നിയമസഭ തിരഞ്ഞെടുപ്പിനുള്ള 100 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ടിആര്‍എസ് പുറത്തിറക്കി.
നേരത്തെ തിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങളും സൂചനകളും ശരിവച്ചുകൊണ്ട് തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് നിയമസഭ പിരിച്ചുവിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള 100 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ടിആര്‍എസ് പുറത്തിറക്കി.
2019 ഏപ്രില്‍ – മേയില്‍ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാതിരിക്കാനാണ് ചന്ദ്രശേഖര റാവുവിന്റെ ഈ പ്രതീക്ഷിത നീക്കം. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രാദേശിക വിഷയങ്ങളില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ ദേശീയ രാഷ്ട്രീയ വിഷയങ്ങളിലേയ്ക്ക് മാറുമെന്ന ആശങ്ക ടിആര്‍എസിനുണ്ട്. ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടന്നേക്കും. തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ ചന്ദ്രശേഖര്‍ റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരും. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ റാലിയിലും നേരത്തെ തിരഞ്ഞെടുപ്പ് നടന്നേക്കാമെന്ന് ചന്ദ്രശേഖര റാവു സൂചിപ്പിച്ചിരുന്നു.
ഹുസ്നാബാദിലെ സിദ്ദിപേട്ട് ജില്ലിയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ ചന്ദ്രശേഖര റാവു തുടക്കം കുറിക്കും. അടുത്ത 50 ദിവസം 100 പൊതുയോഗങ്ങളാണ് പ്രജല ആശിര്‍വാദ സഭയുടെ ഭാഗമായി ടിആര്‍എസ് സംഘടിപ്പിക്കുന്നത്. അതേസമയം ടിആര്‍എസുമായി ഒരു തരത്തിലും സഖ്യമോ ധാരണയോ ഉണ്ടാകില്ലെന്ന് ബിജെപി വ്യക്തമാക്കി. ആകെയുള്ള 117 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിരന്തര കൂടിക്കാഴ്ചകളെ തുടര്‍ന്ന് ടിആര്‍എസ്, ബിജെപി സഖ്യത്തിലേയ്ക്ക് പോകുന്ന എന്ന അഭ്യൂഹം ശക്തമായിരുന്നു. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയതടക്കം സംശയങ്ങള്‍ക്ക് ബലം നല്കി. അതേസമയം തെലങ്കാനയില്‍ മുസ്ലീം സമുദായത്തിന്റെ ശക്തമായ പിന്തുണ ചന്ദ്രശേഖര റാവുവിനുണ്ട്. ബിജെപിയുമായി ചേര്‍ന്ന് ഈ പിന്തുണ ഇല്ലാതാക്കാന്‍ ചന്ദ്രശേഖര റാവു തയ്യാറായേക്കില്ല. കേന്ദ്രത്തില്‍ ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ ഐക്യമുന്നണി അധികാരത്തില്‍ വരണം എന്ന താല്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളിലും ചന്ദ്രശേഖര റാവു സജീവമായിരുന്നു.