Top

നിയമസഭ പിരിച്ചുവിട്ട ജമ്മു കാശ്മീര്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

നിയമസഭ പിരിച്ചുവിട്ട ജമ്മു കാശ്മീര്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നടപടി ചോദ്യം ചെയ്തുള്ള ബിജെപി മുന്‍ എംഎല്‍എ ഗഗന്‍ ഭഗതിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആര്‍എസ് പുരയിലെ മുന്‍ എംഎല്‍എയായ ഗഗന്‍ ഭഗത് വാദിച്ചു. ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നും നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഹൈക്കോടതിയെ സമീപിച്ചത് ഗഗന്‍ ഭഗതിന്റെ വ്യക്തിപരമായ തീരുമാനമാണ് എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന പറഞ്ഞത്. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സമീപിച്ചതിന് പിന്നാലെ നവംബര്‍ 21നാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്. ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും രംഗത്തെത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് നിയമസഭ പിരിച്ചുവിട്ടത് എന്ന ആരോപണം സത്യപാല്‍ മാലിക് തള്ളിയിരുന്നു. വിരുദ്ധ ആശയങ്ങളുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതുകൊണ്ടാണ് അംഗീകരിക്കാതിരുന്നത് എന്നും കേന്ദ്രത്തിന്റെ താല്‍പര്യപ്രകാരമായിരുന്നെങ്കില്‍ ബിജെപി പിന്തുണയോടെ സജ്ജാദ് ലോണിനെയാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കേണ്ടിയിരുന്നതെന്നും ഗവര്‍ണര്‍ വാദിക്കുന്നു.

Next Story

Related Stories