ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇവിടെ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നവ്‍പ്രഭാത് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ബിജെപി സ്ഥാനാര്‍ത്ഥി മുന്ന സിംഗ് ചൗഹാനോട് താന്‍ പരാജയപ്പെടാന്‍ കാരണം വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയാണെന്ന് നവ്‍പ്രഭാത് ആരോപിക്കുന്നു. 6000ത്തിലധികം വോട്ടിനാണ് നവ്‍പ്രഭാത് പരാജയപ്പെട്ടത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ബിജെപി എംഎല്‍എ മുന്ന സിംഗ് ചൗഹാന് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചതിനെ തുടര്‍ന്ന് മേയ് ആദ്യ വാരം വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചട്ടുണ്ട്.