UPDATES

ആറ് യുഎസ് ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ധാരണ

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യുഎസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി ആന്‍ഡ്രിയ തോംപ്‌സണുമായി രണ്ട് ദിവസം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്തിയത്.

ആറ് യുഎസ് ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഇന്ത്യയും യുഎസും ധാരണയിലെത്തി. ആണവ, സുരക്ഷാരംഗങ്ങളിലെ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചതായും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യുഎസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി (ആംസ് കണ്‍ട്രോള്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി) ആന്‍ഡ്രിയ തോംപ്‌സണുമായി രണ്ട് ദിവസം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ധാരണയിലെത്തിയത്.

യുഎസ് നൂക്ലിയര്‍ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 10 വര്‍ഷത്തിലധികമായി നടക്കുന്നുണ്ട്. അതേസമയം ഇന്ത്യയുടെ ബാധ്യത ചട്ടങ്ങള്‍ പദ്ധതികള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നതായി റോയിട്ടേഴ്‌സ് പറയുന്നു. ആണവ നിലയങ്ങളിലെ അപകടങ്ങളുടെ ബാധ്യത പ്ലാന്റ് നിര്‍മ്മാതാക്കള്‍ക്കല്ല, ഓപ്പറേറ്റര്‍ക്കാണ് എന്ന വ്യവസ്ഥ ഇന്ത്യ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പിറ്റ്‌സ്ബര്‍ഗ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെസ്റ്റിംഗ് ഹൗസ് കമ്പനിയുമായി ഇന്ത്യ റിയാക്ടര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടപ്പെട്ട് ചര്‍ച്ചകളും വിലപേശലും നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ബാധ്യത വ്യവസ്ഥ മൂലം ചര്‍ച്ച മന്ദഗതിയിലാണ് മുന്നോട്ടുപോയത്.

2017ല്‍ വെസ്റ്റിംഗ് ഹൗസ് ബാങ്ക് റപ്റ്റ്‌സി ഫയല്‍ ചെയ്തു. യുഎസ് റിയാക്ടറുടെ നിര്‍മ്മാണ ചിലവ് വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. 2018ല്‍ കാനഡയിലെ ബ്രൂക്ഫീല്‍ഡ് അസെറ്റ് മാനേജ്‌മെന്റ് വെസ്റ്റിംഗ്ഹൗസിനെ തോഷിബയില്‍ നിന്ന് വാങ്ങി. കഴിഞ്ഞ ഏപ്രിലില്‍ യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക് പെറി ഇന്ത്യയുമായുള്ള കരാറിന് വെസ്റ്റിംഗ് ഹൗസിന് പിന്തുണ അറിയിച്ചു. ആന്ധ്രപ്രദേശില്‍ ആറ് എപി 1000 റിയാക്ടറുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി.

2008ല്‍ ഇന്ത്യയും യുഎസും ഒപ്പുവച്ച സിവിലിയന്‍ ആണവ കരാറിന്റെ ഭാഗമായാണ് 2016ലെ കരാറും. റഷ്യയുമായി ആറ് റിയാക്ടര്‍ കൂടി നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഏഷ്യയില്‍ ഫോസില്‍ ഇന്ധനം പുറന്തള്ളുന്ന കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 2024നകം ആണവോര്‍ജ്ജ ഉല്‍പ്പാദനം മൂന്ന് മടങ്ങായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായാണ് കരാറുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍