ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട ബിഹാര്‍ ഷെല്‍ട്ടര്‍ ഹോമിലേതെന്ന് കരുതുന്ന അസ്ഥികൂടം സിബിഐ കണ്ടെത്തി

ജെഡിയു സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബ്രജേഷ് സിംഗ് ഠാക്കൂര്‍ എന്ന മാധ്യമ ഉടമയാണ് തന്റെ എന്‍ജിഒയ്ക്ക് കീഴില്‍ ഈ സ്ഥാപനം നടത്തിയിരുന്നത്. ബലാത്സംഗത്തെ എതിര്‍ത്ത ഒരു പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതായി മറ്റ് പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു.

നിരവധി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ക്രൂരമായ ശാരീരിക പീഡനത്തിനും ഇരയായതായി പരാതിയുള്ള ബിഹാര്‍ മുസഫര്‍പൂരിലെ വിവാദ ഷെല്‍ട്ടര്‍ ഹോമിലേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. സിബിഐ അന്വേഷണ സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്. അന്തേവാസികളായിരുന്ന പെണ്‍കുട്ടികളില്‍ ഒരാളുടേതാണ് അസ്ഥികൂടം എന്ന് സംശയിക്കുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതര്‍ പ്രതികളായ കേസാണിത്. ജെഡിയു സര്‍ക്കാരുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബ്രജേഷ് സിംഗ് ഠാക്കൂര്‍ എന്ന മാധ്യമ ഉടമയാണ് തന്റെ സേവ സങ്കല്‍പ്പ് ഏവം വികാസ് സമിതി എന്ന എന്‍ജിഒയ്ക്ക് കീഴില്‍ ഈ സ്ഥാപനം നടത്തിയിരുന്നത്. ബ്രജേഷ് ഠാക്കൂര്‍ നിലവില്‍ ജയിലിലാണ്. ബലാത്സംഗത്തെ എതിര്‍ത്ത ഒരു പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതായി നേരത്തെ മറ്റ് പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു.

സിക്കന്ദര്‍പൂരിലെ ശ്മശാനത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ബ്രജേഷ് ഠാക്കൂറിന്റെ ഡ്രൈവറാണ് സിബിഐ സംഘത്തെ ഇവിടേയ്ക്ക് നയിച്ചത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമിനൊപ്പമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്‌കാര സ്ഥലത്തെത്തിയതെന്ന് എഎന്‍ഐ പറയുന്നു. ബ്രജേഷ് ഠാക്കൂറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം പെണ്‍കുട്ടികള്‍ ഇവിടെ ബലാത്സംഗത്തിനും ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയായതായാണ് കണ്ടെത്തല്‍. കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ പാറ്റ്‌ന ഹൈക്കോടതി ഉത്തരവ് സെപ്റ്റംബര്‍ 20ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സാമൂഹ്യക്ഷേമ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോമിലെ പീഡനങ്ങള്‍ പുറത്തുവന്നത്. ബ്രജേഷ് ഠാക്കൂറിന് മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അടുത്ത ബന്ധവും സര്‍ക്കാര്‍ ഫണ്ടിംഗും ചൂണ്ടിക്കാട്ടി ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ കടന്നാക്രമണം തുടങ്ങി. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ രാജി വച്ചു. ഈ വര്‍ഷം ജനുവരിയ്ക്കും ജൂണിനുമിടയില്‍ മഞ്ജു വര്‍മയുടെ ഭര്‍ത്താവ്, ബ്രജേഷുമായി പലതവണ നടത്തിയ കൂടിക്കാഴ്ചകളും സംഭാഷണങ്ങളുമാണ് അവരുടെ രാജിയിലേയ്ക്ക് നയിച്ചത്.

ബിഹാര്‍ ‘സര്‍ക്കാരിന്റെ സ്വന്തം’ ബ്രജേഷ് ഠാക്കൂര്‍: 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ

ബലാത്സംഗം ചെയ്യപ്പെട്ടത് 34 അനാഥപെണ്‍കുട്ടികള്‍; ബിഹാറില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍