UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേരെ കല്ലേറും ചെരിപ്പേറും

കോണ്‍ഗ്രസ് തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് എന്ന് ആരോപിച്ച ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ അജയ് സിംഗിനെ വെല്ലുവിളിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേരെ കല്ലേറും ചെരിപ്പേറും. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള ചുരാഹത് മേഖലയില്‍ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ചെരിപ്പേറുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. കല്ലേറില്‍ ചൗഹാന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പ്രതിപക്ഷ നേതാവ് അജയ് സിംഗാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അജയ് സിംഗിന്റെ മണ്ഡലത്തിലാണ് സംഭവം. എസ് സി – എസ്ടി ആക്ട് ദുര്‍ബലപ്പെടുത്തുന്നതിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് എന്ന് ആരോപിച്ച ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ അജയ് സിംഗിനെ വെല്ലുവിളിച്ചു. അതേസമയം കോണ്‍ഗ്രസുകാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും ഇത് തന്നെയും പ്രദേശവാസികളേയും മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും അജയ് സിംഗ് ആരോപിച്ചു.
ശിവരാജ് സിംഗ് ചൗഹാന്റെ മറ്റൊരു റാലിയ്ക്കിടെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.

ഗ്വാളിയോറില്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. അതേസമയം ദലിത് പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും പ്രതിഷേധമുയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെ കരിങ്കൊടി കാണിച്ചിരുന്നു. കോണ്‍ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധമുയര്‍ന്നു. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍