ന്യൂസ് അപ്ഡേറ്റ്സ്

ശ്രീചിത്രനെയും ദീപാ നിഷാന്തിനെയും ഒഴിവാക്കിയതിൽ പ്രതിഷേധം; ദസ്തയോവിസ്കിയെ ഒഴിവാക്കരുതേയെന്ന് അശോകൻ ചരുവിൽ

എസ് കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച ദീപാ നിഷാന്തിനെയും അതിന് പിന്തുണ നൽകിയെന്ന ആരോപണം നേരിടുന്ന ശ്രീചിത്രനെയും തൃശ്ശൂരിൽ നടക്കുന്ന ജനാധിപത്യ സംഗമത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ വിമർശിച്ച് കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. പരിപാടിയുടെ സംഘാടകരായ സാറാ ജോസഫിൽ നിന്നും രാവുണ്ണിയിൽ നിന്നും ഇത് താൻ പ്രതീക്ഷിച്ചില്ലെന്ന് അശോകൻ ചരുവിൽ പറഞ്ഞു.

ഡിസ. 4ന് തൃശൂരിൽ നടക്കുന്ന ജനാധിപത്യ സംഗമത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് “കവിതാ മോഷണക്കുറ്റവാളി”കളെ ഒഴിവാക്കിയതിൽ വിയോജിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. കുറ്റവാളികൾക്കു മനുഷ്യാവകാശമുണ്ട് എന്നത് മുൻനിർത്തി ഇവരെയും പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. കുറ്റവാളികളെ സാഹിത്യത്തിൽ നിന്നും ഒഴിവാക്കിയാൽ ആരും ബാക്കി കാണില്ലെന്നും അശോകൻ ചെരുവിൽ പറഞ്ഞു.

ദസ്തയോവിസ്കിയുടെ ജീവിതം ചൂണ്ടിക്കാട്ടിയും കവിതാ മോഷ്ടാക്കളെ ന്യായീകരിക്കാൻ അശോകൻ ചരുവിൽ ശ്രമം നടത്തുന്നുണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ. “തൃശൂരിൽ നമുക്കൊപ്പം ആത്മാവുകൊണ്ട് പങ്കെടുക്കാൻ ഡോസ്റ്റോവിസ്കി എന്ന “കുറ്റവാളി” ആഗ്രഹിക്കുന്നുണ്ടാവും. പഴയ കേസിന്റെയും ശിക്ഷയുടേയും പേരിൽ അദ്ദേഹത്തെ ഒഴിവാക്കുന്നതായി പത്രക്കുറിപ്പ് ഇറക്കരുതെന്ന്‌ അപേക്ഷിക്കുന്നു.” -ചരുവിലിന്റെ പോസ്റ്റ് പറഞ്ഞു. ബെലിൻസ്കിയുടെ ലേഖനങ്ങൾ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ദസ്തയോവിസ്കിക്കെതിരെ ഭരണകൂടം തിരിയുകയും കുറ്റം ചാർത്തുകയും ചെയ്തത്.

കന്യാവനങ്ങൾ എന്ന നോവലിൽ കടൽയാത്രയെ വിവരിക്കുന്ന ഒരു അധ്യായം എഴുതുന്നതിന് ടാഗോറിനെയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള അവലംബിച്ചതെന്നും അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരവധി കുറ്റങ്ങൾ ചെയ്തിട്ടുള്ളവനെങ്കിലും താൻ തൃശൂർ സംഗമത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍