Top

ഭക്ഷണവില കൂട്ടിയാല്‍ നടപടി; ജി എസ് ടിക്ക് ശേഷമുള്ള 101 ഉല്‍പ്പന്നങ്ങളുടെ നികുതി വ്യത്യാസപ്പട്ടികയുമായി തോമസ് ഐസക്

ഭക്ഷണവില കൂട്ടിയാല്‍ നടപടി; ജി എസ് ടിക്ക് ശേഷമുള്ള 101 ഉല്‍പ്പന്നങ്ങളുടെ നികുതി വ്യത്യാസപ്പട്ടികയുമായി തോമസ് ഐസക്
ചരക്ക്, സേവന നികുതി (ജി എസ് ടി) വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുകയാണ് വേണ്ടതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ജി എസ് ടിക്ക് മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചരക്ക്-സേവന നികുതിയുടെ പേരില്‍ ഹോട്ടല്‍ ഭക്ഷണത്തിനും മറ്റ് സാധനങ്ങള്‍ക്കും വിലകൂട്ടുന്നത് നിയമ വിരുദ്ധമാണെന്ന് തോമസ് ഐസക് പറഞ്ഞു. ഒരുകാരണവശാലും ഒരു ചരക്കിനും പരമാവധി വില്‍പ്പന
വിലയില്‍ (എംആര്‍പി) കൂടുതല്‍ ഈടാക്കാന്‍ പാടില്ല.

ഹോട്ടലുകളില്‍ നിലവിലെ വിലയുടെ മേല്‍ നികുതി ഈടാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ശരിയല്ല. നികുതിയുള്‍പ്പെടെയുള്ള നിലവിലെ വിലയില്‍ വീണ്ടും ജി.എസ്.ടി. ചേര്‍ത്ത് കച്ചവടം ചെയ്താല്‍ വലിയ വിലക്കയറ്റമുണ്ടാവും. ഇത് അംഗീകരിക്കാനാവില്ല. വിഭവങ്ങള്‍ ഉണ്ടാക്കാനുള്ള അസംസ്‌കൃത സാധനങ്ങള്‍ക്കുള്‍പ്പെടെ പലതരം നികുതി അവര്‍ നല്‍കിയിരുന്നു. സേവന നികുതിയും ബാധകമായിരുന്നു. ഇവയൊന്നും ഇപ്പോഴില്ല. അതിനാല്‍ അവ കിഴിച്ചുള്ള യഥാര്‍ഥവിലയില്‍ വേണം ജി.എസ്.ടി. ചുമത്താന്‍. അപ്പോള്‍ മിക്കതിനും വില കുറയുകയാണ് ചെയ്യുക - ഐസക് വിശദീകരിച്ചു. വ്യാപാരികള്‍ ജി.എസ്.ടി.യുടെ പേരില്‍ വില കൂട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ജനത്തിന് തെളിവുസഹിതം വില്‍പ്പനനികുതി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാം. അമിതലാഭം തടയുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അതോറിറ്റി നിലവില്‍വരുമ്പോള്‍ ഈ പരാതികള്‍ സംസ്ഥാനസര്‍ക്കാര്‍ കൈമാറുമെന്നും ഐസക് പറഞ്ഞു.ജിഎസ്ടി വന്നതോടെ കോഴിയിറച്ചിയുടെ നികുതി പൂര്‍ണമായും ഒഴിവായിട്ടുണ്ട്. നേരത്തേ 14.5 ശതമാനമായിരുന്നു കോഴിയിറച്ചിക്ക് നികുതി. അണ്‍ബ്രാന്റഡ് അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും നികുതി പൂര്‍ണമായും ഒഴിവാക്കി. നികുതിയിളവിന്റെ ഗുണം വിലക്കുറവായി ജനത്തിന് കിട്ടേണ്ടതാണെന്ന് തോമസ് ഐസക് പറഞ്ഞു. 29.6 ശതമാനം നികുതിയുണ്ടായിരുന്ന ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയ്ക്ക് 12% കുറഞ്ഞ് നികുതി 18 ശതമാനമായി. ശര്‍ക്കരയ്ക്കുണ്ടായിരുന്ന 7.6 ശതമാനവും ധാന്യപ്പൊടികളുടെ (ബ്രാന്‍ഡ് ചെയ്യാത്ത ആട്ട, മൈദ) 5.7 ശതമാനവും നികുതി ഇല്ലാതായി.

പാല്‍ക്കട്ടിക്കും മിഠായികള്‍ക്കും സ്‌കൂള്‍ ബാഗുകള്‍ക്കും എല്‍പിജി സ്റ്റൗവിനും ആറ് ശതമാനമാണ് നികുതി കുറഞ്ഞിരിക്കുന്നത്. എല്‍ഇഡി ബള്‍ബിന് അഞ്ച് ശതമാനവും പഞ്ചസാര, ചന്ദനത്തിരി, ഹെല്‍മെറ്റ്, സിമന്റ് തുടങ്ങിയവയ്ക്ക് നാല് ശതമാനവും നികുതിയില്‍ കുറവുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. പരമാവധി വില്‍പ്പനവിലയേക്കാള്‍ (എംആര്‍പി) അധികം സാധനങ്ങള്‍ക്ക് ഈടാക്കാന്‍ അനുവദിക്കില്ലെന്നും നിയമം അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.ഹോട്ടലുകളില്‍ ഭക്ഷണത്തിന് ജി.എസ്.ടി. വരുമ്പോഴുള്ള വില വ്യക്തമാക്കുന്ന പട്ടിക മന്ത്രി പുറത്തിറക്കി. എ.സി. റെസ്റ്റോറന്റുകളില്‍ നിലവിലെ വിലയ്ക്കുമേല്‍ 18 ശതമാനവും മറ്റിടങ്ങളില്‍ 12 ശതമാനവും ജി.എസ്.ടി. ചുമത്തി വിലകൂട്ടിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച് പല വിഭവങ്ങള്‍ക്കും വില നിലവിലുള്ളതിനെക്കാള്‍ കുറയും.

എ.സി. ഇല്ലാത്ത ഹോട്ടലില്‍ വെജിറ്റേറിയന്‍ ഊണിന് 75 രൂപ എന്നുകരുതുക. ജി.എസ്.ടി.ക്കുമുമ്പ് പലതരം നികുതികളായി 3.45 രൂപ ഇതിന് നല്‍കണമായിരുന്നു. ഇത് ഒഴിവായതോടെ യഥാര്‍ഥവില 71.55 രൂപയായി. ഇതില്‍ അഞ്ചുശതമാനം ജി.എസ്.ടി. ചേര്‍ക്കണം. ഇപ്പോള്‍ 75.13 രൂപ മാത്രമാണ്. 13 പൈസ വര്‍ധന. നിലവില്‍ ഈടാക്കുന്നതാകട്ടെ 75 രൂപയും അതിനുമുകളില്‍ അഞ്ച് ശതമാനം ജി.എസ്.ടി.യുമാണ്.

Next Story

Related Stories