Top

ഐഎസില്‍ ചേരാന്‍ പോയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍; ആറ് മലയാളികള്‍ സിറിയയിലെ ഐഎസ് ക്യാമ്പില്‍

ഐഎസില്‍ ചേരാന്‍ പോയ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍; ആറ് മലയാളികള്‍ സിറിയയിലെ ഐഎസ് ക്യാമ്പില്‍
ആറ് മലയാളികള്‍ സിറിയയില്‍ ഐസിസിന് വേണ്ടി യുദ്ധരംഗത്തുണ്ടെന്ന് വിവരം. ഐഎസിനൊപ്പം ചേരാന്‍ വേണ്ടി തുര്‍ക്കിയില്‍ നിന്ന് സിറിയയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവേ പിടിയിലായി ഇന്ത്യയിലേയ്ക്ക് അയയ്ക്കപ്പെട്ട കണ്ണൂര്‍ സ്വദേശിയാണ് ഡല്‍ഹി പൊലീസിന് ഈ വിവരം നല്‍കിയിരിക്കുന്നത്. ഷാജഹാന്‍ വെള്ളുവക്കണ്ടി എന്നയാളാണ് ജൂലായ് ഒന്നിന് സിറിയയിലേയ്ക്ക് കടക്കാനുള്ള മൂന്നാമത്തെ ശ്രമത്തിനിടെ പിടിയിലായത്.

സിറിയയിലുള്ള ആറ് മലയാളികളില്‍ ചിലര്‍ ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്ന് ഇറാന്‍ വഴിയാണ് തുര്‍ക്കിയിലെത്തിയത്. തുര്‍ക്കിയില്‍ നിന്ന് നടന്നാണ് സിറിയയിലേയ്ക്ക് കടന്നത്. തുര്‍ക്കിയിലെ ഏത് മേഖലയില്‍ നിന്നാണ് ഇവര്‍ സിറിയയിലേയ്ക്ക് കടന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഷാജഹാനെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. തുര്‍ക്കി - സിറിയ അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ കഴിയുന്ന നിരവധി മേഖലകളുണ്ട്. സിറിയയിലേയ്ക്ക് കടന്ന പലരുടേയും കുടുംബാംഗങ്ങള്‍ക്ക് ഇവരെ പറ്റി യാതൊരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇസ്താംബുളില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് വരുകയായിരുന്നു ഷാജഹാന്‍ വെള്ളുവക്കണ്ടി. ഇവിടെ തുര്‍ക്കി പൊലീസ് നടത്തിയ റെയ്ഡിലാണ് ഷാജഹാനെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദ ഹിന്ദുവിനോട് പറഞ്ഞു. ഓണ്‍ലൈന്‍ വഴി ബന്ധങ്ങള്‍ പുലര്‍ത്തുകയും ആറ് പേര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തയാള്‍ തന്നെയാണോ ഷാജഹാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് എന്ന കാര്യം പൊലീസ് പരിശോധിച്ച് വരുകയാണ്. ഷാജഹാന്റെ ആദ്യത്തെ ശ്രമം കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. ഒറ്റയ്ക്ക് മലേഷ്യയിലേയ്ക്കാണ് ആദ്യം പോയത്. എന്നാല്‍ തുര്‍ക്കിയില്‍ ആരുമായും ബന്ധപ്പെടാനായില്ല. നാട്ടിലേയ്ക്ക് തിരിച്ചുപോന്നു. 2016 ഫെബ്രുവരിയില്‍ മലേഷ്യയില്‍ നിന്ന് തന്നെ രണ്ടാമതും ശ്രമിക്കുകയും തുര്‍ക്കിയിലേയ്ക്ക് കടക്കുകയും ചെയ്തു. ഭാര്യയോടും കുട്ടികളോടും ഒപ്പമാണ് 2016 ജൂണില്‍ തുര്‍ക്കിയിലേയ്ക്ക് പോകുന്നത്. ഷാജഹാനേയും കുടുംബത്തേയും തുര്‍ക്കി അധികൃതര്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുവിട്ടു. 2017ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വീണ്ടും മലേഷ്യയിലെത്തുകയും അവിടെ നിന്ന് ഇറാന്‍ വഴി തുര്‍ക്കിയിലെത്തുകയും ചെയ്യുകയായിരുന്നു.

ഇറാഖിലും സിറിയയിലും ഐഎസിന് പൊതുവെ തിരിച്ചടിയേറ്റുകൊണ്ടിരിക്കുകയാണ്. നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ മിക്കതും അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ഈ സമയത്ത് തന്നെ സിറിയയില്‍ ഐഎസിന്റെ ഭാഗമാകാന്‍ ആളുകള്‍ കടക്കുന്നത് വളരെ ഗൗരവമായാണ് കാണുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഷാജഹാന്‍ മൊഴി നല്‍കുന്നത് വരെ ഇവര്‍ സിറിയയിലേയ്ക്ക് കടന്നത് സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരമൊന്നും ഉണ്ടായിരുന്നു ഫെബ്രുവരി മുതല്‍ അന്വേഷണ ഏജന്‍സികളുടേയും പൊലീസിന്റേയും നിരീക്ഷണത്തിലായിരുന്ന ഷാജഹാന്‍ ഈ രഹസ്യാന്വേഷണ നിരീക്ഷണങ്ങളെയെല്ലാം വെട്ടിച്ചാണ് കടന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ മലയാളി സംഘം ഇറാന്‍ വഴി അഫ്ഗാനിസ്ഥാനിലെത്തുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് നിയന്ത്രിത പ്രദേശത്താണ് ഇവരെത്തിയത്. തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാനുമായി (ടിടിപി) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിലായത് ഖൊറാസാന്‍ ഇസ്ലാമിക് സ്റ്റേറ്റ് 2015ലാണ് നിലവില്‍ വന്നത്. ഈ 21ല്‍ മൂന്ന് പേര്‍ യുഎസ് സേനയുടെ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 2014 മുതല്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 30 ഇന്ത്യക്കാരെ സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്. ഇതില്‍ ഭൂരിഭാഗവും നേരത്തെ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായിരുന്നവരാണ്.

Next Story

Related Stories