Top

'ഹിന്ദു പാകിസ്ഥാൻ' വിവാദം: അത് ഞാനും പറഞ്ഞിട്ടുണ്ട്; തരൂരിന് പിന്തുണയുമായി ബൽറാം

ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്താന്‍റെ തനിപ്പകര്‍പ്പാണെന്ന് ആവർത്തിച്ച ശശി തരൂര്‍ എംപിക്കു പിന്തുണയുമായി കോൺഗ്രസ്സ് നേതാവും എംഎൽയുമായ വി ടി ബൽറാം. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍' ആകുമെന്ന് ഇന്നലെ തിരുവനന്തപുരത്തു തരൂര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും കോൺഗ്രസ് പ്രസിഡന്റ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നിരുന്നു. തുടർന്ന് പ്രസ്താവനകൾ ഇറക്കുമ്പോൾ നേതാക്കൾ ശ്രദ്ധിക്കണമെന്ന് കോൺഗ്രസ് നേതൃത്വവും കഴിഞ്ഞ ദിവസം നിർദേശിച്ചു. "നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണം" എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.

ഒരു ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്‍ എന്നും അവിടെ ന്യൂനപക്ഷങ്ങള്‍ അവകാശനിഷേധം അനുഭവിക്കുന്നുണ്ടെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ തരൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു കാര്യം ഇന്ത്യ അംഗീകരിക്കാത്തത് കൊണ്ടാണ് ഈ രാജ്യം വിഭജിക്കേണ്ടി വന്നത്. എന്നാല്‍ ബിജെപി-ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രം എന്ന വാദം പാകിസ്ഥാന് സമാനമാണ്. അതായത്, ഭൂരിപക്ഷ മതത്തിന് ആധിപത്യമുള്ള ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൌരന്മാരാക്കുക എന്നാതാണ് സംഭവിക്കുക. അത് ഒരു ഹിന്ദു പാകിസ്ഥാനാണ്, അതല്ല, സ്വാതന്ത്ര്യ സമരത്തിലൂടെ നാം ലക്‌ഷ്യം വച്ചത്, ഭരണഘടനയിലൂടെ നിലവില്‍ വന്ന ഇന്ത്യ എന്ന ആശയം നില കൊള്ളുന്നത്. ഹിന്ദുവായിരിക്കുന്നതില്‍ അഭിമാനിക്കുന്ന തന്നെപ്പോലുള്ള നിരവധി പേര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോള്‍ തന്നെ അസഹിഷ്ണുതയുടേതായ ഒരു മതരാജ്യത്തെ അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ട്, അതൊരു ഹിന്ദു പാക്കിസ്ഥാനായി മാറാതിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌ എന്നായിരുന്നു തരൂര്‍ പറഞ്ഞത്.

അതേ സമയം, ഇന്ത്യയേയും ഹിന്ദുക്കളെയും താഴ്ത്തിക്കെട്ടാനുള്ള ഒരവസരവും കോണ്‍ഗ്രസ് ഉപേക്ഷിക്കില്ലെന്നായിരുന്നു ബിജെപി വക്താവ് സാംബിത് പത്രയുടെ വിമര്‍ശനം. ഹിന്ദു ഭീകരത് മുതല്‍ ഹിന്ദു പാകിസ്ഥാന്‍ വരെ എന്നു പറഞ്ഞ് കൊണ്ട് പാകിസ്ഥാനെ പുകഴ്താനുള്ള ഒരവസരവും കോണ്‍ഗ്രസ് പാഴാക്കുന്നില്ല. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ മൌനം വെടിയണമെന്നും തരൂര്‍ പറഞ്ഞതിന് മാപ്പ് പറയണം എന്നുമാണ് പത്ര ആവശ്യപ്പെട്ടത്.

എന്നാൽ ഇന്ത്യയെ ഒരു "ഹിന്ദു പാക്കിസ്ഥാൻ" ആക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് തുറന്ന് പറഞ്ഞതിന്റെ പേരിൽ എന്തിനാണ് ഡോ. ശശി തരൂർ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയനാകുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് തന്റെ ഫേസ്ബുക് കുറിപ്പിൽ വി ടി ബൽറാം പറഞ്ഞു.

"എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയുള്ള, സ്റ്റേറ്റ് മതകാര്യങ്ങളിൽ നിന്ന് പരമാവധി അകന്നുനിൽക്കുന്ന ഒരു മതേതര രാജ്യമാവുക എന്നതാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന ആശയം. മത, ജാതി, ഭാഷ, വർഗ, വർണ്ണ ബഹുസ്വരതാ ബാഹുല്യമുള്ള ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് മുന്നിലുള്ള ഏക സാധ്യതയും ഇതിലേതിന്റെയെങ്കിലും പക്ഷം പിടിക്കാത്ത ഒരു മതേതര രാജ്യമാവുക എന്നതാണ്. എന്നാൽ ഇതിന് കടകവിരുദ്ധമാണ് മതരാജ്യങ്ങളുടെ സങ്കൽപ്പം. ഭൂരിപക്ഷ മതത്തിന് സ്റ്റേറ്റിന്റെ പ്രത്യേക പരിഗണന ലഭിക്കുന്ന മതരാജ്യങ്ങളിൽ മറ്റ് ന്യൂനപക്ഷ മതസ്ഥർ സ്വാഭാവികമായിത്തന്നെ രണ്ടാംകിട പൗരന്മാരാവുന്നു. ഇത്തരം മതരാജ്യങ്ങള്‍ക്ക്
നമുക്ക് ചൂണ്ടിക്കാണിക്കാൻ തൊട്ടയൽപ്പക്കത്തുള്ള ഉദാഹരണങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനമൊക്കെ. ആ നിലയ്ക്ക് പാക്കിസ്ഥാൻ ഇന്ത്യക്ക് ഒരു പാഠമാണ്; ഇന്ത്യ എന്താകണം എന്നതിന്റെയല്ല, എന്താകരുത് എന്നതിന്റെ പാഠം." വി ടി ബൽറാം പറഞ്ഞു.

"ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് മൂന്ന് വർഷം മുൻപ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഞാനും ഉപയോഗിച്ചിട്ടുണ്ട് 'ഹിന്ദു പാക്കിസ്ഥാൻ' എന്ന പ്രയോഗം. പിന്നീട് പലയാവർത്തി പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുമുണ്ട്" ശശി തരൂരിനോട് ഐക്യദാർഢ്യപ്പെട്ടു കൊണ്ട് വീണ്ടും അതാവർത്തിക്കുന്നുവെന്നും ഇന്ന് രാവിലെ കുറിച്ച തന്റെ ഫെസ്ബുക്ക്  കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അതിന്റെ രാഷ്ട്രീയം കൃത്യമായിത്തന്നെ പറഞ്ഞ് തുടങ്ങേണ്ടിയിരിക്കുന്നു എന്നോര്‍മപ്പെടുത്തലോടു കൂടിയാണ് കുറിപ്പ് അവസാനിക്കുന്നത്.

https://www.azhimukham.com/art-hindutwa-fascism-sunil-p-ilayidam-krithi-literary-fest-kochi/

Next Story

Related Stories