TopTop
Begin typing your search above and press return to search.

സര്‍ക്കാരിന്റെ ഉറപ്പുകള്‍ തള്ളി; പ്രക്ഷോഭം തുടരുമെന്ന് യുപി കര്‍ഷകര്‍

സര്‍ക്കാരിന്റെ ഉറപ്പുകള്‍ തള്ളി; പ്രക്ഷോഭം തുടരുമെന്ന് യുപി കര്‍ഷകര്‍
ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്തവര്‍ സര്‍ക്കാരിന്റെ ഉറപ്പുകളേയും അനുനയ ശ്രമങ്ങളേയും തള്ളിക്കളഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷകരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാം എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ ഉറപ്പില്‍ അവര്‍ തൃപ്തരല്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല എന്നാണ് ബികെയുവിന്‍റെ നിലപാട്. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു ഡല്‍ഹി അതിര്‍ത്തിയോടടുത്ത യുപിയിലെ ഗാസിയാബാദില്‍ പൊലീസും സമരക്കാരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. മൂപ്പതിനായിരത്തോളം കര്‍ഷകരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നത്.

കാര്‍ഷിക കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് കുറയ്ക്കുക, ഇന്ധന വില കുറയ്ക്കുക, വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുക, ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉത്തരാഖണ്ഡിലെ പതഞ്ജലിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള കര്‍ഷക പ്രതിഷേധ മാര്‍ച്ചില്‍ യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്.

16 ബികെയു നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. യുപി കരിമ്പ് കൃഷി മന്ത്രി സുരേഷ് റാണ, യുപി ക്ഷീര വകുപ്പ് മന്ത്രി ലക്ഷ്മിനാരായണ്‍ സിംഗ് എന്നിവരും യോഹത്തില്‍ പങ്കെടുത്തു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് രാജ്‌നാഥ് സിംഗ് നേതാക്കളുമായി സംസാരിച്ചതായും ഭൂരിഭാഗം പ്രശ്‌നങ്ങളിലും ധാരണയിലെത്തിയതായുമാണ് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് പറഞ്ഞത്. അതേസമയം കര്‍ഷകര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല എന്ന റിപ്പോര്‍ട്ടാണ് വരുന്നത്.

പ്രക്ഷോഭത്തിന്‍റെ സമാപന കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഡല്‍ഹിയിലെ കിസാന്‍ഘട്ടിലേയ്ക്ക് (മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്‍റെ അന്ത്യവിശ്രമ സ്ഥലം) പോകുന്നതിനായി കര്‍ഷകര്‍ 25 ബസുകള്‍ അനുവദിക്കാന്‍ തയ്യാറാണ് എന്ന് യുപി പൊലീസ് എഡിജിപി പ്രശാന്ത് കുമാര്‍ പറയുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല. കര്‍ഷകരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ് എന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സൂര്‍ജെവാല, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

https://www.azhimukham.com/india-farmers-march-from-up-delhi/

Next Story

Related Stories