TopTop

കശാപ്പുശാലകളും ചന്തകളും കോഫി ഹൗസ് മാതൃകയില്‍ സഹകരണ മേഖലയിലാക്കണം: വിഎസ്

കശാപ്പുശാലകളും ചന്തകളും കോഫി ഹൗസ് മാതൃകയില്‍ സഹകരണ മേഖലയിലാക്കണം: വിഎസ്
കശാപ്പുശാലകളുടെ നടത്തിപ്പ് സഹകരണ മാതൃകയിലാക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ബീഫില്‍ നിന്ന് മൂല്യവര്‍ധിത വിഭവങ്ങളുണ്ടാക്കി കയറ്റുമതി ചെയ്ത് അധികവരുമാനം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകരുത്. ആവശ്യമെങ്കില്‍ ഇതിന് വേണ്ട നിയമനിര്‍മ്മാണത്തെ പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കന്നുകാലി വില്‍പ്പന നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാന്‍ കമ്മീഷന്‍ വാങ്ങുകയും ചെയ്ത ബിജെപി, വന്‍കിട കശാപ്പു മതുലാളിമാരില്‍നിന്ന് ലാഭം പറ്റാനാണ് ഇപ്പോള്‍ ഗോമാതാവിനായി കണ്ണീര്‍ പൊഴിക്കുന്നതെന്ന് വിഎസ് പരിഹസിച്ചു. ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് ബിജെപിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് വിഎസ് മുന്നോട്ട് വച്ചത്. ജനങ്ങളുടെ ജീവിതത്തെയും ജീവിതരീതിയെയും ആഹാരക്രമത്തെയും നിയന്ത്രിച്ചു തുടങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡാര്‍വിനെയും വെല്ലുന്ന പുതിയ സിദ്ധാന്തങ്ങളാണ് ഗോമാതാവിനും കാളപിതാവിനും വേണ്ടി നിര്‍മ്മിച്ചെടുത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് - വിഎസ് പറഞ്ഞു.

ഈ വിജ്ഞാപനത്തിലൂടെ ജനങ്ങള്‍ അകപ്പെട്ടിട്ടുള്ള കുരുക്കില്‍നിന്ന് അവരെ മോചിപ്പിക്കേണ്ടതുണ്ട്. പ്രായമാവുന്ന കാലികളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയും പുതിയവയെ വാങ്ങുകയും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്ര വിജ്ഞാപനത്തിലൂടെ ഹനിക്കപ്പെടുന്നത്. ക്ഷീര കര്‍ഷകരുടെ ജീവിതമാര്‍ഗവും ഇതോടെ ഇല്ലാതാവുകയാണ്. കശാപ്പുമായി ബന്ധപ്പെട്ട തൊഴിലുകള്‍ നഷ്ടമാവുകയും ബീഫ് ഫലത്തില്‍ നിരോധിത ഭക്ഷണമാവുകയും ചെയ്യും. ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളാണ് നാമിവിടെ ആലോചിക്കേണ്ടത്.

വിഎസ് സഭയില്‍ പറഞ്ഞത്:

ബീഫ് നിരോധനം എന്ന ദേശീയ ദുരന്തത്തിന്റെ ഇരകളാവാന്‍ വിധിക്കപ്പെടുന്ന ജനതയുടെ ചെറുത്തുനില്‍പ്പിന് ആദ്യമേതന്നെ ഞാനെന്റെ ഐക്യദാര്‍ഢ്യം അറിയിക്കാനാഗ്രഹിക്കുന്നു. ഒരു പ്രത്യേക നിയമസഭാ സമ്മേളനംതന്നെ വിളിച്ചുചേര്‍ക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഞാന്‍ അപലപിക്കുന്നു. ജനങ്ങളുടെ ജീവിതത്തെയും ജീവിതരീതിയെയും ആഹാരക്രമത്തെയും നിയന്ത്രിച്ചു തുടങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡാര്‍വിനെയും വെല്ലുന്ന പുതിയ സിദ്ധാന്തങ്ങളാണ് ഗോമാതാവിനും കാളപിതാവിനും വേണ്ടി നിര്‍മ്മിച്ചെടുത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

ബിഫ് നിരോധിച്ചിട്ടില്ലെന്നും, കാലിച്ചന്തകളിലൂടെയുള്ള വിപണനം മാത്രമാണ് നിരോധിച്ചത് എന്നും പറയുന്നത് ശുദ്ധ തട്ടിപ്പാണ്. മാടിന്റെ ഉടമസ്ഥന്‍ മാടിനെ അറവിന് വിട്ടു നല്‍കരുത് എന്നാണ് വ്യവസ്ഥ. ചുരുക്കത്തില്‍, ഇന്ത്യാരാജ്യത്ത് അറവ് നിരോധിക്കുന്ന വിജ്ഞാപനംതന്നെയാണ് ഇത്. ഈ വിജ്ഞാപനത്തില്‍ പറയുന്ന നിബന്ധനകളനുസരിച്ച് ഇനി അദാനിയോ, അംബാനിയോ, അതുപോലുള്ള വന്‍കിടക്കാരോ മാത്രം കാലിച്ചന്തയും മാംസക്കച്ചവടവും നടത്തിയാല്‍ മതി എന്നാണ് മോദി സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ്.

സര്‍, ബിജെപിയുടെ രാഷ്ട്രീയ പൊള്ളത്തരം വെളിവാക്കുന്നതാണ് ഈ വിജ്ഞാപനം. വിപണിയും അതിലെ ഡിമാന്റും ആണ് ക്രയവിക്രയം നിര്‍ണയിക്കുക എന്നു പറഞ്ഞ് കര്‍ഷകരുടെ ആനുകൂല്യങ്ങളും സബ്സിഡികളും എടുത്തുകളഞ്ഞവരാണ് ഇവര്‍. ഇപ്പോള്‍ അവര്‍ വിപണിയിലും വര്‍ഗീയത കലര്‍ത്തുകയാണ്. മാടിനെ വാങ്ങുന്നവന്‍ എന്തിന് വാങ്ങുന്നു എന്ന് സാക്ഷ്യപ്പെടുത്തണമത്രെ. അത് അധികൃതര്‍ ഉറപ്പ് വരുത്തണം. അവിടെ എന്ത് ഡിമാന്റും സ്വതന്ത്ര വിപണിയുമാണ് സാര്‍? നാം കരമടച്ച് കൈവശം വെക്കുന്ന ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദ്ദേശങ്ങളെ വെട്ടിനിരത്തല്‍ എന്നാക്ഷേപിച്ചവരാണിവര്‍. വിപണിയില്‍നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഇക്കൂട്ടര്‍ വിനിയോഗച്ചട്ടം ഏര്‍പ്പെടുത്തുകയാണ്.

സര്‍, പശുപരിപാലനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരാണ് ഇത് തയ്യാറാക്കിയത് എന്ന് വ്യക്തമാണ്. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമാണ് കാളകള്‍. അത് ബിജെപിയുടെ വിത്തുകാളകളല്ല. വരിയുടച്ച കാളകളെയാണ് കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നത്. കാളകളെ വരിയുടച്ചാല്‍ ഗോമാതാവിന് അത് പ്രശ്നമാവുമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. നമ്മുടെ ധവള വിപ്ലവത്തിന്റെ കൂടി ഭാഗമായാണ് വിത്തുകാളകളുടെ എണ്ണം നിയന്ത്രിക്കാനും മറ്റുമായി കാളകളെ വന്ധ്യംകരിച്ചുപോരുന്നത്. ഈ വന്ധ്യംകരണ പ്രക്രിയ ഇന്നോളം നാട്ടില്‍ ചെയ്തുപോന്ന ഒരു രീതിയുണ്ട്. അതും കുറ്റകരമാക്കിയിരിക്കുകയാണ് ബിജെപി. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം മൃഗസംരക്ഷണവും, കാളകളുടെ വന്ധ്യംകരണം ഗോമാതാവിനോടുള്ള അതിക്രമവുമായാണ് ചില കള്ള സന്യാസിമാര്‍ കണക്കാക്കുന്നത്. അത്തരം ചില സന്യാസിമാര്‍ വന്ധ്യംകരിക്കപ്പെട്ടത് അടുത്തിടെയാണല്ലോ. ഈ പോക്ക് പോയാല്‍ ബിജെപിയുടെ കാര്യവും പോക്കാവും എന്ന കാര്യത്തില്‍ സംശയം വേണ്ട സാര്‍.

സര്‍, ഈ വിജ്ഞാപനത്തിലൂടെ ജനങ്ങള്‍ അകപ്പെട്ടിട്ടുള്ള കുരുക്കില്‍നിന്ന് അവരെ മോചിപ്പിക്കേണ്ടതുണ്ട്. പ്രായമാവുന്ന കാലികളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയും പുതിയവയെ വാങ്ങുകയും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്ര വിജ്ഞാപനത്തിലൂടെ ഹനിക്കപ്പെടുന്നത്. ക്ഷീര കര്‍ഷകരുടെ ജീവിതമാര്‍ഗവും ഇതോടെ ഇല്ലാതാവുകയാണ്. കശാപ്പുമായി ബന്ധപ്പെട്ട തൊഴിലുകള്‍ നഷ്ടമാവുകയും ബീഫ് ഫലത്തില്‍ നിരോധിത ഭക്ഷണമാവുകയും ചെയ്യും. ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങളാണ് നാമിവിടെ ആലോചിക്കേണ്ടത്. സര്‍, ഞാന്‍ അവസാനിപ്പിക്കുകയാണ്. ഏറ്റവും ശക്തമായ സഹകരണ പ്രസ്ഥാനമുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യന്‍ കോഫീ ഹൗസ് പോലെ, സഹകരണാടിസ്ഥാനത്തില്‍ കശാപ്പ് ശാലകളും കാലിച്ചന്തകളും രൂപീകരിക്കാനാവുമോ എന്ന് പരിശോധിക്കണം. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരാള്‍ക്കുപോലും ജീവിതമാര്‍ഗം ഇല്ലാതാവരുത്. ആവശ്യമെങ്കില്‍, ഇതിനായി ഈ നിയമസഭ നിയമനിര്‍മ്മാണംതന്നെ നടത്തണം. മൂല്യവര്‍ധിത ബീഫ് കയറ്റുമതിയിലൂടെ സംസ്ഥാനത്തിന് വരുമാനവും ഉണ്ടാക്കാം.

സര്‍, മഞ്ഞില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ പേരില്‍ കരയുകയും ആയുധക്കമ്പനികള്‍ക്കു വേണ്ടി പട്ടാളക്കാരെ ബലി നല്‍കുകയും ചെയ്യുന്ന അതേ സമീപനം ഇന്ത്യാക്കാരുടെ കറിക്കലത്തില്‍ കയ്യിടുന്നതിലും ബിജെപി പുലര്‍ത്തുകയാണ് സാര്‍. വന്‍കിട കയറ്റുമതി-ഇറക്കുമതി കമ്പനികള്‍ക്കു വേണ്ടിയാണ് ഗോമാതാവിന്റെ പേരില്‍ ബിജെപി ഈ നാടകം നടത്തുന്നത്. ഈ നയവഞ്ചന തുറന്നുകാട്ടപ്പെടുകയും അതിനെ ചെറുത്തു തോല്‍പ്പിക്കുകയും വേണം. സര്‍, പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ, എന്തോ. വല്ലപ്പോഴും ഇന്ത്യയിലെത്തുമ്പോള്‍, നമ്മുടെ ബിജെപി അംഗം കേരളത്തിന്റെ വികാരം അദ്ദേഹത്തിന് പറഞ്ഞുകൊടുക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിയുമ്പോള്‍ അവിടെ നല്ല സ്വയമ്പന്‍ ബീഫൊക്കെ തിന്ന് ഇവിടെ വന്ന് പറയുകയാണ്, ഗോ സംരക്ഷണം, ഗോ സംരക്ഷണം. അതുകേട്ട് തുള്ളിച്ചാടാന്‍ കുറെ ശിങ്കിടികളും. സര്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന പതിവ് ബിജെപിക്ക് ഇല്ല എന്ന് നമുക്കറിയാം. ബിജെപി എന്ന ട്രോജന്‍ കുതിരയുടെ ഉള്ളില്‍ സംഘപരിവാറിന്റെ കുറുവടിക്കാരാണുള്ളത് എന്നതിന്റെ തെളിവാണല്ലോ ഇന്നലെ ഡല്‍ഹി എകെജി ഭവനില്‍ കണ്ടത്. എങ്കില്‍ പോലും, ഇവിടെ പങ്കുവെക്കപ്പെട്ട ആശങ്കകളും നിര്‍ദ്ദേശങ്ങളും നമ്മുടെ ബിജെപി അംഗം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്.

Next Story

Related Stories