UPDATES

ട്രെന്‍ഡിങ്ങ്

ഉത്തർപ്രദേശിലല്ല, ഇത് ഇടുക്കിയിൽ; 68-കാരന് ആൾക്കൂട്ട മർദ്ദനം

ഏഴംഗസംഘം മാങ്കുളം സിറ്റിയില്‍ വച്ച് ചവിട്ടിയും അടിച്ചുമാണ് ഇയാളെ പരിക്കേല്‍പ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇടുക്കി മാങ്കുളത്ത് വൃദ്ധന് നേരെ ആള്‍ക്കൂട്ട ആക്രമണം. അടിമാലി പത്താംമൈല്‍ സ്വദേശി മക്കാര്‍ താണോലിയാണ്(68) ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് വിധേയനായത്. ഇയാള്‍ മത്സ്യകച്ചവടക്കാരനാണ്. മീന്‍ വിറ്റതിന് കാശ് ചോദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം. ഇയാള്‍ ഇപ്പോള്‍ കോതമംഗലം താലൂക്ക ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ‘ നവംബര്‍ 30ന് രാത്രി ആനക്കുളത്ത് മീന്‍ വില്‍ക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെ, മക്കാറില്‍ നിന്ന് സ്ഥിരമായി മീന്‍ വാങ്ങുന്നയാളോട് മീന്‍വിറ്റ വകയില്‍ കിട്ടാനുള്ള കാശ് ചോദിച്ചു. അവിടെ മീന്‍ വില്‍ക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവര്‍ക്ക് കൊടുക്കാനുള്ള കാശ് കൊടുക്കാനും ഇയാള്‍ പറഞ്ഞു. ഇതിന്റെ പ്രതികാരമായി പ്രതികള്‍ റോഡില്‍ വച്ച് സംഘം ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. കോതമംലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തി.’

സംഘംചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യംപറയല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഏഴ് പേര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പത്താം മൈല്‍ ഇരുമ്പുപാലം മേഖലയില്‍ നാളെ കടകളടച്ച് പ്രതിഷേധിക്കും. മക്കാറിനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് പലരും വിവരമറിഞ്ഞതും സംഭവം വിവാദമായതും. ഏഴംഗസംഘം മാങ്കുളം സിറ്റിയില്‍ വച്ച് ചവിട്ടിയും അടിച്ചുമാണ് ഇയാളെ പരിക്കേല്‍പ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍