Top

മൃതദേഹം കണ്ടെത്തിയത് കാഞ്ചീപുരത്തിന് സമീപം; പല്ലിലെ ക്ലിപ്പ് ജസ്നയാണെന്ന സംശയം ബലപ്പെടുത്തി

മൃതദേഹം കണ്ടെത്തിയത് കാഞ്ചീപുരത്തിന് സമീപം; പല്ലിലെ ക്ലിപ്പ് ജസ്നയാണെന്ന സംശയം ബലപ്പെടുത്തി
ചെന്നൈക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതാണെന്ന് സംശയം. കാഞ്ചീപുരത്തിന് സമീപം ദേശീയപാതയോട് ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മലയാളിയുടേതാണെന്ന സംശയം ഉയര്‍ന്നതോടെയാണ് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ വിവരമറിയിച്ചത്. പല്ലില്‍ ക്ലിപ്പിട്ടിരിക്കുന്നതും 19-20 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടി എന്ന തമിഴ്‌നാട് പോലീസിന്റെ സന്ദേശമാണ് മൃതദേഹം ജസ്‌നയുടേതാണെന്ന സംശയമുയര്‍ത്തിയിരിക്കുന്നത്. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജസ്‌നയെ കാണാതായിട്ട് രണ്ട് മാസങ്ങള്‍ പിന്നിടുന്നു. പലയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ജസ്‌നയെ കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. അന്വേഷണം തുടര്‍ന്നു വരുന്നതിനിടെയാണ് അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് ജസ്‌നയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തമിഴ്‌നാട് പോലീസ് കാണുന്നത്. ഉടന്‍ തന്നെ വിവരം കേരള പോലീസിന് കൈമാറുകയായിരുന്നു. അന്വേഷണ സംഘം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടു.

തിരുച്ചിറപ്പള്ളി-ചെങ്കല്‍ക്കോട്ട റോഡില്‍ പഴവേലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലഭിച്ച മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മൃതദേഹം ചെങ്കല്‍പേട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശരീരമാസകലം കത്തിക്കരിഞ്ഞ് വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സാഹചര്യമുണ്ട്. അന്വേഷണസംഘമെത്തി വിദഗ്ദ്ധ പരിശോധനകള്‍ക്കും ഡിഎന്‍എ പരിശോധനക്കും ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരൂ എന്ന് പത്തനംതിട്ട എസ്പി ടി.നാരായണന്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജസ്‌നയെ മാര്‍ച്ച് 22നാണ് കാണാതാവുന്നത്. സ്റ്റഡി ലീവായിരുന്നതിനാല്‍ പഠിക്കാനായി പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് 22ന് രാവിലെ ജസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അയല്‍വീട്ടുകാരോടും പറഞ്ഞിട്ടാണ് ജസ്‌ന പോവുന്നത്. മുക്കൂട്ടുതറയില്‍ എത്തിച്ചത് പരിചയക്കാരനായ ഓട്ടോഡ്രൈവറാണ്. പിന്നീട് മുക്കൂട്ടുതറയില്‍ നിന്ന് എരുമേലി ബസ് സ്റ്റാന്‍ഡില്‍ എത്തി. ജസ്‌നയുടെ കൂടെ മുമ്പ് പഠിച്ചിരുന്ന ഒരു സുഹൃത്ത് എരുമേലിയില്‍ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസില്‍ ജസ്‌ന കയറിയിരിക്കുന്നത് കണ്ടു. രാവിലെ 9.30നുള്ള ബസിലാണ് പെണ്‍കുട്ടി യാത്ര ചെയ്തത്. ബസ് പോവുന്ന വഴിയിലുള്ള ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളിലും ജസ്‌ന ബസിലിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് ജസ്‌നയെ കണ്ടവര്‍ ആരുമില്ല. അവള്‍ എവിടെ പോയെന്ന് ആര്‍ക്കും അറിയുകയുമില്ല.

കാണാതായ അന്ന് തന്നെ ജസ്‌നയുടെ വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് പരാതി സ്വീകരിച്ചെങ്കിലും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കാര്യമായ അന്വേഷണം തുടങ്ങിയതെന്ന പരാതി മുമ്പ് തന്നെ ജസ്‌നയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. പിന്നീട് ജസ്‌നയുടെ അച്ഛന്‍ ജെയിംസ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നറിയിച്ചു. തുടര്‍ന്ന് ജസ്‌നയെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. തിരുവല്ല ഡിവൈഎസ്പി, തിരുവല്ല സിഐ, വനിതാ സിഐ, പെരിനാട് സിഐ എന്നിവരുടെ നേതൃത്വത്തില്‍ നാല് സംഘമായാണ് അന്വേഷണം നടത്തി വന്നത്. പത്തനംതിട്ട എസ്പിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

അന്വേഷണം തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ ജസ്‌നയെ ബംഗലൂരുവില്‍ കണ്ടതായി ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ബംഗലുരുവിലെ ആശ്വാസ് ഭവനില്‍ ജസ്‌നയും ഒരു സുഹൃത്തും എത്തിയതായും, അപകടത്തില്‍പ്പെട്ട ഇവര്‍ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയതായുമാണ് വിവരം ലഭിച്ചത്. എന്നാല്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ അത് ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു. പിന്നീടാണ് ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം ഡിജിപി പ്രഖ്യാപിക്കുന്നത്. ഇതോടെ ജസ്‌നയെ കണ്ടെന്ന നിലയില്‍ നിരവധി കോളുകള്‍ പോലീസിന് ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

അന്വേഷണ സംഘം ഏത് വഴിക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോവണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയായിരുന്നു. അതിനിടെയാണ് തമിഴ്‌നാട് പോലീസില്‍ നിന്ന് മൃതദേഹം സംബന്ധിച്ച വിവരം ലഭിക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/keralam-where-jesna-gone-reports-dhanya/

http://www.azhimukham.com/newswrap-what-happened-keralapolice-in-liga-jesna-cases-writes-sajukomban/

Next Story

Related Stories