ന്യൂസ് അപ്ഡേറ്റ്സ്

പപ്പടവടക്കടയിൽ വീണ്ടും ഗുണ്ടാ ആക്രമണം; പോലീസിന്റെ മുന്നിൽ വെച്ച് ഗുണ്ടകളുടെ പരസ്യ ഭീഷണി; പോലീസ് ഗുണ്ടകൾക്കൊപ്പമെന്ന് ആരോപണം

ഈ ആക്രമണത്തിനു ശേഷം പൊലീസ് ഗുണ്ടകളെ പിടിച്ച് കൊണ്ടുപോയെങ്കിലും ഇവർ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തി ആക്രമണം തുടർന്നു.

കൊച്ചി കലൂരിൽ പ്രവർത്തിക്കുന്ന പപ്പടവടക്കട എന്ന സ്ഥാപനത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഇരുപത് ദിവസം മുമ്പ് ഗുണ്ടകൾക്കെതിരെ താൻ പരാതി നൽകിയിരുന്നെന്നും ഇതിന്റെ പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നതെന്നും കടയുടമ മിനു പോളിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആക്രമണം നടക്കുന്നത് വീഡിയോ ലൈവ് ഇടുമ്പോൾ ഗുണ്ടകൾ ആക്രോശിക്കുന്നത് കാണാം. പോലീസിന്റെ സാന്നിധ്യത്തില്‍ ഇത് നടക്കുമ്പോൾ പോലീസ് ഗുണ്ടകളെ പിന്തുണയ്ക്കുന്നതും വീഡിയോയിൽ കാണാം.

സംഭവം നടക്കുമ്പോൾ പൊലീസിനെ വിളിച്ചുവെങ്കിലും തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്നും അര മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് എത്തിയില്ലെന്ന് മിനു പോളിൻ ആരോപിച്ചു. എസ്ഐയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു.

ഈ ആക്രമണത്തിനു ശേഷം പൊലീസ് ഗുണ്ടകളെ പിടിച്ച് കൊണ്ടുപോയെങ്കിലും ഇവർ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും തിരിച്ചെത്തി ആക്രമണം തുടർന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്വദേശി ഷിന്റോ, പത്തനംതിട്ട സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ജീവനക്കാരില്‍ ഒരാളുടെ ശമ്പള പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ റെസ്റ്റോറന്റിന് നേര്‍ക്ക് ആക്രമണം നടന്നിരുന്നു. ആ സംഭവത്തില്‍ അറസ്റ്റിലായ ഷിന്റോ പിന്നീട് ജാമ്യത്തില്‍ പുറത്തുവന്നു.

ഇന്നലെ മിനുവിന്റെ ഭര്‍ത്താവ് അമല്‍ സുഹൃത്തുമായി കടയ്ക്ക് മുന്നില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പുറകിലൂടെ വന്ന് ഷിന്റോ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റിയെങ്കിലും ഷിന്റോ വടിയുമായി എത്തി വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് പോലീസിനെ വിളിച്ചെങ്കിലും അവര്‍ അരമണിക്കൂറോളം കഴിഞ്ഞാണ് എത്തിയത് എന്നും ആരോപണമുണ്ട്. പോലീസ് ഷിന്റോയെ കൊണ്ടുപോയെങ്കിലും തിരിച്ചെത്തി ഷിന്റോ റെസ്റ്റോറന്റില്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.

വിശക്കുന്നവര്‍ക്ക് സൌജന്യമായി ആഹാരം നല്‍കുന്ന ‘നന്മമരം’ എന്ന സംവിധാനം റെസ്റ്റോറന്റിനു മുന്നില്‍ ഏര്‍പ്പെടുത്തിയ മിനു പോളിന്റെ നടപടി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇതടക്കമാണ് ഇന്നലെ അക്രമികള്‍ തല്ലിത്തകര്‍ത്തത്.

പ്രളയസമയത്ത് അൻപോട് കൊച്ചി നിരസിച്ച സാധനങ്ങൾ പപ്പടവടക്കട ഉടമ മുൻകൈയെടുത്ത് വിതരണം ചെയ്തിരുന്നു. ഇത് അൻപോട് കൊച്ചിയുടെ അധികാരിയും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുമായ രാജമാണിക്യത്തിന്റെ അപ്രീതിക്ക് കാരണമായെന്ന ആരോപണം ഉണ്ടായതും പിന്നീട് കട പൂട്ടിച്ചതുമെല്ലാം വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ ഭക്ഷ്യവകുപ്പ് തങ്ങളുടെ നടപടിയിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

രാജമാണിക്യത്തില്‍ നിന്നും പ്രതികാരം പ്രതീക്ഷിച്ചില്ലെന്ന് യുവസംരംഭക; പ്രതികാരം ചെയ്യാന്‍ ഇപ്പോള്‍ സമയമില്ലെന്ന് രാജമാണിക്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍