UPDATES

സോഷ്യൽ വയർ

ആത്മാരാധകനായ ‘കളക്ടർ ബ്രോ’യോട്: പുലപ്രക്കുന്ന് ദളിത് കോളനിക്ക് അങ്ങ് നൽകിയ 13 വാഗ്ദാനങ്ങൾ ഓർമയുണ്ടോ?

മുൻകോഴിക്കോട് കലക്ടറും ഇപ്പോൾ അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എൻ.പ്രശാന്ത് എന്ന കലക്ടർ ബ്രോ,

സോഷ്യൽ മീഡിയയെ ഉപയോഗിച്ച് നിങ്ങൾ നടത്തിയ ഒരു സെൽഫ് എസ്റ്റാബ്ലിഷ്മെന്റ്റ് ഗിമ്മിക്ക് പുലപ്രക്കുന്ന് എന്ന ദലിത് കോളനിയെ എങ്ങനെയാണ് എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എടുത്തെറിഞ്ഞതെന്നു നിങ്ങൾക്കും പൊതുസമൂഹത്തിനും ബോധ്യപ്പെടാൻ ആ കോളനിക്കാർക്കു വേണ്ടിയാണ് ഇതെഴുതുന്നത്. അവർക്ക് നിങ്ങളോട് ചോദിക്കാൻ ഫേസ്ബുക്ക് അക്കൗണ്ടോ മൊബൈൽ ഫോണോ ഒന്നുമില്ലല്ലോ?

താങ്കൾ മറന്നു പോയി എന്നുറപ്പുള്ളതുകൊണ്ട് പുലപ്ര കുന്നിനെ കുറിച്ച് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.

2015ലാണ് കോഴിക്കോട് മേപ്പയൂരിലെ പുലപ്രക്കുന്ന് ദളിത് കോളനിയിലെ മുപ്പത്തഞ്ചോളം മനുഷ്യർ നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ചും അവർ ജീവിക്കുന്ന നരകജീവിതത്തെക്കുറിച്ചും സോഷ്യൽ മീഡിയ വഴി പുറംലോകമറിയന്നത്. കല്യാണവീടുകളിലെ സദ്യക്കു പോലും ആളുകൾ ഒരു പന്തിയിൽ ഇരുന്നാഹാരം കഴിക്കാൻ തയ്യാറാകാത്ത, അവസാന പന്തിക്ക് ഊഴം കാത്തു നിൽക്കേണ്ടി വരുന്നതിനാൽ പിന്നെപ്പിന്നെ പുറംമനുഷ്യരുടെ വീടുകളിലേക്ക് ഒന്നിനും തന്നെ പോകാതെ, ജാതീയ അധിക്ഷേപങ്ങളും തുറിച്ചു നോട്ടങ്ങളും നേരിട്ട് മനസ്സു മരവിച്ച് പകലുകളിൽ പട്ടിണി പങ്കിട്ട് രാത്രികളെ അര മെഴുകുതിരി വെട്ടത്തിൽ തള്ളിനീക്കി, നീതി നിഷേധത്തിൽ ജീവിക്കുന്ന രക്തസാക്ഷികളുടെ മുന്നിലേക്കാണ് അന്ന് നിങ്ങൾ ചെന്നത്.

അവരുടെ തോളുകളിൽ ചേർത്ത് പിടിച്ച്, അവരുടെ കുഞ്ഞുങ്ങളെ തോളിലെടുത്ത് നിങ്ങളവർക്ക് അക്കമിട്ട് പതിമൂന്നു വാഗ്ദാനങ്ങൾ നൽകി. അവരുടെ സകല പ്രശ്നങ്ങൾക്കും പരിഹാരമായെന്ന് ലോകത്തോടു പറഞ്ഞു. സോഷ്യൽ മീഡിയ നിങ്ങളെ ദൈവ തുല്യനെന്ന് വാഴ്ത്തി. നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് പോലും പാലിക്കപ്പെടാത്ത ആ കടലാസ് തുണ്ടും, അന്നു കലക്ടർ ബ്രോയുടെ സ്നേഹവായ്പിനെ വാഴ്ത്തിവന്ന പത്രക്കട്ടിങ്ങുകളുമെല്ലാം മരിച്ചുപോയ കുഞ്ഞിന്റെ ജാതകക്കുറിപ്പു പോലെ ആ കോളനിയിലെ മനുഷ്യർ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

കോളനിക്ക് അടിയന്തിര ധനസഹായമായിരുന്നു അങ്ങയുടെ ആദ്യ വാഗ്ദാനം. അത് വാക്കിൽ തന്നെ അവസാനിച്ചു. കോളനിക്കാർക്കും പഞ്ചായത്തിലെ ഇതര ജനങ്ങൾക്കും വേണ്ടി നിർമ്മിച്ച രണ്ടര ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ കോളനിക്കാർക്കുള്ള വാൽവ് തുറക്കാനാവാത്ത വിധം പൂട്ടി വച്ച് പതിനഞ്ചു കൊല്ലത്തോളമായി അവർക്ക് കുടിവെളളം നിഷേധിച്ചിരിക്കുന്ന വിഷയം അന്നങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തി എന്നവർ പറഞ്ഞു. എന്നാൽ അത് തുറക്കാനുള്ള നടപടിയല്ല, മറിച്ച് മൂന്നരലക്ഷം രൂപയ്ക്ക് പട്ടികജാതിക്കാർക്കുള്ള ഫണ്ട് ഉപയോഗിച്ച് വെറും 2000 ലിറ്ററിന്റെ ടാങ്ക് വാങ്ങി താഴെ നിന്ന് വെള്ളം പമ്പു ചെയ്ത് വിതരണം ചെയ്യാനാണ് അങ്ങ് നിർദ്ദേശിച്ചത്. ഫലം, കോളനിക്കാർക്ക് അതിൽ നിന്ന് വെള്ളമില്ല. പഞ്ചായത്തിലെ അനധികൃത കരാറുകാരൻ ആ വെള്ളം കുന്നിനു താഴെ മറ്റു വീട്ടുകാർക്ക് വിതരണം ചെയ്ത് മാസം അയ്യായിരത്തോളം രൂപ പിരിക്കുന്നു. വെള്ളം വേണമെങ്കിൽ കാശു തരണമെന്ന് ഭീഷണിപ്പെടുത്തി അരിക്ക് ഗതിയില്ലാത്ത മനുഷ്യരിൽ നിന്ന് പലതവണയായി പണപ്പിരിവ് നടത്തുന്നു. കുടിവെള്ളം വാങ്ങാൻകയ്യിൽ കാശില്ലാത്ത ആ മനുഷ്യർ കൈക്കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ച് കിലോമീറ്ററുകളോളം നടന്ന് കുത്തനെയുള്ള കയറ്റം കയറി കുടിവെള്ളം കൊണ്ടുവന്നു. അവരുടെ പെണ്ണുങ്ങൾ അഴുക്കുചാല് തെളിച്ച് തുറന്ന ഇടങ്ങളിൽ നിന്ന് കുളിച്ചു. ഉടുത്തു മാറാൻ തുണിയില്ലാത്ത അവരെ നാറുന്നു എന്ന് നാട് പിന്നെയും മാറ്റി നിർത്തി. ഇന്നത്തെ കാലത്തും ഇങ്ങനെ പ്രാകൃതരായി നടക്കുന്നല്ലോ എന്ന് അവരുടെ മുഖത്തു നോക്കി പരിഹസിച്ചു.

അവർ നടന്ന് പോകെ ‘അനുസരണക്കേട് കാട്ടിയാൽ നിന്നെ പുലപ്രക്കുന്നിലെ പറച്ചികൾക്ക് പിടിച്ചു കൊടുക്കും’ എന്ന് താഴെ ലോകത്തെ മാതൃകാ അമ്മമാർ തങ്ങളുടെ മക്കളെ അനുസരണാശീലരാക്കി. അവരുടെ പറമ്പുകളിൽ നിന്ന് കാണാതെ പോയ അടയ്ക്കയ്ക്കും തേങ്ങയ്ക്കുമങ്ങനെ എത്രയോ വട്ടം മനസ്സറിയാതെ പഴികേട്ടു ശീലിച്ച പുലപ്രക്കുന്നിലെ പറച്ചികൾ അതെല്ലാം കേട്ടിട്ടും നിശ്ശബ്ദരായി തങ്ങളുടെ തലയിലേറ്റപ്പെട്ട വെള്ളം ചുമന്ന് കരഞ്ഞ് കുന്നുകയറി, കഴിഞ്ഞ ദിവസം വരെ…

കലക്ടർ ബ്രോ കാണാതെ പോയ ആ പൈപ്പിന്റെ തുരുമ്പിച്ച ജാതിവാൽവ് ഞങ്ങളങ്ങ് അറുത്തുമാറ്റി. അതിന് പഞ്ചായത്തുകാർ തടസ്സവുമായി വരും എന്നറികയാലാണ് അന്ന് വൈകീട്ട് ആറിന് മേപ്പയൂർ നിർമ്മിച്ച സ്നേഹവീടുകളുടെ താക്കോൽദാനത്തിനെത്തിയ കോടിയേരി ബാലകൃഷ്ണൻ സാറും മന്ത്രി ടി.പി രാമകൃഷ്ണൻ സാറും വേദിയിലിരിക്കേ അവിടെ കയറിച്ചെന്ന് പുലപ്രക്കുന്നിന്റെ സങ്കടം പറഞ്ഞത്. അവരിരുവരും അടിയന്തിരമായി പരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതരോട് അവിടെ വെച്ചു തന്നെ നിർദ്ദേശിച്ചു. ഇതെത്തുടർന്ന് സമ്മേളനം അവിടെ നടന്നു കൊണ്ടിരിക്കേ തന്നെ മേപ്പയൂർ പഞ്ചായത്ത് അധികാരികളുടെ മുഴുവൻ സാന്നിധ്യത്തിലാണ് ആ പൈപ്പ് തുറന്നത്.

അങ്ങ് വാഗ്ദാനം ചെയ്ത തെരുവുവിളക്കുകൾ വെളിച്ചമില്ലാത്ത വിളക്കു കാലുകളായിരുന്നു ഇന്നലെ വരെ. ഇന്നവിടെ വെളിച്ചമെത്തും എന്ന ഉറപ്പ് കിട്ടിയ ശേഷമാണ് ഞങ്ങൾ തിരികെ പോന്നത്. ഒന്നു മനസ്സിലാക്കണം സാർ, അവർക്ക് നിഷേധിക്കപ്പെട്ട വെള്ളത്തിനും വെളിച്ചത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ജാതിയല്ലാതെ മറ്റൊന്നുമല്ല കാരണം…
അങ്ങ്, അടിയന്തിരമായി പുനരുദ്ധരിക്കാൻ പേപ്പറിലെഴുതി വച്ച വീടുകൾ എന്നു വിളിക്കപ്പെടുന്ന ചാണകത്തറയുടെ നാലു മൂലയ്ക്ക് നാട്ടിയ കൊമ്പുകളിൽ പഴകിയ വോയിൽ സാരിയും ഫ്ളക്സുകളും പുതച്ചു നിൽക്കുന്ന ഈ രൂപങ്ങൾ മറുപടി പറയും. ഉടൻന ടത്തും എന്നു പറഞ്ഞ ഭൂമി അളക്കാൻ സർവ്വേയർക്ക് മൂന്നര വർഷമായിട്ടും ഏതോ ഒരു ഉപകരണം ലഭ്യമല്ല എന്നാണ് അധികൃതർ ഞങ്ങളോട് പറഞ്ഞത്. ആ ഭൂമിയുടെ രേഖ ഇല്ലാത്തതിനാലാണ്, ആ മനുഷ്യർക്ക് റോഷനരി പോലും കിട്ടാത്തത്. തൊഴിലുറപ്പു പണിക്കു പോലും അവരെ ചേർക്കാത്തത്. അവർക്ക് അസുഖം വന്നാൽ സൗജന്യചികിത്സ പോലും കിട്ടാത്തത്. കുറുക്കനെയും നരിയെയും ഭയന്ന് ഇരുട്ടിൽ ഇക്കണ്ട കാലത്തെ രാത്രികളെല്ലാം അവർ കഴിഞ്ഞത്. അവർ രോഗബാധിതരായപ്പോൾ സൗജന്യ ചികത്സ ലഭിക്കാതിരുന്നത്. അവരുടെ കുഞ്ഞുങ്ങൾക്ക് സൗജന്യ പഠനവും സ്റ്റൈപ്പന്റും പോലും നിഷേധിക്കപ്പെട്ടത്. ഭൂമിയളക്കാൻ തടസ്സമായ ആ സവിശേഷ ഉപകരണം തിരക്കി ഞങ്ങൾ പോയതോടെ ഉപകരണത്തിന്റെ കള്ളക്കഥയ്ക്ക് വിരാമമായി. എന്തായാലും ജനുവരി 22ന് പുലപ്രക്കുന്നിലെ മനുഷ്യർക്ക് അവരുടെ ഭൂമിയളന്ന് നൽകാം എന്ന ഉറപ്പ് ഇന്നലെ അധികൃതരിൽ നിന്ന് ലഭിച്ചു, 22നായി ഞങ്ങളും കാത്തിരിക്കുന്നു.

കലക്ടർ ബ്രോ, നിങ്ങൾ മറ്റൊരു വാഗ്ദാനം കൂടി നൽകിയിരുന്നു. എല്ലാ വീടിനും കക്കൂസ്. ഒന്നുപോലും ഇതുവരെ ഇല്ല. കിംഗ് ജോൺ എന്ന സാമൂഹ്യ പ്രവർത്തകൻ നിർമ്മിച്ചു നൽകിയ രണ്ടു കക്കൂസുകളാണ് കോളനിയിലെ മുഴുവൻ മനുഷ്യരും ഉപയോഗിക്കുന്നത്. ഭക്ഷണവും അങ്ങനെ തന്നെ വല്ലപ്പോഴും കാത്തിരുന്ന് ആരെങ്കിലും ഒരാൾക്ക് ടൗണിൽ ഒരു ചുമടോ മറ്റോ തരപ്പെട്ടാൽ കിട്ടുന്ന കാശിന് അവിടെ എല്ലാ വീട്ടിലേക്കുമാണ് അരി. ഇല്ലാത്തപ്പോഴും അങ്ങനെത്തന്നെ. പട്ടിണിയും പങ്കിടും.

അടുത്തുള്ള അംഗനവാടിയിൽ നിന്ന് കൈക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന അമൃതം പൊടി കുറുക്കിക്കൊടുത്താണ് സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളെപ്പോലും അയയ്ക്കുക. കുഞ്ഞുങ്ങൾക്കു തുടർവിദ്യാഭ്യാസത്തിനു സഹായം നൽകും എന്നും അങ്ങ് അന്ന് വാഗ്ദാനം ചെയ്തിരുന്നു, ആ കുഞ്ഞുങ്ങൾ പഠനം നിർത്തി കുട്ടയും മുറവും നെയ്യുന്നു. തുച്ഛമായ തുകക്ക് അവ വിൽക്കേണ്ടി വരുന്നു. കോളനിയിലെ ഏക ബിരുദധാരിണിയായ അശ്വതിക്ക് അന്ന് അങ്ങ് തൊഴിൽ വാഗ്ദാനം നടത്തിയിരുന്നു. അതും വെറും വാക്ക്!

കോളനിയിലേക്കുള്ള വഴിക്ക് അനുവദിച്ചെന്ന് പറഞ്ഞ ഏഴര ലക്ഷത്തെപ്പറ്റിയുള്ള അന്വേഷണത്തിന് അത് ലാപ്സായിപ്പോയെന്നാണ് കിട്ടിയ മറുപടി. അതായത് അന്നങ്ങു നടത്തിയിട്ടു പോയ വാഗ്ദാനങ്ങളിൽ ഒന്നു പോലും യാഥാർത്ഥ്യമായിട്ടില്ല, എന്നിട്ടും ”കലക്ടർ എല്ലാം ശരിയാക്കിയില്ലേ പിന്നെ ഇനി ആരും ഒന്നും പുലപ്രക്കോടേക്ക് കൊണ്ടുപോയി ഞങ്ങളുടെ നാടിന് നാണക്കേടുണ്ടാക്കരുത്” എന്ന് പറഞ്ഞ് അരിയുമായി ചെന്നവരെ പോലും ‘നല്ലവരായ’ നാട്ടുകാർ മടക്കി അയച്ചതും, അവർ നിങ്ങളെ മതം മാറ്റിക്കളയും എന്ന് കോളനിക്കാരെ ഭീഷണിപ്പെടുത്തിയതും കൂടി നിങ്ങളറിയണം, ഇനിയെങ്കിലും നിങ്ങളെപ്പോലുള്ള ബ്യൂറോക്രാറ്റ്സ് നടത്തുന്ന സെൽഫ് എസ്റ്റാബ്ലിഷ്മെന്റ് സോഷ്യൽ മീഡിയ ഗിമ്മിക്കുകളിൽ നിന്ന് ഇങ്ങനെയുള്ള സാധുക്കളെയെങ്കിലും, ഇനി മേലെങ്കിലും ദയവു ചെയ്ത് ഒഴിവാക്കുക. അവർ നിങ്ങളുടെ വാക്കുകളെ ഏറെ വിശ്വസിച്ചിരുന്നു. ഒക്കെ വെറുതേയെന്നറിഞ്ഞപ്പോൾ അവർക്കേറെ നൊന്തിരുന്നു.

പുലപ്രക്കുന്നിലേക്ക് നമുക്കൊന്നു പോകണം എന്നു പറഞ്ഞപ്പോൾ എപ്പോൾ വേണം എന്നു പറഞ്ഞര മണിക്കൂറിനുള്ളിൽ യാത്രാ ടിക്കറ്റുമായി തയ്യാറായ, പിന്നീട് കോളനിയിലെ മൂന്നു ദിവസങ്ങളിലും ഏതു നിമിഷവും പണിമുടക്കിയേക്കാവുന്ന സ്വന്തം ഹൃദയത്തിനെ പോലും മറന്ന് ഓടി നടന്ന പ്രിയപ്പെട്ട മാർസൻ ചേട്ടൻ, ട്രെയിനിറങ്ങിയ നേരം മുതൽ മൂന്നു ദിവസവും മറ്റെല്ലാം മാറ്റി വച്ച് ഒപ്പം നിന്ന കൂടപ്പിറപ്പുകൾ, രതീഷ്, ശീതൾ, അവരുടെ കുടുംബങ്ങൾ, വിവരം അറിഞ്ഞയുടൻ അവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമായി ഓടിയെത്തിയ ദിനുവും കുടുംബവും കൊണ്ട് പുലപ്രക്കുന്നിലേക്ക് ഞങ്ങൾക്ക് സാരഥിയായ ചൊക്ളി സ്റ്റേഷനിലെ എസ്.ഐ റഹൂഫ്, കോടിയേരി സാറിനോട് വിഷയം നേരിൽ പറയാൻ അവസരമൊരുക്കിത്തന്ന പ്രിയ സുഹൃത്ത് ബിനീഷ് കോടിയേരി, ബഹു. മന്ത്രി ടി പി രാമകൃഷ്ണൻ, മാധ്യമം സബ്ബ് എഡിറ്റർ അസ്ലം, പഞ്ചായത്ത് അധികൃതർ, എല്ലാവരോടും നിറയെ സ്നേഹം.

പ്രിയപ്പെട്ടവരേ, പുലപ്രകുന്നിന്, അവിടത്തെ മനുഷ്യർക്ക് ഭക്ഷണവും വസ്ത്രവും വേണ്ടതുണ്ട്, പിന്തുണയും സ്നേഹവും വേണ്ടതുണ്ട്.. ചേർത്തു പിടിക്കുക.

വിനീത വിജയൻ

വിനീത വിജയൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍