ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള വിധിയില്‍ പുനപരിശോധനാ ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിധിയില്‍ വ്യക്തത തേടിയുള്ള ഹര്‍ജിക്ക് പുറമെയാണ് ഇത്. സെന്‍കുമാര്‍ കേസില്‍ നിയമ സെക്രട്ടറിയുടേയും അഡ്വക്കറ്റ് ജനറലിന്റേയും ഉപദേശം ലഭിച്ചതായും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചീഫ് സെക്രട്ടറി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാടിന് വിരുദ്ധമായാണ് പുതിയ ഹര്‍ജി.
വിധി നടപ്പാക്കാന്‍ വൈകുന്നത് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെന്‍കുമാര്‍ പൊലീസ് മേധാവി ആയിരുന്നിലെന്നാണ് സര്‍ക്കാരിന്റെ പുതിയ വാദം. സംസ്ഥാന പൊലീസ് മേധാവിയായി അല്ല യുഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ നിയമിച്ചതെന്നും പൊലീസിന്റെ ചുമതലയുള്ള ഡിജിപി ആയാണ് നിയമിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം. പൊലീസ് മേധാവി അല്ലാതിരുന്ന ആളെ എങ്ങനെ ആ സ്ഥാനത്ത് വീണ്ടും നിയമിക്കും എന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. അതേസമയം സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞത് ശ്രദ്ധേയമായി.
ഉത്തരവ് നടപ്പാക്കാന്‍ വൈകിപ്പിക്കുന്നതായി ആരോപിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിയില്‍ സെന്‍കുമാര്‍ വാദിക്കുന്നത്. ഇക്കാരണത്താല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരാമര്‍ശിച്ച് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ നിന്ന് സെന്‍കുമാറിന്റെ അഭിഭാഷകര്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി.
വിധി നടപ്പാക്കുന്നത് മറ്റ് ഡിജിപിമാരുടെ സ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത തേടിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സെന്‍കുമാറിനെ അടക്കം മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ സുപ്രധാന നിയമനങ്ങളിലെല്ലാം കോടതി വിധി ബാധകമാകുമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത തേടിയിട്ടുണ്ട്. ഇത് കൂടാതെ, സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍കുമാറിന് പൊലീസ് മേധാവിയാകാന്‍ അര്‍ഹതയില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നു.
സെന്‍കുമാര്‍ പ്രതിപക്ഷവുമായി ചേർന്ന് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഒരു വിഭാഗം സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച ചില രേഖകൾ അവർക്കു ചോർത്തി നൽകിയത് സെൻകുമാറാണെന്നാണ് ആരോപണം. വ്യത്യസ്ത നിലപാടുകള്‍ക്കൊടുവില്‍ സെന്‍കുമാറിന് നിയമനം നല്കാന് ഏകദേശ ധാരണയായിരുന്നെങ്കിലും സര്‍ക്കാര്‍ വീണ്ടും മലക്കംമറിയുകയായിരുന്നു. അതേസമയം രേഖ ചോര്‍ത്തിയെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുണ്ട്.