TopTop

കൊല്‍ക്കത്തയില്‍ ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണകം തളിച്ച് തൃണമൂല്‍ പ്രവര്‍ത്തകരുടെ 'ശുദ്ധീകരണം'

കൊല്‍ക്കത്തയില്‍ ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണകം തളിച്ച് തൃണമൂല്‍ പ്രവര്‍ത്തകരുടെ
കൊല്‍ക്കത്തയില്‍ ബിജെപി റാലി നടത്തിയ സ്ഥലത്ത് ചാണക വെള്ളവും ഗംഗാജലവും തളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ശുദ്ധീകരണം' നടത്തി. ബിജെപി വര്‍ഗീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ശുദ്ധീകരണം നടത്തിയത് എന്ന് തൃണമൂല്‍ നേതാവ് പങ്കജ് ഘോഷ് പറഞ്ഞു. ഇത് ഭഗവാന്‍ മദന്‍മോഹന്റെ (ശ്രീകൃഷ്ണന്‍) മണ്ണാണ്. 'അശുദ്ധി'യായത് കാരണം ഞങ്ങള്‍ ഹിന്ദു പാരമ്പര്യമനുസരിച്ച് ശുദ്ധീകരിക്കുകയായിരുന്നു - പങ്കജ് ഘോഷ് പറഞ്ഞു. മദന്‍മോഹന്റെ രഥമല്ലാതെ ഒരു രഥവും ജില്ലയില്‍ പ്രവേശിപ്പിക്കില്ലെന്ന് കൂച്ച്ബിഹാര്‍ ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി 7,9,14 തീയതികളില്‍ രഥയാത്ര നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ആരെതിര്‍ത്താലും രഥയാത്ര നടത്തുമെന്നാണ് അമിത് ഷാ പറഞ്ഞത്. ഏഴിന് കൂച്ച് ബിഹാറിലും ഒമ്പതിന് 24 പര്‍ഗാനാസ് ജില്ലയിലും 14ന് ബിര്‍ഭും ജില്ലയിലും റാലികള്‍ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ബിജെപിയുടേത് രഥയാത്രയല്ല, രാവണയാത്രയാണ് എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ഇതിനെ ഒരു രാഷ്ട്രീയ പൊറാട്ടുനാടകമായി കണ്ടാല്‍ മതിയെന്നും അവര്‍ പിടിഐയോട് പറഞ്ഞു. ഇതിന് മറുപടിയായി ഒരു ശുദ്ധീകരണ - ഐക്യ യാത്ര സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍തിയിട്ടുണ്ടെന്നും മമത പറഞ്ഞു. അതേസമയം മമതയ്ക്കും തൃണമൂലിനും പേടിരോഗം തുടങ്ങിയിരിക്കുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ആകെയുള്ള 42 സീറ്റില്‍ 22 എങ്കിലും നേടണമെന്നാണ് അമിത് ഷായുടെ ആവശ്യം.

Next Story

Related Stories