Top

ശബരിമല റിവ്യൂ ഹരജികൾ: ഇനിയും മനസ്സിലാകാത്തവർക്കായി 11 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ശബരിമല റിവ്യൂ ഹരജികൾ: ഇനിയും മനസ്സിലാകാത്തവർക്കായി 11 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ റിവ്യൂ ഹരജികൾ സുപ്രീംകോടതി കൈകാര്യം ചെയ്തതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലവിലുണ്ട്. ഈ ആശയക്കുഴപ്പങ്ങൾ വലിയൊരു പങ്കും ചില നിക്ഷിപ്ത താൽപര്യക്കാർ സൃഷ്ടിച്ചെടുത്തതാണെന്നും കാണാം. എങ്കിലും പലതരത്തിലുള്ള പ്രചാരണങ്ങളിൽ കുടുങ്ങി ഉദ്ദേശ്യശുദ്ധിയുള്ളവർ പോലും തെറ്റുധാരണകളിലേക്ക് വീഴുന്നുണ്ട്. അതെക്കുറിച്ച് വക്കീലും സാമൂഹ്യപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ ഫേസ്ബുക്കിലിട്ട കുറിപ്പ് ചുവടെ.


ചോദ്യം: റിവ്യൂ ഹരജികൾ അനുവദിച്ചില്ലേ?

ഉത്തരം: ഇല്ല. അഡ്മിറ്റ് പോലും ചെയ്തിട്ടില്ല.

ചോ: പിന്നെ?

ഉ: തുറന്ന കോടതിയിൽ കേൾക്കണം എന്ന ഹരജി അനുവദിച്ചു. ജനുവരി 22 നു കേൾക്കും. ഫയൽ ചെയ്ത അവസ്ഥ തന്നെയാണ് ഇപ്പോഴും.

ചോ:അപ്പോൾ പഴയ വിധിയോ?

ഉ: സ്റ്റേ ചെയ്തില്ലെന്ന് മാത്രമല്ല, ചെയ്യുന്നില്ലെന്ന് വ്യക്തമായി ഉത്തരവിൽ പറയുകയും ചെയ്തു.

ചോ: എന്നു വെച്ചാൽ?

ഉ: 'യുവതികൾക്ക് കയറാം, 3ബി ചട്ടം റദ്ദാക്കി' എന്ന വിധി ജനുവരി 22 വരെ നിലനിൽക്കും. അന്ന് റിവ്യൂ ഹരജി ഫയലിൽ സ്വീകരിക്കണോ, വിശദമായ വാദം കേൾക്കണോ, റിവ്യൂ അനുവദിക്കണോ എന്നെല്ലാം തീരുമാനിക്കും.

ചോ: പിന്നെ 22 നു കേൾക്കുന്നതിൽ എന്ത് കാര്യം?

ഉ: വിധിയിൽ നിയമപരമായ പിശകുകൾ ഉണ്ടോ എന്ന് തുറന്ന കോടതിയിൽ പരിശോധിക്കും.

ചോ: അതല്ല, അതിനിടയിൽ യുവതികൾ കയറിയാൽ ഹരജിക്കാരുടെ വാദം നിഷ്ഫലമായില്ലേ? ബ്രഹ്മചര്യം തകർന്നില്ലേ? അതുകൊണ്ട് അതുവരെ കയറരുത് എന്നല്ലേ പറയേണ്ടത്? സബ്‌ജുഡീസ് അല്ലേ?

ഉ: റിവ്യൂ അനുവദിക്കാത്തതിനാൽ സബ്‌ജുഡീസ് ആവില്ല. സ്റ്റേ ഇല്ലെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. പിന്നെ, മണ്ഡലക്കാലമാണ് വരുന്നതെന്നും സ്റ്റേ ചെയ്തില്ലെങ്കിൽ ഉണ്ടാകാൻ പോകുന്നത് എന്താണെന്നും ഹരജികൾ വായിച്ച ജഡ്ജിമാർക്കും അറിയാമല്ലോ. അവരിത് അവരോട് തന്നെ ചോദിച്ചശേഷം ആകുമല്ലോ സ്റ്റേ വേണ്ടെന്നു പ്രത്യേകം എഴുതാൻ തീരുമാനിച്ചത്.

ചോ: അപ്പോൾ ബ്രഹ്മചര്യം?

ഉ: 1991 വരെ പലപ്പോഴും യുവതികൾ കയറിയിരുന്നു എന്നുള്ളത് തന്ത്രി ഉൾപ്പെടെ ഈ കേസിലെ കക്ഷികൾ സമ്മതിച്ചതാണ് എന്ന വസ്തുത മറന്നത് കൊണ്ടാണീ ചോദ്യം. അന്ന് യുവതികൾ കയറിയിട്ടു സംഭവിച്ചത് എന്തോ അത് തന്നെ 2 മാസം കൂടി തുടരട്ടെ എന്നു ന്യായാധിപർ കരുതിക്കാണും.

ചോ: തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ചത് തന്നെ വിശ്വാസികളുടെ വിജയമല്ലേ?

ഉ: അതേ. അത് ജനാധിപത്യത്തിന്റെ വിജയമാണ്. ജുഡീഷ്യറിയുടെ വിജയമാണ്. ഒരു വിധിയിൽ തെറ്റുണ്ട് എന്നു ഹരജികൾ വരുമ്പോൾ 'തെറ്റില്ല' എന്നു അടഞ്ഞ മുറിയ്ക്കുള്ളിലിരുന്നു വിധി പറയുമ്പോൾ ഹരജിക്കാർക്ക് കാര്യകാരണ സഹിതം ഒരുത്തരവ് കിട്ടുന്നില്ല. അതവർക്ക് ജുഡീഷ്യറിയിൽ ഉള്ള വിശ്വാസത്തെ ബാധിക്കും. തുറന്ന കോടതിയിൽ അത് കേട്ട്, കാര്യകാരണ സഹിതം തീർപ്പ് പറയുമ്പോൾ, റിവ്യൂ തള്ളിയാലും അനുവദിച്ചാലും അത് ഹരജിക്കാർക്ക് കോടതിയിലുള്ള വിശ്വാസം കൂട്ടും. കോടതി തന്നെയാണ് വിശ്വാസത്തിന്റെയും മൗലികാവകാശത്തിന്റെയും കാര്യത്തിൽ അന്തിമ തീർപ്പ് പറയേണ്ടത് എന്ന കാര്യത്തിലെങ്കിലും ഒരു തീരുമാനമായല്ലോ. റിവ്യൂ ഹരജികൾ കാര്യകാരണ സഹിതം തള്ളിയാൽ പിന്നെ വിധിക്കെതിരെ പറയാനുള്ള സ്‌പേസ് ഇല്ലാതാകുമല്ലോ.

ചോ: റിവ്യൂ ഹരജി അനുവദിച്ചാലോ?

ഉ: വിധി മരവിപ്പിക്കും. കേസ് മെറിറ്റിൽ വീണ്ടും വാദം കേൾക്കും. എന്നിട്ട് യുവതികൾ കയറാം എന്നോ കയറരുത് എന്നോ വീണ്ടും വിധിക്കും.

ചോ: സംഘികൾ ട്രോൾ ഇറക്കിയിട്ടുണ്ടല്ലോ.

ഉ: അവർക്ക് ആകെ അറിയുന്നത് ഫോട്ടോഷോപ്പല്ലേ അതവർ ചെയ്തോട്ടെ. ഞാൻ പറയുന്നത് എന്റെ നിലപാടാണ്.

ചോ: മണ്ഡല കാലത്ത് യുവതികൾ കയറാൻ ആഹ്വാനം ചെയ്യുമോ?

ഉ: എന്തിന്! 1991 മുതൽ ഇതുവരെ 27 വർഷം കയറിയില്ലല്ലോ. 70 ദിവസം കൂടി കാക്കണോ അതോ നാട് കുടിച്ചോറാക്കാൻ നടക്കുന്ന വർഗ്ഗീയവാദികൾക്ക് അടിക്കാൻ വടിവെട്ടി കൊടുക്കണോ എന്നൊക്കെ അവനവൻ തീരുമാനിക്കട്ടെ.https://www.azhimukham.com/movies-yesudas-voice-first-recorded-today-57-years-back/

https://www.azhimukham.com/newsupdates-800-young-women-booked-darshan-sabarimala/

Next Story

Related Stories