UPDATES

ഉരുളിയിൽ നറുനെയ് അർപ്പിച്ച് ഉണ്ണിക്കണ്ണനെ വണങ്ങി; മോദിക്ക് ഗുരുവായൂർ തുലാഭാരം; പൊന്നാനിക്കായലുകളിൽ നിന്നെത്തിച്ചത് 111 കിലോ താമര

ഗുരുവായൂരിലെ പരിപാടിക്ക് ശേഷം കൊച്ചിയിലേയ്ക്ക് തിരിക്കുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിലെ വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് ഡല്‍ഹിയിലേയ്ക്ക് തിരിച്ചുപോകും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുരുവായൂരിൽ തുലാഭാരം നടത്തി.  താമര കൊണ്ടുള്ള തുലാഭാരം അടക്കം വിവിധ വഴിപാടുകളാണ് പ്രധാനമന്ത്രി നടത്തിയത്. ഇതില്‍ ഉരുളിയില്‍ നറുനെയ് അർപ്പിക്കലും പെടുന്നു. ദേവസ്വം ഭാരവാഹികളാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കനത്ത സുരക്ഷാസന്നാഹമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ ഒരുക്കിയിരുന്നത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ബിജെപി പരിപാടിയായ അഭിനന്ദന്‍ സഭയില്‍ മോദി പങ്കെടുക്കും. നാല് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് പരിപാടിയില്‍ മോദി സംസാരിക്കുക. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഗുരുവായൂരില്‍ രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവര്‍ പ്രധാനമന്ത്രിയായിരിക്കെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഗുരുവായൂരില്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഗുരുവായൂരിലെ പരിപാടിക്ക് ശേഷം കൊച്ചിയിലേയ്ക്ക് തിരിക്കുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിലെ വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് ഡല്‍ഹിയിലേയ്ക്ക് തിരിച്ചുപോകും.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുലാഭാരം നടത്തിയത് പൊന്നാനി തിരുന്നാവായയിൽ നിന്നുള്ള താമരപ്പൂക്കൾ കൊണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം ഇവിടെനിന്നും പൂക്കൾ പോകുന്നുണ്ട്. ഇവ കൃഷി ചെയ്യുന്നത് മുപ്പതോളം മുസ്ലിം കുടുംബങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.

111 കിലോ താമരയാണ് പ്രധാനമന്ത്രിക്കു വേണ്ടി സംഭരിച്ചു വെച്ചിരുന്നത്.

തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിനു സമീപത്തെ താമരക്കായലുകളിലാണ് താമരക്കൃഷി നടക്കുന്നത്. സമീപത്തുള്ള മറ്റ് കായലുകളിലും താമരക്കൃഷിയുണ്ട്. വലിയ പറപ്പൂര്‍, കൊടക്കല്‍ വാവൂര്‍ കായല്‍, പല്ലാറ്റ് കായല്‍, മാണൂക്കായല്‍, വീരാഞ്ചിറ എന്നിവിടങ്ങളിലെല്ലാം താമരകൾ വിളയിക്കുന്നു.

നാവാമുകുന്ദക്ഷേത്രത്തിലേക്കും ഗുരുവായൂരിലേക്കും തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തിലേക്കുമെല്ലാം ഇവിടെനിന്ന് താമരകൾ പോകുന്നു. കോഴിക്കോട് തളി, കാടാമ്പുഴ, ആലത്തൂര്‍ ഹനുമാന്‍കാവ്, തൃപ്രങ്ങോട്, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലേക്കും താമരകൾ പോകുന്നത് ഈ കൃഷിയിടങ്ങളിൽ നിന്നുണാണ്.

താമരപ്പൂക്കളുടെ കൃഷിയെ കൃഷിയായി അംഗീകരിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാരണത്താൽ കൃഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കാറില്ല.

റുംനമ്പർ വൺ, ശ്രീവത്സം: മോദി തങ്ങിയത് കരുണാകരന്റെ ഇഷ്ടമുറിയിൽ

ശ്രീവത്സം ഗസ്റ്റ് ഹൗസിലെ ഒന്നാംനമ്പർ മുറിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി സജ്ജമാക്കിയിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഈ മുറി മോടി പിടിപ്പിച്ചിരുന്നു. ഒന്നാംനമ്പർ മുറി കരുണാകരന്റെ താമസം കൊണ്ട് ഏറെ പ്രശസ്തമാണ്. എല്ലാ മലയാളമാസം ഒന്നാംതിയ്യതിയും കരുണാകരൻ ഗുരുവായൂർ സന്ദർശനത്തിനെത്തുമ്പോൾ ഈ മുറിയിലാണ് തങ്ങിയിരുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു എന്നിവര്‍ ഗുരുവായൂരിലെത്തിയപ്പോഴും ഈ മുറിയാണ് നൽകിയത്. മുന്‍ രാഷ്ട്രപതിമാരായ ആർ.വെങ്കട്ടരാമൻ, ശങ്കർദയാൽ ശർമ, കെ.ആർ. നാരായണൻ, പ്രണബ് മുഖർജി എന്നിവരും ഇതേ മുറി ഉപയോഗിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍