Top

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ ആര്‍എസ്എസ് നേതാവ് സഞ്ജയ് ജോഷിയുടെ റോള്‍ എന്ത്?

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ ആര്‍എസ്എസ് നേതാവ് സഞ്ജയ് ജോഷിയുടെ റോള്‍ എന്ത്?
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന ആരോപണം പുറത്തുകൊണ്ടുവന്നത് നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ - ദ വയര്‍, കാരവാന്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ് എന്നിവ. ഇതില്‍ ലീഫ്‌ലെറ്റ് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ് സിംഗും ഭര്‍ത്താവ് ആനന്ദ് ഗ്രോവറും നടത്തുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന സംഘടനയുടെ വെബ് സൈറ്റാണ്. ചീഫ് ജസ്റ്റിസിനെതിരായ പരാതി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തന്നെ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് വന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ദിര ജയ്‌സിംഗ് നടത്തുന്നത്.

ചീഫ് ജസ്റ്റിസ് എങ്ങനെ ബഞ്ചില്‍ വന്നു? ജസ്റ്റിസ് സഞ്ജയ് ഖന്ന എങ്ങനെ ബഞ്ചില്‍ വന്നു? എന്തുകൊണ്ട് ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുടെ ബഞ്ച് രൂപീകരിച്ചില്ല? എന്തുകൊണ്ട് ആരോപണങ്ങള്‍ക്ക് ഇത്തരത്തില്‍ മറുപടി നല്‍കുന്നു എന്നെല്ലാമാണ് ഇന്ദിര ജയ്‌സിംഗ് ചോദിക്കുന്നത്.തന്നെ പണം നല്‍കി സ്വാധീനിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഗൂഢാലോചനയായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആയിരുന്ന ഒരാള്‍ക്ക് മാത്രം ഇത്തരമൊരു ആരോപണവുമായി രംഗത്തുവരാന്‍ കഴിയില്ല എന്നനും ഉന്നതതല ഗൂഢാലോചനയുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് ആരോപിച്ചത്. അതേസമയം സര്‍ക്കാര്‍ അഭിഭാഷകരായ അറ്റോണി ജനറലും സോളിസിറ്റര്‍ ജനറലും ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

മൂന്ന് മാധ്യമങ്ങള്‍ - ദ വയര്‍, കാരവാന്‍, സ്‌ക്രോള്‍ എന്നിവ അയച്ച ഇ മെയില്‍ ചോദ്യങ്ങള്‍ക്ക് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ മറുപടി നല്‍കിയിരുന്നു. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തിയത്. ഒരു ലൈംഗിക പീഡന ആരോപണത്തില്‍ പരാതിക്കാരിക്കൊപ്പം നില്‍ക്കാതെ എന്തിനാണ് ചീഫ് ജസ്റ്റിസിനെ പിന്തുണക്കുന്നത് എന്ന് ഇന്ദിര ജയ്‌സിംഗ് ചോദിക്കുന്നു.അതേസമയം ആര്‍എസ്എസ് നേതാവും മുന്‍ സംഘടനാകാര്യ സെക്രട്ടറിയുമായ
ബിജെപി മ സഞ്ജയ് ജോഷിക്ക് ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തില്‍ എന്ത് കാര്യം എന്ന ചോദ്യവുമുണ്ട്. പരാതിക്കാരിയുടെ ഭര്‍തൃസഹോദരന്‍ രണ്ട് തവണ സഞ്ജയ് ജോഷിയെ സമീപിച്ചിരുന്നു എന്നാണ് പറയുന്നത്. ജനുവരി ആദ്യമാണ് ഇത്. സഹായം അഭ്യര്‍ത്ഥിച്ച് രാജ്‌നാഥ് സിംഗിനെ കാണാനും ശ്രമിച്ചിരുന്നു. ബിജെപി നേതാവ് മോഹന്‍ ശര്‍മ വഴിയാണ് രാജ്‌നാഥ് സിംഗിനെ കാണാന്‍ ശ്രമിച്ചത് എന്നാണ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളായ ഇയാള്‍ ദ വയറിനോട് പറഞ്ഞത്.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് പറഞ്ഞെങ്കിലും കൂടുതലായും തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെക്കുറിച്ചാണ് പറഞ്ഞത്. യുവതിയുടെ പരാതിയില്‍ തന്റെ കുടുംബത്തോടുള്ളള പ്രതികാര നടപടിയുടെ ഭാഗമായി ഭര്‍ത്താവും ഭര്‍തൃസഹോദരനും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി പറയുന്നുണ്ട്. സഞ്ജയ് ജോഷി ഡല്‍ഹി പൊലീസ് കമ്മീഷണറെ ഫോണില്‍ വിളിച്ചിരുന്നു. ജോഷി രാജ്‌നാഥ് സിംഗിനേയും ഇക്കാര്യം വിളിച്ചുപറഞ്ഞു.

2001ല്‍ കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ ബിജെപി ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ സഞ്ജയ് ജോഷി ബിജെപിയില്‍ ഒതുക്കപ്പെടാന്‍ തുടങ്ങി. 2012ല്‍ ജോഷി ദേശീയ എക്‌സിക്യൂട്ടിവില്‍ നിന്ന് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായി. 2013ല്‍ ജോഷിയെ ബിജെപി തിരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ മോദി ശ്രമിച്ചപ്പോള്‍ രാജ്‌നാഥ് സിംഗ് അടക്കമുള്ളവരുടെ പിന്തുണ ജോഷിക്കായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ജോഷിക്കുണ്ടായിരുന്നു. നിലവില്‍ സെന്‍ട്രല്‍
ഡല്‍ഹിയിലുള്ള ജോഷിക്ക് ബിജെപി നേതൃത്വത്തില്‍ റോളില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മോദിയേയും സര്‍ക്കാരിനേയും പ്രശംസിച്ച് സഞ്ജയ് ജോഷി രംഗത്തെത്തിയിരുന്നു.

സുപ്രീം കോടതിയിലെ മുന്‍ ജൂനിയര്‍ അക്കൗണ്ടന്റായ യുവതിയുടെ ചീഫ് ജസ്റ്റിസിനെതിരായ
പരാതിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നത് സഞ്ജയ് ജോഷിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനുമായിരുന്നു എന്നത് ഗുരുതരമായ വെളിപ്പെടുത്തലാണ്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് രംഗത്തെത്തുന്നത് സംശയകരമാണ്. സഞ്ജയ് ജോഷി ആര്‍എസ്എസ് - ബിജെപി നേതൃനിരയില്‍ മോദിയാലും അമിത് ഷായാലും ഒതുക്കപ്പെട്ടയാളാണ്. മോദിയോടും അമിത് ഷായോടും വലിയ വിരോധമുള്ളയാള്‍. റാഫേല്‍ അടക്കമുള്ള പ്രധാന കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ബ്ലാക്‌മെയിലിംഗ് തന്ത്രം എന്നാണ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞത്. ഉന്നത ഗൂഢാലോചനക്കാര്‍ എന്ന് ചീഫ് ജസ്റ്റിസും പറയുന്നു. ഇത്തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആരാണ് ഗൂഢാലോചനക്കാര്‍ എന്നതാണ് ചോദ്യം.

https://caravanmagazine.in/law/former-supreme-court-employee-accuses-cji-ranjan-gogoi-sexual-harassment

Next Story

Related Stories