനാവശ്യവും പ്രകോപനപരവമാണ് എന്നാണ്. ശബരിമലയില്‍ പ്രധാന ദേശീയ പാര്‍ട്ടികളുടെയെല്ലാം കീഴടങ്ങല്‍ അടിസ്ഥാനപരമായ ഉദാരമാനവിക മൂല്യങ്ങളുടെ പരാജയവും ഭൂരിപക്ഷ അപ്രമാദിത്വത്തിന്റെ വിജയവുമാണ്.

സ്ത്രീകള്‍ കയറിയതിനെ തുടര്‍ന്ന് ക്ഷേത്ര നട അടയ്ക്കുകയും ശുദ്ധീകരണം നടത്തുകയും ചെയ്ത തന്ത്രിയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലതുപക്ഷ ഗുണ്ടാ ആക്രമണം നടക്കുന്നു. ബോംബുകള്‍ എറിയുന്നു. സ്ത്രീയുടെ മാസമുറ ഇത്തരത്തില്‍ വയലന്‍സിന് കാരണമാകാന്‍ പാടുണ്ടോ. ഹിന്ദുക്കളുമായും മുസ്ലീങ്ങളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പാണ് ശബരിമല വ്യക്തമാക്കുന്നത് – മുത്തലാഖ്, ശബരിമല വിഷയങ്ങളിലെ പരസ്പര വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാട്ടി ബര്‍ഖ ദത്ത് പറയുന്നു. ആര്‍ത്തവ രക്തം അശുദ്ധമെന്ന് കരുതുന്നുണ്ടെങ്കില്‍ ഇന്ദിര ഗാന്ധിയേയോ ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനേയോ ആഘോഷിക്കുന്നതില്‍ ഒരു കാര്യവുമില്ല. ശബരിമല നമ്മുടെ ലിബറല്‍ മൂല്യങ്ങളുടെ ചരമം മാത്രമല്ല കാണിച്ചുതരുന്നത്, ഇന്ത്യയില്‍ ഒരു സ്ത്രീയായിരിക്കുക എന്നതിലെ വൈരുദ്ധ്യങ്ങളും ദുരവസ്ഥയും കൂടിയാണ്.

വായനയ്ക്ക്: https://goo.gl/1BjwKa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍