Top

സിബിഐ കേസും കരിമ്പട്ടികയും പ്രശ്നമല്ല: ദേശീയപാത പദ്ധതികളില്‍ കണ്ണും നട്ട് എസ് എന്‍ സി ലാവലിന്‍

സിബിഐ കേസും കരിമ്പട്ടികയും പ്രശ്നമല്ല: ദേശീയപാത പദ്ധതികളില്‍ കണ്ണും നട്ട് എസ് എന്‍ സി ലാവലിന്‍
ഇന്ത്യയിലും വിദേശത്തും അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്ന വിവാദ കനേഡിയന്‍ എഞ്ചിനിയറിംഗ് - കണ്‍സ്്ട്രക്ഷന്‍ കമ്പനി എസ് എന്‍ സി ലാവലിന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ടുകളില്‍ താല്‍പര്യമറിയിച്ച് രംഗത്ത്. ആപ്പിള്‍ബൈ വഴിയാണ് പുതിയ കമ്പനിക്കായി ലാവലിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ് എന്‍ സി ലാവലിന്‍ മൗറീഷ്യസ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ കമ്പനി. എസ് എന്‍ സി ലാവലിന്‍ എസ് എ എസ്, എസ് എന്‍ സി ലാവലിന്‍ യൂറോപ്പ് എസ് എ എസ് എന്നീ കമ്പനികളുടെ കൂട്ടായ ഉടമസ്ഥതയിലാണ് പുതിയ കമ്പനി. ആപ്പിള്‍ബൈ രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളുടെ ടെണ്ടറില്‍ പങ്ക് ചേരാന്‍ താല്‍പര്യമറിയിക്കുന്ന പ്രമേയം ലാവലിന്‍ മൗറീഷ്യസിന്റെ ഡയറക്ടര്‍ബോഡ് പാസാക്കിയിരുന്നു.

കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് ഗദ്ദാഫിയുടെ കുടുംബത്തിനും അനുയായികള്‍ക്കും വന്‍ തുക കോഴ നല്‍കിയെന്ന ആരോപണം ലാവലിനെതിരെ 2015ല്‍ ഉയര്‍ന്നിരുന്നു. വിവിധ കരാറുകള്‍ക്കായി ഗദ്ദാഫിയുടെ മകന്‍ സാദി ഗദ്ദാഫിക്ക് വന്‍ തുക കോഴയായും പാരിതോഷികങ്ങളായും നല്‍കിയെന്ന് വെളിപ്പെടുത്തിയത് കമ്പനിയുടെ മുന്‍ എക്‌സിക്യൂട്ടീവായ റിയാദ് ബിന്‍ ഐസയാണ്.
2013ല്‍ ലോകബാങ്ക് ലാവലിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അതേസമയം ആപ്പിള്‍ബൈയുടെ കോംപ്ലിയന്‍സ് റിസ്‌ക് റിവ്യു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ലാവലിനെ പൂര്‍ണമായും വിലക്കിയിട്ടില്ലെന്നാണ്. ബംഗ്ലാദേശിലെ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ ലാവലിനെതിരെ അന്വേഷണം നടന്നിരുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കമ്പനിക്കെതിരെ അന്വേഷണം നടത്തി. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ലാവലിനെ ഡീബാര്‍ ചെയ്തു. എന്നാല്‍ കമ്പനിയുടെ യോഗ്യതയെക്കുറിച്ച് വിശദാംശങ്ങള്‍ തേടി ദേശീയപാത അതോറിറ്റി 2013 ഏപ്രിലിലും മേയിലും ആപ്പിള്‍ബൈയ്ക്ക് കത്തയച്ചിരുന്നു. ആഗോളതലത്തില്‍ പദ്ധതി കരാറുകളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടാക്കിയെങ്കിലും കമ്പനി ഇന്ത്യയില്‍ സുഗമമായി ബിസിനസ് തുടര്‍ന്നു.

2010ല്‍ റായല്‍സീമ എക്‌സ്പ്രസ് വേ ലിമിറ്റഡില്‍ (ആര്‍ഇഎല്‍) തങ്ങളുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിരുന്നു. ആര്‍ഇഎല്‍ വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ്. ആന്ധ്രപ്രദേശിലെ കടപ്പയേയും കര്‍ണൂലിനേയും ബന്ധിപ്പിക്കുന്ന എന്‍എച്ച് 18ന്റെ നിര്‍മ്മാണവും നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ആര്‍ഇഎല്‍ രൂപീകരിക്കുന്നത്. പിറാമല്‍ ഇന്‍ഫ്ര പ്രൈവറ്റ് ലിമിറ്റഡുമായി സംയുക്ത ബിഡ്ഡിംഗ് കരാറില്‍ ലാവലിന്‍ ഒപ്പുവച്ചിരുന്നു. ഗുജറാത്തില്‍ ഭവ് നഗര്‍ - വെരാവല്‍ എന്‍ എച്ച് 8 ഇയ്ക്ക് വേണ്ടിയുള്ള ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ 2012 ഏപ്രില്‍ 16ന്റെ പ്രമേയത്തിലുണ്ട്. ഏറ്റവും പുതിയ എന്‍എച്ച്എഐ രേഖകള്‍ പ്രകാരം ഭവ്‌നഗര്‍ - വരാവല്‍ മേഖലയിലെ നിര്‍മ്മാണത്തിന് കരാറുള്ള കമ്പനിയല്ല ലാവലിന്‍. എന്നാല്‍ മറ്റ് പല ദേശീയപാത പദ്ധതികളിലും കരാര്‍ കമ്പനിയോ കണ്‍സോര്‍ഷ്യം പങ്കാളിയോ ആണ് ലാവലിന്‍.

2001ല്‍ ഭില്‍വാര ബൈപാസിനേയും ചിത്തോര്‍ഗഡിനേയും ബന്ധിപ്പിക്കുന്ന 66 കിലോമീറ്റര്‍ റോഡിന്റെ കരാര്‍ എസ് എന്‍ സി ലാവലിനാണ് നേടിയത്. 2017 മേയിലെ എന്‍എച്ച്എഐയുടെ ഫണ്ടിംഗ് ലിസ്റ്റ് ഇത് വ്യക്തമാക്കുന്നു. 2005ല്‍ ന്യൂമാംഗ്ലൂര്‍ തുറമുഖ പാത നാല് വരിയാക്കല്‍, 2009ല്‍ ഗുഡ്ഗാവ് - കോട്പുട്‌ളി-ജയ്പൂര്‍ ഹൈവേ ആറ് വരിയാക്കല്‍, 2011ല്‍ ഗാസിയാബാദ്-അലിഗഡ് പാതയുടെ ഒരു ഭാഗത്തെ നിര്‍മ്മാണം തുടങ്ങിയ കരാറുകള്‍ ലാവലിന് ലഭിച്ചിരുന്നു. കരാറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി എസ് എന്‍ സി ലാവലിന്റെ മാധ്യമ വിഭാഗത്തിന് ഇ മെയിലുകള്‍ അയച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1998ല്‍ പന്നിയാര്‍, ചെങ്കുളം (സെങ്കുളം), പള്ളിവാസല്‍ (പി എസ് പി) ജലവൈദ്യുത പദ്ധതികളുടെ നവീകരണ-ആധുനീകരണ കരാറുമായി ബന്ധപ്പെട്ട് എസ് എന്‍ സി ലാവലിനുമായി ഒപ്പ് വച്ച കരാര്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതായുള്ള സിഎജി റിപ്പോര്‍ട്ട്, സിബിഐ കേസിനും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. കരാര്‍ ഒപ്പിടുന്ന സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ സിബിഐ പ്രതി ചേര്‍ത്തെങ്കിലും 2013ല്‍ വിചാരണ കോടതി ഇവരെ കുറ്റവിമുക്തരാക്കി. 2017ല്‍ മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം വിചാരണ നടപടി തുടരാന്‍ ഉത്തരവിട്ട് ബാക്കിയുള്ളവരെ വെറുതെ വിട്ട കീഴ്കോടതി വിധി, ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് സിബിഐ. 2016ല്‍ ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേരള സര്‍ക്കാര്‍, ഹൈക്കോടതിയെ അറിയിച്ചിരുന്നു. കടലാസ് കമ്പനികളുടെയും കള്ളപ്പണ നിക്ഷേപങ്ങളുടേയും വിവരങ്ങള്‍ വ്യക്തമാക്കി ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് പുറത്തുവിട്ട പാരഡൈസ് പേപ്പര്‍സ് രേഖകളില്‍ എസ് എന്‍ സി ലാവലിന്‍ ഇടം പിടിച്ചിരുന്നു. സിബിഐയുടെ അന്വേഷണവും കേസും നേരിട്ടുകൊണ്ടിരിക്കുകയാണ് കമ്പനി. ഇതിനിടയിലാണ് ദേശീയപാത പദ്ധതികളിലെ പങ്കാളിത്തത്തിനായി കമ്പനി രംഗത്തുള്ളത്.

Next Story

Related Stories